ടെൽ അവീവ്: ഇസ്രയേൽ വ്യോമാക്രമണങ്ങൾ അഭയാർത്ഥി ക്യാമ്പുകളെ തകർത്തെറിയുന്നതിനിടെ മദ്ധ്യഗാസയിൽ നിന്ന് പലായനം ചെയ്ത് 1,50,000 ത്തിലേറെ പാലസ്തീനികൾ. നുസൈറത്ത്, മഘാസി ക്യാമ്പുകളിലുണ്ടായ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. ബുറെയ്ജ് ക്യാമ്പിന്റെ കിഴക്കൻ മേഖലയിൽ ഇസ്രയേൽ ടാങ്കുകൾ നിലയുറപ്പിച്ചു.
തെക്കൻ ഗാസയിലെ കുവൈറ്റി ഹോസ്പിറ്റലിന് സമീപം ജനവാസ കെട്ടിടത്തിലുണ്ടായ ആക്രമണത്തിൽ 20 പേരും കൊല്ലപ്പെട്ടു. അതിനിടെ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ അൽ - അമാൽ ആശുപത്രിക്ക് നേരെ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി.
24 മണിക്കൂറിനിടെ 190ഓളം പേർ കൊല്ലപ്പെട്ടതോടെ ഗാസയിലെ ആകെ മരണസംഖ്യ 21,500 പിന്നിട്ടു. 8,000 ത്തിലേറെ പേരെ കാണാനില്ലെന്നും 7,000 ത്തോളം പേർ ഗാസയിലുടനീളം കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഹമാസ് പറയുന്നു. ഗാസ സിറ്റിയിലും വടക്കൻ ഗാസയിലുമായി ഏകദേശം 8,00,000 പേർ ചികിത്സ ലഭിക്കാതെ നരകയാതന അനുഭവിക്കുന്നു.
ഇതിനിടെ, സംഘർഷം അവസാനിപ്പിക്കാൻ മൂന്ന് ഘട്ടങ്ങളുള്ള ഒരു സമവായ നിർദ്ദേശം മുന്നോട്ടുവച്ചതായി ഹമാസിനും ഇസ്രയേലിനും ഇടയിൽ മദ്ധ്യസ്ഥത വഹിക്കുന്ന ഈജിപ്റ്റ് അറിയിച്ചു. നിർദ്ദേശം ചർച്ച ചെയ്യാൻ ഹമാസ് പ്രതിനിധികൾ ഈജിപ്റ്റിന്റെ തലസ്ഥാനമായ കയ്റോയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |