വാർദ്ധക്യം ബാധിക്കാതെയും മരണം സംഭവിക്കാതെയും ജീവിക്കാൻ ഏതറ്റം വരെ പോകാനും ചിലയാളുകൾ തയ്യാറാണ്. ചിലർ യൗവനം നിലനിർത്താനായി കൃത്യമായ ജീവിതക്രമങ്ങൾ പാലിക്കുമ്പോൾ മറ്റു ചിലർ എളുപ്പത്തിലുളള മാർഗങ്ങൾ അന്വേഷിച്ച് പോകുകയാണ്. ലക്ഷങ്ങൾ മുടക്കി പലതരത്തിലുളള ചികിത്സകളും യൗവനം നിലനിർത്താനായി ചെയ്യുന്നവരുമുണ്ട്. അത്തരത്തിൽ അതിസമ്പന്നരായ ചിലയാളുകൾ അവരുടെ യൗവനം നിലനിത്താനായി അമേരിക്കയിലെ ഒറ്റപ്പെട്ട ദ്വീപിലേക്ക് രഹസ്യമായി പോകാറുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഡെയ്‌ലി മെയിലിൽ വന്ന റിപ്പോർട്ടനുസരിച്ച്, ഹോണ്ടുറാസ് തീരത്ത് നിന്ന് ഏകദേശം 40 മൈൽ അകലെ ഒരു ചെറിയ ദ്വീപ് സ്ഥിതി ചെയ്യുന്നുണ്ട്. റോട്ടൻ എന്നാണ് ഈ ദ്വീപിന്റെ പേര്. അമേരിക്കയിൽ നിന്ന് നേരിട്ട് വിമാന മാർഗവും ഇവിടേക്കെത്താം.ചാർട്ടർ നഗരമായ പ്രോസ്‌പെറയും ഇവിടെയാണ് ഉളളത്. അമേരിക്കയിലെ മറ്റുളള സ്ഥലങ്ങളെ അപേക്ഷിച്ച് സ്വന്തം നികുതി സമ്പ്രദായമുണ്ട്. ഇവിടെ സാമ്പത്തിക ഇടപാടുകൾ ബിറ്റ്കോയിനിലൂടെയാണ് നടത്തുന്നത്.
കൂടാതെ ഇവിടെ ധാരാളം അനധികൃത ചികിത്സാരീതികളും പ്രോസ്‌പെറോയിൽ നടന്നുവരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ചികിത്സയാണ് മനുഷ്യശരീരത്തിലെ ഡിഎൻഎ തൻമാത്രകളെ രൂപകൽപ്പന ചെയ്യുന്നതിനായി ഇഞ്ചക്ഷൻ എടുക്കുന്നത്. ഇത്തരത്തിൽ ചെയ്താൽ മനുഷ്യരിലുണ്ടാകുന്ന വാർദ്ധക്യാവസ്ഥ ഒരു പരിധി വരെ തടയാം. ഇതിലൂടെ മരണസാദ്ധ്യത കുറയുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. മിനിസർക്കിൾ എന്ന ബയോടെക് കമ്പനി ഈ ഇഞ്ചക്ഷനുകൾ വിപണികളിൽ എത്തിക്കുന്നുണ്ട്. ബയോഹാക്കറായ ബ്രയാൻ ജോൺസൺ ഇവരുടെ ഉപഭോക്താക്കളിൽ പ്രധാനിയാണ്.
2024ൽ ബ്രയാൻ ജോൺസൺ ഈ ഇഞ്ചെക്ഷൻ സ്വീകരിച്ചതും പ്രതീക്ഷിച്ച ഫലം ലഭിച്ചെന്ന വാദവും വാർത്തയായിരുന്നു. എന്നാൽ അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) ഇത് അംഗീകരിച്ചിട്ടില്ല. ഒരു ഇഞ്ചക്ഷന്റെ വില 22 ലക്ഷമാണ്. രണ്ട് വർഷം വരെ ഇതിന്റെ ഫലം നിലനിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |