ധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ച് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ. കഴിഞ്ഞ വർഷം ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനയ്ക്കെതിരായി എടുത്ത കേസുകളിൽ വിധി വരാനിരിക്കെയാണിത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2024 ജൂലായിൽ നടന്ന പ്രക്ഷോഭത്തിനിടെ 1,400 പേർ മരിച്ചിരുന്നു. പ്രക്ഷോഭത്തെ പട്ടാളത്തെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ വിചാരണ നടന്നത്. ഹസീനയ്ക്കെതിരെ ധാക്ക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിൽ രാഷ്ട്രീയ അഭയത്തിൽ തുടരുകയാണ്. രാഷ്ട്രീയ പാർട്ടികളെയും അവയുടെ അനുബന്ധ സ്ഥാപനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ അധികാരികളെ അനുവദിക്കുന്ന രാജ്യത്തെ കുറ്റകൃത്യ ട്രൈബ്യൂണൽ നിയമത്തിൽ ഭേദഗതി വരുത്താനും ഇടക്കാല സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഭരണകൂടത്തിന്റെ നീക്കത്തെ അവാമി ലീഗ് തള്ളി. ഇടക്കാല സർക്കാരിന്റെ നീക്കത്തെ നിയമവിരുദ്ധമെന്നാണ് അവാമി ലീഗ് വിശേഷിപ്പിച്ചത്. ഹസീനയുടെ പാർട്ടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ധാക്കയിൽ പ്രതിഷേധ സമരം നടന്നിരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് മുഹമ്മദ് യൂനുസിന്റെ വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനു പിന്നാലെയാണ് അവാമി ലീഗിന് നിരോധനം ഏർപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |