വാഷിംഗ്ടൺ : ശതകോടീശ്വരൻ ഇലോൺ മസ്ക് അവതരിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ടുകളും സെൽഫ് - ഡ്രൈവിംഗ് വാഹനങ്ങളും തന്റെ ഡിസൈനുകൾ പകർത്തി സൃഷ്ടിച്ചതാണെന്ന് ഹോളിവുഡ് സംവിധായകൻ അലക്സ് പ്രോയസ്. വിൽ സ്മിത്ത് നായകനായ ' ഐ റോബോട്ട്" എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് പ്രോയസ്. ഇദ്ദേഹത്തിന്റെ ദ ക്രോ, ഡാർക്ക് സിറ്റി, ഗോഡ്സ് ഒഫ് ഈജിപ്റ്റ് തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധനേടിയവയാണ്.
2004ൽ പുറത്തിറങ്ങിയ സയൻസ് ഫിക്‌ഷൻ ചിത്രമായ ഐ റോബോട്ടിലെ ആശയങ്ങളുമായി മസ്കിന്റെ നൂതന കണ്ടുപിടിത്തങ്ങൾക്ക് ബന്ധമുണ്ടെന്ന് പ്രോയസ് ആരോപിച്ചു. മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല കമ്പനി അടുത്തിടെ കാലിഫോർണിയയിൽ തങ്ങളുടെ ഹ്യൂമനോയ്ഡ് റോബോട്ടായ ' ഒപ്‌റ്റിമസി"നെയും സെൽഫ് ഡ്രൈവിംഗ് വെഹിക്കിൾ ഡിസൈനുകളെയും അവതരിപ്പിച്ചിരുന്നു.
പിന്നാലെ, ഐ റോബോട്ടിലെ സ്റ്റില്ലുകളും ഒപ്പം ടെസ്‌ലയുടെ ഒപ്റ്റിമസ് റോബോട്ട്, സൈബർകാബ്, റോബോവാൻ എന്നിവയുടെ ചിത്രങ്ങളും ചേർത്ത് എക്സിൽ പോസ്റ്റ് പങ്കുവച്ചായിരുന്നു പ്രോയസിന്റെ ആരോപണം. മസ്കിന് തന്റെ ഡിസൈനുകൾ മടക്കി നൽകാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
ചിത്രത്തിന്റെ വിഷ്വലുകൾ തയ്യാറാക്കിയ തന്റെ ഡിസൈൻ ടീമിനെ പറ്റിയും അദ്ദേഹം സോഷ്യൽ മീഡിയയിൽ എടുത്തുപറഞ്ഞു. മസ്കിന്റെ ടീമിന് ഒറിജിനാലിറ്റി ഇല്ലെന്നും ഐ റോബോട്ട് പോലുള്ള കുറേ സിനിമകൾ അവർ കണ്ടിട്ടുണ്ടെന്നും പ്രോയസ് പറഞ്ഞു. മസ്ക് തന്റെ ഡിസൈനുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടെന്ന് ഐ റോബോട്ടിന്റെ പ്രൊഡക്ഷൻ ഡിസൈനറായ പാട്രിക് റ്റാറ്റോപൗലോസും പ്രതികരിച്ചു.
ഐസക് അസിമോവിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള ഐ റോബോട്ടിലെ ഓട്ടണോമസ് ടാക്സികൾ, ഹ്യൂമനോയ്ഡ് റോബോട്ടുകൾ എന്നിവയുമായി ടെസ്‌ലയുടെ ആശയങ്ങൾക്ക് സാമ്യമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ നേരത്തെ പലരും ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |