
മുംബയ്: വൻ ഗതാഗതക്കുരുക്കിൽപ്പെട്ട ഒരുലക്ഷത്തിലധികം വാഹനങ്ങൾക്ക് 5.16 കോടി രൂപ ടോൾ റീഫണ്ട് നൽകാൻ ഉത്തരവ്. മുംബയ് - പൂനെ എക്‌സ്‌പ്രസ്‌വേയിൽ ഈ മാസമാദ്യം ഗ്യാസ് ടാങ്കർ അപകടം കാരണം ബ്ളോക്കിൽപ്പെട്ട വാഹനങ്ങൾക്ക് ടോൾ റീഫണ്ട് ലഭിക്കുമെന്ന് മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ആണ് അറിയിച്ചത്.
ഫെബ്രുവരി മൂന്നിന് എക്‌സ്‌പ്രസ്‌വേയിലെ കൊപോളി മേഖലയിൽ ഗ്യാസ് ടാങ്കർ തലകീഴായി മറിഞ്ഞത് വൻ ഗതാഗതക്കുരുക്കിന് കാരണമാവുകയായിരുന്നു. 33 മണിക്കൂറാണ് ഗതാഗതം നിലച്ചത്. തുടർന്ന് വെള്ളവും ആഹാരവുമില്ലാതെ വാഹന യാത്രികർ വലഞ്ഞു. അപകടത്തിന് പിന്നാലെ ടോൾ പിരിവ് അടിയന്തരമായി നിർത്തലാക്കാൻ പ്രാദേശിക ഭരണകൂടം നിർദേശിച്ചു. എന്നാൽ ഇതിനിടെ അനേകം ഫാസ്‌ടാഗ് അക്കൗണ്ടുകളിൽ നിന്ന് ടോൾ പിരിച്ചിരുന്നു.
ഉത്തരവ് പുറത്തുവന്നതിനുശേഷവും ടോൾ പിരിച്ച അക്കൗണ്ടുകൾക്കുൾപ്പെടെയാണ് റീഫണ്ട് നൽകുന്നത്. 5.16 കോടി രൂപയാണ് മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ റീഫണ്ട് നൽകുന്നത്. അടുത്ത ദിവസങ്ങളിൽ ഈ തുക ഫാസ്‌ടാഗ് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഫാസ്‌ടാഗ് ഇടപാടിന്റെ വിവരങ്ങൾ ടോൾ ഓപ്പറേറ്ററോട് തേടിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |