ന്യൂയോർക്ക് : വളർത്തു പല്ലിയുടെ കടിയേറ്റ് 34കാരന് ദാരുണാന്ത്യം. യു.എസിലെ കൊളറാഡോയിലാണ് സംഭവം. ഹീല മോൺസ്റ്റർ എന്നറിയപ്പെടുന്ന വിഷ പല്ലിയുടെ കടിയേറ്റ ക്രിസ്റ്റഫർ വാർഡ് എന്നയാളാണ് മരിച്ചത്.
ഫെബ്രുവരി 12നാണ് ക്രിസ്റ്റഫറിന് പല്ലിയുടെ കടിയേറ്റത്. വിൻസ്റ്റൺ, പൊട്ടറ്റോ എന്നീ രണ്ട് ഹീല മോൺസ്റ്ററുകളെയാണ് ക്രിസ്റ്റഫർ വളർത്തിയിരുന്നത്. കടിയേറ്റതിന് പിന്നാലെ ശ്വാസ തടസം നേരിട്ട ക്രിസ്റ്റഫറിന് കടുത്ത ഛർദ്ദിയുണ്ടായി. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.
ഹീല മോൺസ്റ്ററിന്റെ വിഷം ക്രിസ്റ്റഫറിന് ഗുരുതരമായ അലർജി സൃഷ്ടിച്ചെന്നാണ് കരുതുന്നത്. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാകൂ എന്ന് ഡോക്ടർമാർ പറയുന്നു. ക്രിസ്റ്റഫറിനെ കടിച്ച ഹീല മോൺസ്റ്ററിനെ യൂണിവേഴ്സിറ്റി ഒഫ് നോർത്തേൺ കൊളറാഡോയിലെ ലാബിൽ പഠന വിധേയമാക്കും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. ക്രിസ്റ്റഫർ വളർത്തിയിരുന്ന രണ്ട് ഹീല മോൺസ്റ്ററുകളും നിലവിൽ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണ്. വലിയ ഇനം വിഷ ചിലന്തികളെയും ( ടറന്റുല ) ക്രിസ്റ്റഫർ വളർത്തിയിരുന്നു.
തെക്കുപടിഞ്ഞാറൻ യു.എസിലും വടക്കുപടിഞ്ഞാറൻ മെക്സിക്കൻ സംസ്ഥാനമായ സൊനോരയിലും കണ്ടുവരുന്ന തടിച്ചുരുണ്ട പല്ലികളാണ് ഹീല മോൺസ്റ്ററുകൾ. 56 സെന്റീമീറ്റർ വരെ നീളം വയ്ക്കാറുള്ള ഇവ യു.എസിൽ കാണപ്പെടുന്ന വിഷമുള്ള ഏക പല്ലി സ്പീഷീസാണ്.
പൊതുവെ മടിയൻമാരായ ഇക്കൂട്ടർ ആക്രമണത്തിന് മുതിരുന്നത് അപൂർവമാണ്. മാംസഭുക്കുകളായ ഇവ കുഞ്ഞ് അണ്ണാനെയും മുയലിനെയും പാമ്പിൻകുഞ്ഞിനെയും അകത്താക്കാൻ മടിയില്ലാത്തവരാണ്. അരിസോണ സംസ്ഥാനത്ത് ഇവ സംരക്ഷിക്കപ്പെട്ട ജീവികളുടെ പട്ടികയിലാണ്. വിഷമുണ്ടെങ്കിലും ഇവയുടെ കടിയേൽക്കുന്നത് മനുഷ്യന്റെ മരണത്തിലേക്ക് നയിക്കുന്നത് അപൂർവമാണ്.
1930ലാണ് അവസാനമായി ഹീല മോൺസ്റ്ററിന്റെ കടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടതെന്ന് കരുതുന്നു. കൊളറാഡോയിൽ ലൈസൻസില്ലാതെ ഹീല മോൺസ്റ്ററിനെ വളർത്താനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |