
കൊച്ചി: ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യവുമായി നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ അമ്മ ശോഭന. കേസിൽ ഇന്ന് വിധി വരാനിരിക്കെയാണ് ശോഭനയുടെ നീക്കം. ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കും.
ഒരു ലക്ഷം രൂപയാണ് അക്കൗണ്ടിലുള്ളത്. ഈ പണം ദിലീപ് നൽകിയ ക്വട്ടേഷൻ തുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പെരുമ്പാവൂർ സ്വദേശി എൻ എസ് സുനിലെന്ന എന്ന പൾസർ സുനി.
2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ലൈംഗിക അതിക്രമത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസെന്ന പ്രത്യേകതയും ഇതിനുണ്ട്. നടൻ ദിലീപുൾപ്പെടെ 10 പ്രതികളാണ് കേസിലുള്ളത്.
സിനിമാ സെറ്റിലെ ഡ്രൈവറായിരുന്നു പൾസർ സുനി. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിന് ഒന്നരക്കോടി രൂപ ദിലീപ് വാഗ്ദാനം ചെയ്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. 2017 ജനുവരിയിൽ ഹണി ബീ-2ന്റെ ഗോവയിലെ സെറ്റിൽ ക്വട്ടേഷൻ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടി മടങ്ങിയതിനാൽ ശ്രമം വിജയിച്ചില്ല. ഫെബ്രുവരി രണ്ടാം വാരം നടി പ്രമോഷൻ സോംഗിനായി കൊച്ചിയിലെത്തുന്നതറിഞ്ഞ് പ്രതികൾ ഗൂഢാലോചന സജീവമാക്കുകയായിരുന്നു.
നടിയെ ആക്രമിച്ചതിന് ശേഷം സുനി പിടിയിലായി. എന്നാൽ കരാറനുസരിച്ച് പണം കിട്ടിയില്ലെന്നു പറഞ്ഞ് ദിലീപിനെ ഭീഷണിപ്പെടുത്താൻ സുനി പല ശ്രമങ്ങളും നടത്തി. സഹതടവുകാരുടെ കൈയിൽ കത്ത് കൊടുത്തു വിടുകയും ദിലീപിന്റെ വിശ്വസ്തരെ പിടികൂടുകയും ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |