
പാറ്റ്‌ന: ആയുഷ് ഡോക്‌ടർമാർക്ക് നിയമനക്കത്തുകൾ നൽകുന്നതിനിടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വനിതാ ഡോക്‌ടറുടെ ഹിജാബ് വലിച്ചുതാഴ്‌ത്തിയ സംഭവം വിവാദത്തിൽ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പ്രതിപക്ഷവും ജനങ്ങളും ഉൾപ്പെടെ നിരവധിപേർ എതിർപ്പുമായി രംഗത്തെത്തി.
നുസ്രത്ത് പർവീൻ എന്ന ഡോക്‌ടറുടെ ഹിജാബാണ് മുഖ്യമന്ത്രി മാറ്റിയത്. നിയമനക്കത്ത് നൽകിയ ശേഷം നിതീഷ് കുമാർ അവരുടെ ശിരോവസ്‌ത്രത്തിന് നേരെ ആംഗ്യം കാണിക്കുന്നത് വീഡിയോയിൽ കാണാം. ഉടൻതന്നെ ചിരിച്ചുകൊണ്ട് നിതീഷ് അവരുടെ ഹിജാബ് വലിച്ചുതാഴ്‌ത്തി. സമീപത്തുണ്ടായിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനോട് അത് ചെയ്യരുതെന്ന് ആംഗ്യം കാണിക്കുന്നത് കാണാം.
ആർജെഡിയും കോൺഗ്രസും അവരുടെ എക്‌സ് അക്കൗണ്ടിൽ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'നിതീഷ് ജിക്ക് എന്ത് സംഭവിച്ചു? അദ്ദേഹത്തിന്റെ മാനസികനില പൂർണമായും തെറ്റിയോ? അതോ അദ്ദേഹമിപ്പോൾ 100 ശതമാനം സംഘിയായി മാറിയോ'- എന്നാണ് ആർജെഡി എക്‌സിൽ കുറിച്ചിരിക്കുന്നത്.
'എന്ത് നാണക്കേടാണെന്ന് നോക്കൂ. ഇത് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. ഒരു വനിതാ ഡോക്‌ടർക്ക് നിയമനക്കത്ത് നൽകുന്നതിനിടെ അവരുടെ ഹിജാബ് വലിച്ചുതാഴ്‌ത്തി. ബീഹാറിലെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്നയാൾ ഇത്തരം നിന്ദ്യമായ പ്രവൃത്തി പരസ്യമായി ചെയ്യുകയാണ്. സംസ്ഥാനത്തെ സ്‌ത്രീകൾ എത്രത്തോളം സുരക്ഷിതരാണെന്ന് ഒന്ന് ആലോചിച്ച് നോക്കൂ. ഈ നിന്ദ്യമായ പ്രവൃത്തി ചെയ്‌ത നിതീഷ് കുമാർ ഉടൻ രാജിവയ്‌ക്കണം. ഇത് പൊറുക്കാനാകാത്തതാണ് ' - കോൺഗ്രസ് വിമർശിച്ചു.
പരസ്യമായ പീഡനം എന്നാണ് ശിവസേന ഉദ്ധവ് താക്കറെ നേതാവ് പ്രിയങ്ക ചതുർവേദി ഇതിനെതിരെ പ്രതികരിച്ചത്. തികച്ചും അപലപനീയമാണ്. ഒരു സ്‌ത്രീയുടെ ശിരോവസ്‌ത്രം ബലമായി വലിച്ചുതാഴ്‌ത്തുന്നത് അവരെ പരസ്യമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും അവർ എക്‌സിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിൽ വച്ചായിരുന്നു സംഭവം. 1,283 ആയുഷ് ഡോക്‌ടർമാർക്കാണ് ചടങ്ങിൽ നിയമനക്കത്തുകൾ നൽകിയത്. നിയമിതരായവരിൽ 685 ആയുർവേദ ഡോക്ടർമാരും 393 പേർ ഹോമിയോ ഡോക്ടർമാരും 205 പേർ യുനാനി ഡോക്‌ടർമാരും ഉൾപ്പെടുന്നു. പത്തുപേർക്ക് നിതീഷ് കുമാർ നേരിട്ടും ബാക്കിയുള്ളവർ ഓൺലൈനായും നിയമനക്കത്തുകൾ നൽകി. ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ, മന്ത്രിമാരായ വിജയ് കുമാർ ചൗധരി, മംഗൾ പാണ്ഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |