ധാക്ക : ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റായി മുഹമ്മദ് ഷഹാബുദ്ദീൻ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെയും കാബിനറ്റ് അംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ സ്പീക്കർ ഷിറിൻ ഷർമീൻ ചൗധരി സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ പ്രസിഡന്റ് അബ്ദുൾ ഹമീദിന്റെ കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഭരണപക്ഷമായ അവാമി ലീഗിന്റെ സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് 73കാരനായ ഷഹാബുദ്ദീൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മുൻ ജില്ലാ ജഡ്ജിയായ അദ്ദേഹം സ്വതന്ത്ര അഴിമതി വിരുദ്ധ കമ്മിഷനിലെ കമ്മിഷണർമാരിൽ ഒരാളായിരുന്നു. അവാമി ലീഗിന്റെ ഉപദേശക സമിതിയിൽ പ്രവർത്തിച്ച അദ്ദേഹം സ്വാതന്ത്ര്യ സമരങ്ങളിലും പങ്കെടുത്തിരുന്നു. 1982ലാണ് ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചത്. മുൻ സർക്കാർ ജോയിന്റ് സെക്രട്ടറി റെബേക്ക സുൽത്താനയാണ് ഭാര്യ. ഒരു മകനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |