
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നോവ്ഗൊറോഡ് മേഖലയിലെ സ്റ്റേറ്റ് വസതിക്കുനേരെ യുക്രെയിൻ ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ വീഡിയോ പുറത്തുവിട്ട് റഷ്യ. ഒരു ഡ്രോണിനെ വെടിവച്ച് വീഴ്‌ത്തുന്നതിന്റെ ദൃശ്യങ്ങളാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്.
രാത്രിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മഞ്ഞുമൂടിയ ഒരു കാട്ടിൽ ഒരു തകർന്ന ഡ്രോൺ കിടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആസൂത്രിതമായ ആക്രമണമാണെന്നാണ് റഷ്യയുടെ ആരോപണം. സംഭവത്തെ "ഭീകരാക്രമണം" എന്നും പുടിനെതിരായ "വ്യക്തിപരമായ ആക്രമണം" എന്നുമാണ് റഷ്യ ആരോപിച്ചത്. ഡിസംബർ 28ന് വൈകുന്നേരം ഏഴുമണിയോടെയാണ് ആക്രമണം ആരംഭിച്ചത്. പുടിന്റെ വസതിക്കുനേരെ കൂട്ട ഡ്രോൺ വിക്ഷേപണം നടത്തുകയായിരുന്നു. എന്നാൽ റഷ്യൻ പ്രസിഡന്റിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
എന്നാൽ ആരോപണം കള്ളമാണെന്നും സമാധാന ചർച്ചകളെ തടസപ്പെടുത്താൻ കെട്ടിച്ചമച്ചതാണെന്നുമാണ് യുക്രെയിൻ പ്രതികരിച്ചത്. സമാധാന ശ്രമങ്ങളെ തടയാനുള്ള ശ്രമമാണെന്ന് യൂറോപ്യൻ യൂണിയനും ആരോപിച്ചിരുന്നു. ഇപ്പോഴിതാ പുട്ടിനെയോ അദ്ദേഹത്തിന്റെ ഏതെങ്കിലും വസതികളെയോ ലക്ഷ്യമിട്ട് യുക്രെയിൻ ആക്രമണം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് യുഎസ് ദേശീയ സുരക്ഷാ ഏജൻസിയും രംഗത്തെത്തിയിരിക്കുകയാണ്. പുട്ടിനെതിരെ ആക്രമണശ്രമം നടന്നതിന് തെളിവില്ലെന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസി നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവർ വ്യക്തമാക്കിയത്. ആക്രമണം നടന്നോ എന്ന ചോദ്യം ഉന്നയിച്ച് മാദ്ധ്യമവാർത്ത പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യയുടെ ആരോപണം തള്ളിക്കളഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |