ബാങ്കോക്ക്: രാജവാഴ്ചയെ വിമർശിച്ചതിന് തായ്‌ലൻഡിൽ 30കാരന് 50 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. മഹാ വജിറലോംഗ്കോൺ രാജാവിനെയും കുടുംബത്തെയും വിമർശിച്ചതിന് രാജ്യത്ത് ഒരാൾക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ തടവാണിത്.
മുൻ ജനാധിപത്യ അനുകൂല പ്രവർത്തകനായ മോങ്കോൾ തിരക്കോട്ടിനാണ് വടക്കൻ നഗരമായ ചിയാംഗ് റായിയിലെ അപ്പീൽ കോടതി ശിക്ഷ വിധിച്ചത്. തന്റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റുകളുടെ പേരിലാണ് ശിക്ഷ. ലോവർ ക്രിമിനൽ കോടതി ആദ്യം 28 വർഷം തടവിന് ശിക്ഷിച്ചെങ്കിലും അപ്പീലിനിടെ 11 കേസുകളിൽ കൂടി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
2021ൽ സമാന കുറ്റംചുമത്തി ഒരു സ്ത്രീക്ക് 43 വർഷത്തെ ജയിൽ ശിക്ഷ ചുമത്തിയിരുന്നു. 2021ൽ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് ഓൺലൈൻ വസ്ത്രവ്യാപാര സംരംഭ ഉടമയായ മോങ്കോൾ ആദ്യമായി അറസ്റ്റിലായത്. അതേ സമയം വിധിക്കെതിരെ മോങ്കോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |