
ചണ്ഡീഗഡ്: പതിനൊന്നാമത്തെ പ്രസവത്തിൽ ആൺകുഞ്ഞിന് ജന്മം നൽകി മുപ്പത്തിയേഴുകാരി. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഉച്ചാന പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രസവം നടന്നത്.
ദിവസവേതനക്കാരനായ സഞ്ജയ് കുമാറാണ് യുവതിയുടെ ഭർത്താവ്. 19 വർഷം മുമ്പായിരുന്നു വിവാഹം. ആൺ കുഞ്ഞിനെ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു ദമ്പതികൾ. പത്ത് പ്രസവത്തിലും പെൺകുഞ്ഞുങ്ങളായിരുന്നു. മുപ്പത്തിയേഴാമത്തെ വയസിലെ പതിനൊന്നാമത്തെ പ്രസവം ഏറെ അപകടം നിറഞ്ഞതായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നു.
ജനുവരി മൂന്നിനാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം പ്രസവിച്ചു. പ്രസവസമയത്ത് മൂന്ന് യൂണിറ്റ് രക്തം നൽകേണ്ടിവന്നുവെന്ന് ഡോക്ടർമാർ പറയുന്നു. 'ഒരു ആൺകുട്ടി വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു, എന്റെ പെൺമക്കൾക്കും ഒരു സഹോദരൻ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ കുറഞ്ഞ വരുമാനത്തിൽ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ ഞാൻ ശ്രമിക്കുന്നു. സംഭവിച്ചതെല്ലാം ദൈവഹിതമായിരുന്നു, അതിൽ ഞാൻ സന്തുഷ്ടനാണ്'- മുപ്പത്തിയെട്ടുകാരനായ സഞ്ജയ് വ്യക്തമാക്കി.
യുവതിയുടെ പതിനൊന്നാമത്തെ പ്രസവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. പുരുഷാധിപത്യ മനോഭാവങ്ങളെയും ലിംഗ പക്ഷപാതത്തെയും കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാൽ പുരുഷാധിപത്യമല്ലെന്ന് സഞ്ജയ് പറയുന്നു. 'ഇക്കാലത്ത് പെൺകുട്ടികൾക്ക് എന്തും നേടാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, അവർ വിവിധ മേഖലകളിൽ അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്.'- അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |