
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവും മുൻ റെയിൽവേ മന്ത്രിയുമായ മുകുൾ റോയ് (71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ കൊൽക്കത്ത സാൾട്ട് ലേക്ക് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ കൃഷ്‌ണറോയ്,മകൻ:സുബ്രാൻഷു റോയ്.
യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ മുകുൾ റോയിക്കൊപ്പമാണ് മമതാ ബാനർജി 1998ൽ തൃണമൂൽ സ്ഥാപിച്ചത്. പിന്നീട് ദേശീയ രാഷ്‌ട്രീയത്തിൽ മമതയുടെയും പാർട്ടിയുടെയും വക്താവായി തിളങ്ങിയെങ്കിലും ഭിന്നതയെ തുടർന്ന് 2017ൽ ബി.ജെ.പിയിൽ ചേർന്നു. ബംഗാൾ രാഷ്ട്രീയത്തിന്റെ അടിചുവടുകൾ മനപാഠമാക്കിയ റോയിയുടെ സഹായത്തോടെയാണ് 2019ൽ ബി.ജെ.പി ബംഗാളിൽ 18 ലോക്‌സഭാ സീറ്റുകൾ നേടിയതും. 2021ൽ മമത വീണ്ടും അധികാരത്തിലെത്തിയതോടെ റോയ് തൃണമൂലിൽ തിരികെയെത്തി. രണ്ടാം യു.പി.എ സർക്കാരിൽ റെയിൽവേ,ഷിപ്പിംഗ് മന്ത്രിയുമായി. രണ്ടുതവണ രാജ്യസഭാംഗം. ശാരദ ചിട്ടി ഫണ്ട്,നാരദ കൈക്കൂലി വിവാദങ്ങളിൽപ്പെട്ട റോയിയെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയതിനെ തുടർന്ന് അദ്ദേഹം സജീവ രാഷ്ട്രീയം വിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |