മോസ്കോ: ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്. സി. ഒ) ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടന്ന കാർ യാത്രയിലെ സംഭാഷണം പുടിൻ വെളിപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അലാസ്കയിൽ നടന്ന ഉച്ചകോടിയിലെ ചർച്ചകളെക്കുറിച്ചാണ് താൻ മോദിയോട് സംസാരിച്ചതെന്ന് പുടിൻ അറിയിച്ചു.
എസ്.സി.ഒ ഉച്ചകോടി വേദിയിൽ നിന്ന് ഉഭയകക്ഷി ചർച്ചകൾക്കായി റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിലേക്ക് മോദിയും പുടിനും ഒരേ കാറിലാണ് യാത്ര ചെയ്തത്. ഈ യാത്രയ്ക്കിടെ ഇരുവരും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. എന്താണ് സംസാരിച്ചതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, "അലാസ്കയിലെ ചർച്ചകളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് സംസാരിച്ചു" എന്ന് പുടിൻ മറുപടി നൽകി.
യുക്രെയ്‌നിലെ സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപും, പുടിനും കഴിഞ്ഞ മാസം പകുതിയോടെ അലാസ്കയിൽ കൂടിക്കാഴ്ച നടത്തി. പുടിനുമായി സംഭാഷണം "ഉൾക്കാഴ്ച" നൽകിയതായി പിന്നീട് മോദി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കിയിരുന്നു.
റഷ്യൻ പ്രസിഡന്റിന്റെ ഔറസ് ലിമോസിൻ കാറിലായിരുന്നു ഇരുവരുടെയും യാത്ര. ഏകദേശം 45 മിനിറ്റോളം ഇവർ കാറിൽ സമയം ചെലവഴിക്കുകയും ചെയ്തു. യുക്രെയ്ൻ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കേണ്ടത് മാനുഷികമായ ആവശ്യമാണെന്നും മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള വഴികൾ കണ്ടെത്തണമെന്നും മോദി പുടിനോട് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനെച്ചൊല്ലി ഇന്ത്യക്ക് അമേരിക്ക അധിക തീരുവയും പിഴയും ചുമത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ സംഭവിച്ചു. ഈ സാഹചര്യത്തിലാണ് മൂന്ന് നേതാക്കളും തമ്മിലുള്ള ഈ നിർണ്ണായക കൂടിക്കാഴ്ച നടന്നതെന്നതും ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |