മെക്സിക്കോ സിറ്റി : മെക്സിക്കോയിൽ മയക്കുമരുന്ന് മാഫിയകളുമായി ചുറ്റിപ്പറ്റിയുള്ള എട്ട് കൊലപാതകങ്ങളിൽ ബന്ധമുണ്ടെന്ന് കരുതുന്ന 14കാരൻ അറസ്റ്റിൽ. കുട്ടിയുടെ യഥാർത്ഥ പേര് വ്യക്തമല്ലെങ്കിലും ' എൽ ചാപിറ്റോ " എന്ന പേരിലാണ് അറിയപ്പെടുന്നതെന്നാണ് വിവരം.
കുപ്രസിദ്ധ മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയ തലവനായ വാകീൻ ഗുസ്മാൻ അഥവാ ' എൽ ചാപ്പോ' യിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണത്രെ കുട്ടിയ്ക്ക് ഇങ്ങനെയൊരു പേര് ലഭിച്ചത്. കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും മയക്കുമരുന്ന് മാഫിയ സംഘമായ സിനലോവ കാർട്ടലിന്റെ സ്ഥാപകനുമായ എൽ ചാപ്പോ നിലവിൽ അമേരിക്കയിലെ കൊളറാഡോയിലെ ഫെഡറൽ ജയിലിൽ ജീവപര്യന്തം തടവിലാണ്.
മെക്സിക്കോ സിറ്റിക്ക് സമീപത്ത് നിന്നാണ് എൽ ചാപിറ്റോയെ പിടികൂടിയതെന്ന് ഫെഡറൽ പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് പറയുന്നു. ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം.
ചിമാൽവകാൻ പട്ടണത്തിന് സമീപം ജന്മദിന പാർട്ടി നടന്ന ഒരു വീട്ടിലേക്ക് മോട്ടോർ സൈക്കിളിലെത്തിയ എൽ ചാപിറ്റോയും മറ്റാരാളും അവിടെയുണ്ടായിരുന്നവർക്ക് നേരെ വെടിവയ്പ് നടത്തി. എട്ട് പേർ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു. എൽ ചാപിറ്റോയ്ക്ക് പുറമേ വെടിവയ്പ് നടത്തിയ രണ്ടാമനും മറ്റ് ഏഴ് മയക്കുമരുന്ന് സംഘാംഗങ്ങളും പിടിയിലായി. വെടിവയ്പിന് പിന്നിലെ കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |