റോം : ഇറ്റാലിയൻ നഗരമായ വെനീസിന്റെ പേര് കേൾക്കുമ്പോൾ തന്നെ അതിമനോഹരമായ കനാലുകളാണ് ഓർമ്മ വരിക. നഗരത്തിന്റെ മനോഹര കാഴ്ചകൾ ആസ്വദിക്കാൻ കനാലുകളിലൂടെയുള്ള യാത്രയ്ക്കായി നൂറുകണക്കിന് സഞ്ചാരികളാണ് വെനീസിൽ ദിനംപ്രതി എത്തുന്നത്. വെനീസിലെ കനാലുകളിലൂടെ അലസമായി ഒഴുകുന്ന ' ഗൊണ്ടോള " എന്നറിയപ്പെടുന്ന വള്ളങ്ങൾ ഏറെ പ്രശസ്തമാണ്. വെനീസിലെ അതിശയിപ്പിക്കുന്ന മദ്ധ്യകാലഘട്ട വാസ്തുവിദ്യ വിളിച്ചോതുന്ന കെട്ടിടങ്ങളും പാലങ്ങളും കണ്ടുകൊണ്ടുള്ള ഗൊണ്ടോള യാത്രയില്ലെങ്കിൽ സഞ്ചാരികൾക്ക് തൃപ്തി വരാറില്ല. എന്നാൽ അസാധാരണമായ ഒരു കാഴ്ചയ്ക്കാണ് വെനീസ് നിവാസികൾ ഇന്നലെ സാക്ഷിയായത്. ഗ്രാൻഡ് കനാലിൽ റിയാൽറ്റോ പാലത്തിന് ചുറ്റുമുള്ള ജലത്തിന്റെ ഒരു ഭാഗം ഫ്ലൂറസെന്റ് പച്ച നിറമായിരിക്കുന്നു. വിവരം അറിഞ്ഞ പ്രാദേശിക ഭരണകൂടം ഉടൻ തന്നെ വെള്ളത്തിന്റെ സാമ്പിൾ ശേരിച്ച് പരിശോധനയ്ക്കയച്ചു. കാലാവസ്ഥാ ആക്ടിവിസ്റ്റുകൾ വെള്ളത്തിൽ നിറം കലർത്തിയതാണോ എന്നാണ് പ്രധാന സംശയം. അടുത്തിടെയായി ഇറ്റലിയിലെ ചരിത്ര പ്രധാന്യമുള്ള വാട്ടർ ഫൗണ്ടനുകളിലും മറ്റും ആക്ടിവിസ്റ്റുകൾ കറുപ്പ് നിറം കലർത്തിയിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളത്തിന് നിറം മാറ്റമുണ്ടായെങ്കിലും കനാലിലെ ഗൊണ്ടോള സർവീസുകൾ മുടങ്ങിയില്ല. 1968ൽ വെനീസ് ബിനാലെയിൽ പങ്കെടുക്കാനെത്തിയ നിക്കോളാസ് ഗാർഷ്യ എന്ന അർജന്റൈൻ കലാകാരൻ വെനീസിലെ ഗ്രാൻഡ് കനാലിൽ ഓർഗാനിക് സംയുക്തമായ ഫ്ലൂറസീൻ ഉപയോഗിച്ച് പച്ച നിറമാക്കിയിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |