
വാഷിംഗ്ടൺ: യു.എസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ യുവതിയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നതിൽ പ്രതിഷേധം ശക്തം. പ്രാദേശിക സമയം, ബുധനാഴ്ച രാവിലെ 10.25ന് മിനസോട്ട സംസ്ഥാനത്തെ മിനിയപൊലിസിലായിരുന്നു സംഭവം. അമേരിക്കൻ പൗരയും മൂന്ന് കുട്ടികളുടെ അമ്മയുമായ റെനി നിക്കോൾ ഗുഡിനെയാണ് (37) ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് (ഐ.സി.ഇ) ഏജന്റ് വെടിവച്ച് കൊന്നത്.
പരിശോധനയ്ക്കിടെ കാറിലെത്തിയ റെനിയോട് പുറത്തിറങ്ങാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. ഉദ്യോഗസ്ഥർ കാറിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ഇതിനിടെ റെനി കാർ ഓടിച്ചു മാറ്റാൻ തുടങ്ങി. പെട്ടെന്ന് സംഘത്തിലെ ഉദ്യോഗസ്ഥൻ കാറിന്റെ വിൻഡ്‌ഷീൽഡ് വഴി റെനിയുടെ മുഖത്തേക്ക് മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. റെനി തത്ക്ഷണം മരിച്ചു. റെനി കുട്ടിയെ സ്കൂളിലാക്കി മടങ്ങും വഴിയായിരുന്നു സംഭവം.
അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ മിനിയപൊലിസിലും സെന്റ് പോളിലുമായി പ്രാദേശിക ഭരണകൂടത്തിന്റെ എതിർപ്പ് അവഗണിച്ച് 2,000ത്തോളം ഐ.സി.ഇ ഏജന്റുമാരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിന്യസിച്ചിട്ടുണ്ട്. ഏജന്റുമാർ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്ന് വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
റെനിയുടെ അടുത്തേക്ക് മെഡിക്കൽ സംഘം എത്തുന്നത് ഏജന്റുമാർ വൈകിപ്പിച്ചെന്നും ആരോപണമുണ്ട്. 2020ൽ വ്യാജ കറൻസി കൈവശംവച്ചെന്ന കുറ്റം ആരോപിച്ച് കറുത്ത വർഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയ്ഡിനെ പൊലീസുകാർ കൊലപ്പെടുത്തിയതും മിനിയപൊലിസിലായിരുന്നു.
# സ്വയം പ്രതിരോധമെന്ന് ട്രംപ്
വെടിവയ്‌പിനെ 'സ്വയം പ്രതിരോധ നടപടി" എന്നാണ് ട്രംപും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമും വിശേഷിപ്പിച്ചത്. റെനി ഉദ്യോഗസ്ഥനെ കാറിടിപ്പിക്കാൻ ശ്രമിച്ചെന്നും വാഹനത്തെ ആയുധമാക്കിയുള്ള ആഭ്യന്തര തീവ്രവാദമാണിതെന്നും സർക്കാർ കുറ്റപ്പെടുത്തി.
# തള്ളി ദൃക്‌സാക്ഷികൾ
ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ മിനിയപൊലിസ് മേയർ ജേക്കബ് ഫ്രേയും മിനസോട്ട ഗവർണർ ടിം വാൽസും ഫെഡറൽ സർക്കാരിന്റെ ന്യായീകരണങ്ങൾ കള്ളമാണെന്ന് ആരോപിച്ചു. ഏജന്റുമാർ നഗരം വിടണമെന്ന് ഫ്രേ ആവശ്യപ്പെട്ടു. സർക്കാരിന്റെ വിശദീകരണത്തെ ദൃക്സാക്ഷികളും തള്ളി. വെടിയേൽക്കുന്നതിന് മുമ്പ് റെനി പതുക്കെയാണ് കാർ റിവേഴ്സ് എടുത്തതെന്നും പറയുന്നു. റെനി ഭയന്ന് പോയതിനാൽ ആകാം കാർ ഓടിച്ചുമാറ്റാൻ ശ്രമിച്ചതെന്ന് അവരുടെ അമ്മ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |