ഇസ്ലാമാബാദ് : പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഇന്ത്യൻ വ്യോമാതിർത്തി കടന്നതായി റിപ്പോർട്ട്. ഏകദേശം 10 മിനിറ്റോളം നേരം വിമാനം ഇന്ത്യൻ വ്യോമപരിധിയിൽ തുടർന്നു. വ്യാഴാഴ്ചയാണ് സംഭവം. മസ്കറ്റിൽ നിന്ന് പുറപ്പെട്ട പി.കെ 248 വിമാനം രാത്രി 8 മണിയോടെ ലാഹോറിലെ അല്ലമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കവെയായിരുന്നു ഇത്.
അതിശക്തമായ മഴയ്ക്കിടെ ബോയിംഗ് 777 വിമാനത്തെ ലാൻഡ് ചെയ്യാൻ പൈലറ്റ് ശ്രമിച്ചെങ്കിലും ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് എയർട്രാഫിക് കൺട്രോളറിന്റെ നിർദ്ദേശപ്രകാരം ആകാശത്ത് വട്ടംചുറ്റുന്നതിനിടെ വിമാനത്തിന് വഴിതെറ്റി. സമുദ്രനിരപ്പിൽ നിന്ന് 13,500 അടി ഉയരത്തിൽ മണിക്കൂറിൽ 292 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച വിമാനം 8.11ന് ബന്ദാന പൊലീസ് സ്റ്റേഷൻ മേഖലയിലൂടെ ഇന്ത്യൻ വ്യോമപരിധിയിൽ പ്രവേശിച്ചു.
പഞ്ചാബിലെ തരൺ സാഹിബ് മേഖലയിൽ 40 കിലോമീറ്ററോളം സഞ്ചരിച്ച വിമാനം നൗഷേര പന്നുവാൻ ഗ്രാമത്തിലൂടെ തിരികെ പാകിസ്ഥാനിലേക്ക് പ്രവേശിച്ചു. ഇന്ത്യൻ വ്യോമപരിധിയിൽ 20,000 അടി ഉയരത്തിൽ ഏഴ് മിനിറ്റോളമാണ് വിമാനം പറന്നത്.
ഇതിനിടെ വിമാനം വീണ്ടും വ്യോമപരിധി കടന്ന് ഇന്ത്യയിലെ പഞ്ചാബിലേക്ക് കടക്കുകയും മൂന്ന് മിനിറ്റ് കഴിഞ്ഞ് 8.22ന് തിരികെ പാകിസ്ഥാനിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ത്യൻ വ്യോമപാതയിൽ ആകെ 120 കിലോമീറ്ററാണ് വിമാനം സഞ്ചരിച്ചത്. ഒടുവിൽ മുൾട്ടാനിലെ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |