
കാരക്കാസ്: വെനസ്വേലയുടെയും എണ്ണ അടക്കം അവിടുത്തെ വിഭവങ്ങളുടെയും താത്കാലിക നിയന്ത്രണം തങ്ങൾക്കാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസ്.
'നമ്മുടെ രാജ്യത്തെ നിയന്ത്രിക്കുന്നത് വെനസ്വേലൻ സർക്കാരാണ്. ഒരു വിദേശ ശക്തിയും രാജ്യത്തെ നിയന്ത്രിക്കുന്നില്ല" - ജനങ്ങളെ അഭിസംബോധന ചെയ്യവെ ഡെൽസി വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം ആർക്കും മുന്നിൽ അടിയറവ് വച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
അതേ സമയം, യു.എസ് ഉപരോധത്തിൽ കുടുങ്ങിക്കിടക്കുന്ന 3 കോടി മുതൽ 5 കോടി വരെ ബാരൽ എണ്ണ വെനസ്വേലയുടെ ഇടക്കാല സർക്കാർ തങ്ങൾക്ക് നൽകുമെന്ന ട്രംപിന്റെ അവകാശവാദത്തോട് ഡെൽസി പ്രതികരിച്ചിട്ടില്ല. യു.എസ് ഈ എണ്ണ ശുദ്ധീകരിച്ച് വിപണി വിലയ്ക്ക് വിൽക്കുമെന്നും ലഭിക്കുന്ന 300 കോടി ഡോളറോളം വരുമാനം താൻ നിയന്ത്രിക്കുമെന്നും ട്രംപ് പറയുന്നു. തുക ഇരുരാജ്യങ്ങളുടെയും പ്രയോജനത്തിനായി വിനിയോഗിക്കുമെന്നാണ് ട്രംപിന്റെ വാദം.
# പ്രതിഷേധം
മയക്കുമരുന്ന് സംഘത്തലവൻ, ഭീകരഗ്രൂപ്പ് നേതാവ് എന്നിങ്ങനെ മുദ്രകുത്തി യു.എസ് പിടികൂടിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെയും ഭാര്യ സിലിയ ഫ്ലോറസിന്റെയും മോചനം ആവശ്യപ്പെട്ട് തലസ്ഥാനമായ കാരക്കാസിൽ പ്രതിഷേധ റാലികൾ അരങ്ങേറി. വെനസ്വേലയുടെ എണ്ണ സ്വന്തമാക്കാനുള്ള യു.എസ് നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൈന പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |