SignIn
Kerala Kaumudi Online
Thursday, 19 February 2026 8.55 AM IST

നവാൽനിയുടെ മരണം: യൂറോപ്യൻ രാജ്യങ്ങളെ തള്ളി റഷ്യ

Increase Font Size Decrease Font Size Print Page
pic

മോസ്കോ: റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണം മാരക തവള വിഷം ഉള്ളിലെത്തിയാണെന്ന യൂറോപ്യൻ രാജ്യങ്ങളുടെ ആരോപണം തള്ളി റഷ്യ. നവാൽനിയുടെ മരണത്തിന് പിന്നിൽ റഷ്യൻ ഭരണകൂടം ആണെന്ന് വാദിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ, തെളിവുകൾ ഉണ്ടെങ്കിൽ പുറത്തുവിടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മറിയ സഖറോവ പ്രതികരിച്ചു.

തെക്കേ അമേരിക്കൻ കാടുകളിൽ ജീവിക്കുന്ന പോയിസൺ ഡാർട്ട് ഫ്രോഗിൽ കാണപ്പെടുന്ന നാഡീവ്യൂഹത്തെ തളർത്താൻ ശേഷിയുള്ള 'എപിബാറ്റിഡീൻ" എന്ന വിഷവസ്തു നവാൽനിയുടെ ഉള്ളിലെത്തിയെന്ന് യു.കെ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ കഴിഞ്ഞയാഴ്ചയാണ് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചത്.

നവാൽനിയുടെ ശരീരത്തിൽ നിന്ന് രഹസ്യമായി ശേഖരിച്ച സാമ്പിളുകൾ വിദേശ ലബോറട്ടറികളിൽ പരിശോധിച്ചെന്നും വിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും അദ്ദേഹത്തിന്റെ ഭാര്യ യൂലിയയും അവകാശപ്പെട്ടിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അറിവോടെ നവാൽനിയെ ഇല്ലാതാക്കിയെന്നാണ് യൂലിയയുടെ ആരോപണം. അതേ സമയം, എപ്‌സ്റ്റീൻ ഫയൽ വിവാദങ്ങളെ മറയ്ക്കാനുള്ള നീക്കമാണ് യൂറോപ്യൻ രാജ്യങ്ങളുടേതെന്ന് റഷ്യ കുറ്റപ്പെടുത്തി.

2024 ഫെബ്രുവരി 16നാണ് പുട്ടിന്റെ കടുത്ത വിമർശകനായിരുന്ന നവാൽനി (47)​ ആർട്ടിക് മേഖലയിലെ ജയിലിൽ മരണമടഞ്ഞത്. ബോധരഹിതനായി വീണ നവാൽനി മെഡിക്കൽ സംഘമെത്തിയപ്പോഴേക്കും മരിച്ചു. തീവ്രവാദം, വഞ്ചന,​ അഴിമതിയടക്കമുള്ള വിവിധ കേസുകളിലായി 30 വർഷം തടവാണ് 2021 മുതൽ ജയിലിൽ കഴിഞ്ഞ നവാൽനിക്ക് മേൽ ചുമത്തിയിരുന്നത്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY