സനാ: അൽ ക്വഇദയുടെ യെമൻ ശാഖയുടെ ( അൽ ക്വഇദ ഇൻ ദ അറേബ്യൻ പെനിൻസുല - എ.ക്യു.എ.പി ) തലവൻ ഖാലിദ് അൽ - ബതാർഫി മരിച്ചു. 43നും 46നും ഇടയിൽ പ്രായമുണ്ടെന്ന് കരുതുന്ന ഇയാളുടെ മരണ വിവരം ഇന്നലെ അൽ ക്വഇദ വീഡിയോ സന്ദേശത്തിലൂടെയാണ് പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. യു.എസ് തെരയുന്ന ഭീകരനായ അതെഫ് അൽ - അവ്‌ലാകിയെ പുതിയ നേതാവായി പ്രഖ്യാപിച്ചു. മുൻ തലവൻ ഖാസിം അൽ - റിമിയെ യു.എസ് ഡ്രോൺ ആക്രമണത്തിൽ വധിച്ചതിന് പിന്നാലെ 2020 ഫെബ്രുവരിയിലാണ് ഖാലിദ് ഭീകര സംഘടനയുടെ ചുമതലയേറ്റത്. സൗദി അറേബ്യയിൽ ജനിച്ച ഖാലിദ് 1999ൽ അഫ്ഗാനിസ്ഥാനിലെത്തി. താലിബാനൊപ്പം യു.എസിനെതിരെ ആക്രമണങ്ങൾ നടത്തിയ ഇയാൾ 2010ലാണ് അൽ ക്വഇദയുടെ ഭാഗമായത്. ഖാലിദിന്റെ തലയ്ക്ക് യു.എസ് 50 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അൽ ക്വഇദയിലെ ഏറ്റവും അപകടകാരിയായ വിഭാഗമാണ് എ.ക്യു.എ.പി. 2015ൽ പാരീസിലെ ഷാർലി എബ്ദോ ഭീകരാക്രമണത്തിന് പിന്നിൽ ഇവരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |