മോസ്കോ: റഷ്യൻ സൈനിക വിമാനം തകർന്ന് 74 മരണം. മരിച്ചവരിൽ 65 പേർ റഷ്യൻ സൈന്യം യുദ്ധത്തടവുകാരായി പിടികൂടിയ യുക്രെയിൻ സായുധ സേനാംഗങ്ങളാണ്. ആറ് പേർ വിമാന ജീവനക്കാരും മൂന്ന് പേർ റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. അപകട കാരണം വ്യക്തമല്ല. എന്നാൽ, വിമാനം യുക്രെയിൻ വെടിവച്ചിട്ടതാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. യുദ്ധത്തടവുകാരെ പരസ്പരം കൈമാറുന്നതിന്റെ ഭാഗമായി വിമാനം മോസ്കോയ്ക്ക് സമീപമുള്ള ച്കോലോവ്സ്കി എയർ ബേസിൽ നിന്ന് ബെൽഗൊറോഡിലേക്ക് വരികയായിരുന്നെന്നും അറിയിച്ചു.
ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് യുക്രെയിൻ അതിർത്തിയോട് ചേർന്ന റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലാണ് ഇല്യൂഷിൻ ഐ.എൽ - 76 വിമാനം തകർന്നുവീണത്. കൊറോച ജില്ലയിലെ യാബ്ലോനോവോ ഗ്രാമത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പ്രദേശത്ത് തകർന്നുവീണ വിമാനം പൂർണമായും കത്തിനശിച്ചു. ഖാർക്കീവ് മേഖലയിലുള്ള അമേരിക്കൻ നിർമ്മിത പേട്രിയറ്റ് മിസൈൽ സംവിധാനത്തിൽ നിന്നോ ജർമ്മൻ നിർമ്മിത ഐറിസിൽ നിന്നോ വിക്ഷേപിച്ച മൂന്ന് മിസൈലുകൾ വിമാനത്തിൽ പതിച്ചതാണെന്നും റിപ്പോർട്ടുണ്ട്.
അപകടത്തിൽപ്പെട്ട വിമാനത്തിന് പിന്നാലെ 80 യുദ്ധത്തടവുകാരുമായി മറ്റൊരു വിമാനവും പറന്നിരുന്നു. അപകട പശ്ചാത്തലത്തിൽ ഇത് വഴിതിരിച്ചു വിട്ടു. റഷ്യ - യുക്രെയിൻ സംഘർഷത്തിന് രണ്ട് വർഷം തികയാൻ ഒരു മാസം ബാക്കി നിൽക്കെയാണ് സംഭവം.
2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രെയിനെ ആക്രമിച്ചത്. യുദ്ധത്തടവുകാരായി പിടികൂടുന്ന സൈനികർ അടക്കമുള്ളവരെ ഇരുരാജ്യങ്ങളും ഉടമ്പടിയുടെ അടിസ്ഥാനത്തിൽ കൈമാറുന്നുണ്ട്. ഈ മാസം ആദ്യം 200ലേറെ യുദ്ധത്തടവുകാരെ ഇരുവരും കൈമാറിയിരുന്നു.
യുക്രെയിൻ മിസൈൽ ?
വിമാനം വെടിവച്ചിട്ടത് തന്നെയാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിമാനം വെടിവച്ചിട്ടെന്ന ആരോപണം യുക്രെയിൻ തള്ളിയിട്ടില്ല. എന്നാൽ, ഇന്നലെ യുദ്ധത്തടവുകാരെ കൈമാറാൻ നിശ്ചയിച്ചിരുന്നതായി സ്ഥിരീകരിച്ചു. ബെൽഗൊറോഡിന് സമീപത്തെ വ്യോമപാതയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് തങ്ങളോട് റഷ്യ പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ച യുക്രെയിൻ കൊല്ലപ്പെട്ടവരിൽ യുദ്ധത്തടവുകാരുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല.
ചൊവ്വാഴ്ച കീവ് അടക്കമുള്ള യുക്രെയിൻ നഗരങ്ങളിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പ്രതികരിക്കുകയും ചെയ്‌തു.
യുക്രെയിൻ മിസൈലുകളും ഡ്രോണുകളും മുമ്പ് പലതവണ റഷ്യൻ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമാക്കിയിട്ടുണ്ട്. ഡിസംബറിൽ ബെൽഗൊറോഡിലുണ്ടായ യുക്രെയിൻ ഷെല്ലാക്രമണത്തിൽ മൂന്ന് കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |