
ഹംഗറി: സിനിമയെ ദാർശനിക തലത്തിലേക്കുയർത്തി ലോകസിനിമയിലെ ഹംഗേറിയൻ ഇതിഹാസ സംവിധായകനായ ബേലാ താറിന് (70) വിട. യൂറോപ്യൻ സിനിമയെ വാനോളം ഉയർത്തിയ പ്രതിഭ.ഏറെ നാളായി അസുഖ ബാധിതനായിരുന്നു. സംവിധായകൻ ബെൻസ് ഫ്‌ളീഗൗഫ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. 1979 മുതൽ 2011 വരെ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ ഒൻപത് ഫീച്ചർ ചിത്രങ്ങൾ സംവിധാനംചെയ്‌തു. ഫാമിലി നെസ്റ്റ് ആണ് ആദ്യ ചിത്രം. ദ ടൂറിൻ ഹോഴ്സ് ആണ് അവസാനം പുറത്തിറങ്ങിയത്. ഡോക്യുമെന്ററികളും ടെലിവിഷൻ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനംചെയ്തിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി. 'സ്ലോ സിനിമ' പ്രസ്ഥാനത്തിന്റെ വഴികാട്ടിയായിരുന്നു താർ. കുറഞ്ഞ സംഭാഷണങ്ങൾ, പരമ്പരാഗത ആഖ്യാന ഘടനയുടെ അഭാവം എന്നിവയാൽ അടയാളപ്പെടുത്തിയ ശൈലി. നിരാശ, സാമൂഹിക അപചയം, അസ്തിത്വപരമായ ഒറ്റപ്പെടൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഹിപ്‌നോട്ടിക് ബ്ലാക്ക് ആൻഡ് വൈറ്റ് ഇമേജറികളിലാണ് അദ്ദേഹത്തിന്റെ സിനിമകൾ പലപ്പോഴും വികസിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും ദൈർഘ്യമേറിയതും പ്രശസ്തവുമായ ചിത്രമായ സാറ്റാൻടാങ്കോ ഏഴ് മണിക്കൂറിലധികം ദൈർഘ്യമുള്ളതും കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്കു ശേഷമുള്ള ഒരു ഹംഗേറിയൻ ഗ്രാമത്തിലെ ജീവിതത്തെ ചിത്രീകരിക്കുന്നതുമാണ്. ഈ ചിത്രം അദ്ദേഹത്തിന്റെ മാസ്റ്റർപീസായി കണക്കാക്കുന്നു. 16 -ാം വയസിൽ സിനിമാ ലോകത്ത്. 1977ൽ, ഫാമിലി നെസ്റ്റിലൂടെയാണ് സംവിധായകനാകുന്നത്. താർ സ്വയം ഒരു 'തീവ്ര ഇടതുപക്ഷ അരാജകവാദി' എന്ന് പരസ്യമായി വിശേഷിപ്പിച്ചു.
2022-ലെ 27-ാമത് ഐ.എഫ്.എഫ്.കെയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചു.
അത്തവണ ബേലാ താറിന്റെ ആറുചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിരുന്നു. അന്ന് ബേലാ താറിനെ കൊണ്ടുവന്നത് ഇടതുപക്ഷ സർക്കാർ വലിയ നേട്ടമായാണ് കണ്ടത്. എന്നാൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേ കമ്മ്യൂണിസ്റ്റ് ഭരണത്തെ അദ്ദേഹം വിമർശിച്ചത് വൻ വിവാദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |