ടെൽ അവീവ്: ഗാസയിൽ സ്ഥിതിഗതികൾ അനുദിനം വഷളാകുന്ന സാഹചര്യത്തിൽ യു.എൻ സുരക്ഷാ സമിതി അംഗങ്ങളുടെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്. ഗാസയിൽ വെടിനിറുത്തലിനുള്ള പ്രമേയം സുരക്ഷാ സമിതിയിൽ ഇതുവരെ പാസാക്കാൻ കഴിയാത്ത സാഹചര്യത്തിൽ യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 അധികാരം പ്രയോഗിച്ചാണ് ഗുട്ടറെസിന്റെ നീക്കം.
പദവി ഏറ്റെടുത്ത ശേഷം ഗുട്ടറെസ് ആദ്യമായാണ് ആർട്ടിക്കിൾ 99 പ്രയോഗിക്കുന്നത്. യുദ്ധം പോലെ അന്താരാഷ്ട്ര സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയായേക്കാവുന്ന അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷാ കൗൺസിലിന്റെ ഇടപെടൽ ആവശ്യപ്പെടാനുള്ള വകുപ്പാണ് ആർട്ടിക്കിൾ 99.
ഗാസയിലെ സ്ഥിതിഗതികൾ വൻ ദുരന്തത്തിൽ കലാശിക്കുന്നത് എന്തുവിലകൊടുത്തും തടയണമെന്നും ഗുട്ടറെസ് ആവശ്യപ്പെട്ടു. ഗുട്ടറെസിന്റെ നീക്കത്തിന് പിന്നാലെ ഗാസയിൽ മാനുഷിക വെടിനിറുത്തൽ ആവശ്യപ്പെട്ട് യു.എ.ഇ പുതിയ കരട് പ്രമേയം സമിതിയിൽ സമർപ്പിച്ചു. പ്രമേയം ഇന്ന് വോട്ടിനിട്ടേക്കും.
അതേ സമയം, ഗുട്ടറെസിനെതിരെ ഇസ്രയേൽ രംഗത്തെത്തി. ഗുട്ടറെസിന്റെ അധികാര കാലം ലോകസമാധാനത്തിന് ഭീഷണിയാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹൻ പറഞ്ഞു.
അതേ സമയം, വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ - ഹമാസ് പോരാട്ടം രൂക്ഷമായി. ഏകദേശം 1,00,000 സാധാരണക്കാർ ക്യാമ്പിനുള്ളിൽ മതിയായ ഭക്ഷണവും ചികിത്സയുമില്ലാതെ കുടുങ്ങിക്കിടക്കുന്നുണ്ട്. താത്കാലിക വെടിനിറുത്തൽ അവസാനിച്ച ശേഷം ഇവിടേക്ക് മാനുഷിക സഹായങ്ങളൊന്നും തന്നെ എത്തിയിട്ടില്ല.ഗാസയിലെ മരണം 17,170 കടന്നു
ഗാസയിലെ മരണം 17,170 കടന്നു
24 മണിക്കൂറിനിടെ 350 മരണം
തെക്കൻ ഗാസയിലെ റാഫയിലും ഖാൻ യൂനിസിലും ആക്രമണം ശക്തം
ലെബനനിൽ നിന്നുള്ള ഹിസ്ബുള്ള മിസൈലാക്രമണത്തിൽ ഇസ്രയേലിൽ ഒരാൾ കൊല്ലപ്പെട്ടു
സിനാവറിനെരികെ ഇസ്രയേൽ
ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ യഹ്യാ സിനാവറിനെ ഉടൻ വലയിലാക്കുമെന്ന് ഇസ്രയേൽ. ഇയാളുടെ ഗാസയിലെ വസതി സൈന്യം വളഞ്ഞു. അജ്ഞാത കേന്ദ്രത്തിൽ ഒളിവിലുള്ള യഹ്യയെ അധികം വൈകാതെ പിടികൂടുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇയാൾ ഖാൻ യൂനിസിലുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. 61കാരനായ യഹ്യ 2017 മുതൽ ഗാസ മുനമ്പിലെ ഹമാസ് തലവനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |