
സിഡോൺ:ലബനാന്റെ ദക്ഷിണ,കിഴക്കൻ മേഖലകളിൽ ഇസ്രയേൽ ആക്രമണം.ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ച ഒരു മണിയോടെ നടന്ന ആക്രമണത്തിൽ ദക്ഷിണ ലബനാനിലെ തീരദേശ നഗരമായ സിഡോണിലെ മൂന്നുനില വാണിജ്യ കെട്ടിടം തകർന്നു.ഇസ്രയേലിനോട് അതിർത്തി പങ്കിടുന്ന മേഖലകളിൽ ഹിസ്ബുല്ലയെ നിരായുധീകരിക്കുന്നത് സംബന്ധിച്ച് ലബനാൻ സൈനിക കമാൻഡർ സർക്കാറിനെ അറിയിക്കാനിരിക്കെയാണ് ആക്രമണം.സംഘർഷങ്ങൾ അവസാനിപ്പിക്കാനും ഹിസ്ബുല്ലക്ക് സ്വാധീനമുള്ള മേഖലകളിലേക്ക് സർക്കാറിന്റെ അധികാരം വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ് ആക്രമണമെന്ന് ലബനാൻ പ്രസിഡന്റെ ജോസഫ് ഔൻ കുറ്റപ്പെടുത്തി.വർക്ക് ഷോപ്പുകളും മറ്റുമുള്ള വാണിജ്യ മേഖലയിൽ നടന്ന ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരാൾക്ക് പരിക്കേറ്റതായാണ് വിവരം.ഹിസ്ബുല്ലയുടെയും ഹമാസിന്റെയും ആയുധ ശേഖരങ്ങളും അവരുടെ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്നും അത് സിവിലിയൻ മേഖലയല്ലെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |