
ന്യൂഡൽഹി: വീണ്ടും വിമാനസർവീസുകൾ പുനഃസ്ഥാപിച്ച് ഇൻഡിഗോ. 1650ലേറെ വിമാനസർവീസുകൾ ഇന്ന് നടത്തുമെന്ന് ഇൻഡിഗോ എയർലെെൻസ് അറിയിച്ചു. കഴിഞ്ഞദിവസം 1500 ലേറെ സർവീസുകൾ നടത്തിയിരുന്നു. ഡിസംബർ പത്താം തീയതിയോടെ പൂർണമായും സർവീസുകൾ സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും ഇൻഡിഗോ വ്യക്തമാക്കി.
'ഇൻഡിഗോയുടെ ഓൺടെെം പെർഫോമൻസ് ഇന്ന് 75 ശതമാനമാണ്. കഴിഞ്ഞ ദിവസം ഇത് 30 ശതമാനമായിരുന്നു. ഡിസംബർ 15വരെയുള്ള എല്ലാ ബുക്കിംഗുകളും റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുകയാണെങ്കിൽ പൂർണമായും ഇളവ് നൽകും. റീഫണ്ട് നടപടികളും ബാഗേജ് തിരികെനൽകാനുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കാനായി 24 മണിക്കൂറും ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്' -ഇൻഡിഗോ അധികൃതർ അറിയിച്ചു.
ഇൻഡിഗോ മൂലമുണ്ടായ യാത്ര തടസങ്ങൾ പരിഹരിക്കുന്നതിന് സിവിൽ ഏവിയേഷൻ മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച 706 വിമാനസർവീസുകൾ മാത്രമാണ് ഇൻഡിഗോ നടത്തിയത്. ശനിയാഴ്ച ഇത് 1565 ആയി. ഞായറാഴ്ച 1650ഓളം സർവീസുകൾ നടത്താനാകുമെന്നാണ് ഇൻഡിഗോയുടെ അവകാശവാദം. ദിവസവും ഏകദേശം 2300 വിമാനസർവീസുകളാണ് ഇൻഡിഗോയ്ക്കുള്ളത്.
അതിനിടെ, സർവീസ് തടസപ്പെട്ടതോടെ യാത്രക്കാർക്ക് തിരികെ നൽകാനുള്ള 610 കോടി രൂപ രൂപയും റീഫണ്ട് ഇൻഡിഗോ തിരിച്ച് നൽകി. കേന്ദ്ര സർക്കാർ അന്തിമ നിർദേശം നൽകിയതോടെയാണ് ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയത്. ഇതുവരെ യാത്രക്കാർക്ക് ആകെ 610 കോടി രൂപയുടെ റീഫണ്ട് അനുവദിച്ചതായും 3,000ത്തോളം ലഗേജുകൾ ഉടമകൾക്ക് കെെമാറിയതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |