മോസ്കോ: യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ മദ്ധ്യസ്ഥ വഹിക്കുന്നതിനിടെയാണ് പുട്ടിന്റെ നീക്കം. 15ന് ഇസ്താംബുളിൽ വച്ച് യുക്രെയ്നുമായി നേരിട്ട് ചർച്ച നടത്താമെന്നാണ് പുട്ടിൻ അറിയിച്ചിരിക്കുന്നത്. ശാശ്വതമായ സമാധാനം ഉണ്ടാക്കുകയും യുദ്ധത്തിന്റെ മൂലകാരണങ്ങൾ ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചർച്ചയെന്നും പുട്ടിൻ ശനിയാഴ്ച രാത്രി വൈകി നടത്തിയ ടെലിവിഷൻ അഭിസംബോധനയിൽ വ്യക്തമാക്കി. 2022ൽ മദ്ധ്യസ്ഥ ചർച്ചകൾ അവസാനിപ്പിച്ചത് റഷ്യയല്ല, യുക്രെയിനായിരുന്നു. എന്നാലും മൂന്നുപാധികളില്ലാതെ യുക്രെയ്ൻ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്നാണ് ഞങ്ങളുടെ നിർദ്ദേശം. ഇസ്താംബുളിലെ സമാധാനചർച്ചകൾ പുനരാരംഭിക്കാമെന്ന് യുക്രെയ്ന് വാഗ്ദാനം നൽകുന്നു. ഇനി തീരുമാനം യുക്രെയ്ൻ അധികാരികളുടേതാണ്. എന്നാൽ, അവരുടെ വ്യക്തിപരമായ രാഷ്ട്രീയാഭിലാഷങ്ങളാണ് അവരെ നയിക്കുന്നതെന്നും മറിച്ച് ജനങ്ങളുടെ താത്പര്യമല്ലെന്നും പുട്ടിൻ പറഞ്ഞു. അതേസമയം,യൂറോപ്യൻ യൂണിയൻ നേതാക്കൾ യുക്രെയ്ൻ സന്ദർശിച്ചതിന് പിന്നാലെയാണ് പുട്ടിൻ തീരുമാനം പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുക്രെയ്ൻ സന്ദർശിച്ച് വെടിനിറുത്തൽ കരാറിന് റഷ്യ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സ്വാഗതം ചെയ്ത് സെലെൻസ്കി
പുട്ടിൻ മുന്നോട്ട് വച്ച നിർദ്ദേശം യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി സ്വാഗതം ചെയ്തു. റഷ്യയുമായി നേരിട്ടുള്ള ചർച്ചകൾക്ക് യുക്രെയ്ൻ തയാറാണെന്നും പക്ഷേ, ആദ്യം നിരുപാധികമായ വെടിനിറുത്തലിൽ മോസ്കോ ഒപ്പുവയ്ക്കണമെന്നും സെലെൻസ്‌കി പറഞ്ഞു. 12 മുതൽ റഷ്യ സമ്പൂർണവും വിശ്വസനീയവുമായ വെടിനിറുത്തൽ സ്ഥിരീകരിച്ചാലേ കൂടിക്കാഴ്ചയ്ക്ക് തയ്യറാവൂയെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. യുക്രെയിൻ, റഷ്യൻ പ്രതിനിധികൾ 15ന് ഇസ്താംബൂളിൽ കൂടിക്കാഴ്ച നടത്തണമെന്ന പുട്ടിന്റെ നിർദ്ദേശത്തിന് സെലൻസ്കിയുടെ ചീഫ് ഒഫ് സ്റ്റാഫ് ആൻഡ്രി യെർമാക് ടെലിഗ്രാം പോസ്റ്റിലും മറുപടി വ്യക്തമാക്കി. ‘ആദ്യം 30 ദിവസത്തെ വെടിനിറുത്തൽ, പിന്നെ മറ്റെല്ലാം’. ശനിയാഴ്ച ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കൾ കീവിലേക്ക് നടത്തിയ സന്ദർശനത്തിനിടെ 30 ദിവസത്തെ വെടിനിറുത്തൽ ആവശ്യം ഉന്നയിച്ചിരുന്നു. ഇവർ സെലെൻസ്‌കിയുമായി ചേർന്ന് സംയുക്ത പത്രസമ്മേളനം നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ഫോണിൽ വിളിക്കുകയും ചെയ്തു.
മൂന്ന് ദിവസത്തെ
വെടിനിറുത്തൽ
ശനിയാഴ്ച അവസാനിച്ച മൂന്ന് ദിവസത്തെ വെടിനിറുത്തൽ കരാർ യുക്രെയ്ൻ 14,000ത്തിലധികം തവണ ലംഘിച്ചുവെന്നും റഷ്യയുടെ തെക്കൻ അതിർത്തി ലംഘിക്കാൻ കൈവിന്റെ സൈന്യം അഞ്ച് തവണ ശ്രമിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച ആരോപിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തെ അനുസ്മരണ വേളയിൽ നടത്തിയ റഷ്യ പ്രഖ്യാപിച്ച വെടിനിറുത്തൽ ലംഘിച്ചതായി റഷ്യയും യുക്രെയ്‌നും പരസ്പരം ആരോപിച്ചു.
കഴിഞ്ഞ ദിവസം റഷ്യ ഡസൻ കണക്കിന് വ്യോമാക്രമണങ്ങളും ആയിരക്കണക്കിന് റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങളും നടത്തിയതായി യുക്രെയിൻ സൈന്യം ആരോപിച്ചു.
കഴിഞ്ഞ ദിവസം പടിഞ്ഞാറൻ റഷ്യൻ മേഖലയായ ബെൽഗൊറോഡിൽ യുക്രെയ്നിയൻ സൈന്യം നൂറിലധികം ആക്രമണങ്ങൾ നടത്തി.
സപോരിഷിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന തെക്കൻ യുക്രെയ്‌നിലെ വാസിലിവ്ക പ്രദേശത്ത് റഷ്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി പ്രാദേശിക സൈനിക ഭരണകൂടം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |