
മുംബയ്: സംഗീത സംവിധായകൻ പലാഷ് മുഛലുമായുള്ള വിവാഹം നടക്കില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാന. ഇൻസ്റ്റഗ്രാം പോസ്‌റ്റിലൂടെയാണ് വിവാഹം റദ്ദാക്കിയതായി താരം തുറന്ന് പറഞ്ഞത്. വിവാഹം മാറ്റിവച്ചതിന് ശേഷമുള്ള താരത്തിന്റെ ആദ്യ പ്രതികരണമാണിത്. വിവാഹവുമായി ബന്ധപ്പെട്ട് ആഴ്‌ചകളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്.
'കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരിക്കുന്നുണ്ട്. ഈ സമയത്ത് ഞാൻ തുറന്നു സംസാരിക്കേണ്ടത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ വളരെ സ്വകാര്യമായി ജീവിതം നയിക്കുന്ന വ്യക്തിയാണ്. അത് അങ്ങനെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ വിവാഹം റദ്ദാക്കിയ കാര്യം എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്'- സ്‌മൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് സ്‌മൃതി മന്ദാനയും പലാഷ് മുഛലും 2025 നവംബർ 23ന് വിവാഹിതരാകാൻ സിശ്ചയിച്ചത്. വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്‌മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വിവാഹം അനിശ്ചിതകാലത്തേക്ക് മാറ്റിവയ്‌ക്കുകയാണെന്നാണ് ആദ്യം വാർത്തകൾ പുറത്ത് വന്നത്. പിന്നീട് പലാഷ് മുഛലിനെയും ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നു.
വിവാഹം താൽക്കാലികമായി മാത്രമാണ് മാറ്രിവച്ചിരിക്കുന്നതെന്നും ഉടൻ നടക്കുമെന്നുമായിരുന്നു ഇരു വിഭാഗങ്ങളിലെയും ബന്ധുക്കളുടെ ആദ്യ പ്രതികരണം. എന്നാൽ മന്ദാനയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്‌തതും വിവാഹനിശ്ചയ മോതിരമില്ലാതെ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതും ഇരുവർക്കും ഇടയിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |