തിരുവനന്തപുരം: 15 മാസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ ഗാസയിൽ വെടിനിറുത്തലിനും ബന്ദികളെ വിട്ടയയ്ക്കാനും ഇസ്രയേൽ-ഹമാസ് ധാരണയായത് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിജയമായി കണക്കാക്കാം. താൻ അധികാരത്തിൽ വന്നാലുടൻ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ചു. ബൈഡന് വേണമെങ്കിൽ ഇതു നേരത്തേതന്നെ ചെയ്യാമായിരുന്നു. എന്നാൽ, അധികാരത്തിലെത്തിയ ശേഷം ട്രംപാണ് അതിനായുള്ള ചർച്ചകൾ നടത്തിയത്. വെടിനിറുത്തൽ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ഗാസയിൽ സമാധാനം പൂർണമായെന്ന് പറയാനാവില്ല. ഇതൊരു താത്കാലിക ഘട്ടം മാത്രമാണ്. പ്രശ്നങ്ങൾ ഇപ്പോഴും പൂർണമായി ചർച്ച ചെയ്തിട്ടില്ല. ഇസ്രയേൽ-പാലസ്തീൻ ദ്വിരാഷ്ട്രപരിഹാരം ഇസ്രയേലും അമേരിക്കയും ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ഇസ്രയേൽ പ്രശ്നം ലോകത്തിന്റെ അജണ്ടയിൽ നിന്നു തന്നെ മായുകയാണെന്ന ഭയം കൊണ്ടാണ് ഹമാസ് ഒക്ടോബറിൽ ഇസ്രയേലിനെ ആക്രമിച്ചത്. ഹമാസ് യുദ്ധം തുടങ്ങിയില്ലായിരുന്നെങ്കിൽ ഇസ്രയേൽ ഇതിനോടകം എല്ലാ അറബ് രാജ്യങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കുമായിരുന്നു. പാലസ്തീൻ സ്റ്റേറ്റ് വീണ്ടും ലോകത്തിന്റെ പ്രധാന അജണ്ട ആക്കിയതിലൂടെ ഹമാസ് അവരുടെ ഉദ്ദേശ്യം നേടിയെടുത്തു. പതിനായിരങ്ങൾ മരിച്ചു വീണെങ്കിലും അധികാരം കൈയിൽ കിട്ടിയില്ലെങ്കിലും നഷ്ടപ്പെട്ടുപോയ പാലസ്തീൻ സ്റ്റേറ്റ് എന്ന പരിഹാരമാർഗം തിരികെക്കൊണ്ട് വന്നതാണ് ഹമാസിന്റെ വിജയം. മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാലസ്തീൻ സ്റ്റേറ്റ് കൊണ്ടുവരുകയെന്നതല്ലാതെ മറ്റൊരു പരിഹാരമില്ല. തങ്ങൾ സ്ഥാപിച്ച രണ്ടു രാജ്യങ്ങളിലൊന്ന് നിലവിൽ വരാത്തതും ഒരു രാജ്യം മറ്റൊന്നിനെ കൊളോണൈസ് ചെയ്തിരിക്കുകയാണെന്ന വസ്തുതയും ഐക്യരാഷ്ട്രസഭയെ സംബന്ധിച്ചും നിർഭാഗ്യകരമാണ്. ഇസ്രയേലിൽ സൈനിക ഭരണം തുടരാൻ തന്നെയാണ് സാദ്ധ്യത. പാലസ്തീൻ കുറച്ചുനാൾ കൂടി ഇസ്രേയലിന്റെ കീഴിലായിരിക്കും. ഒരു ഇസ്രയേലി ജീവന് 1000 പേരുടെ വിലയുണ്ടെന്നാണ് ഇസ്രയേൽ കരുതുന്നത്. അതിനാൽ തടവുകാരെ തിരിച്ചുകിട്ടിയത് ഇസ്രയേലിനെ സംബന്ധിച്ച് വലിയ കാര്യമാണ്. അതേസമയം, ഭീകരവാദം അനുവദിക്കില്ലെന്നും ദ്വിരാഷ്ട്ര പരിഹാരം വേണമെന്നുമുള്ള നിലപാടിൽ തന്നെ ഇന്ത്യ ഉറച്ചുനിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |