
ടെഹ്റാൻ: ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് മുൻ കിരീടാവകാശി റെസ പഹ്‌ലവി. കൂടുതൽ ഇടങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കണമെന്നും ജനങ്ങളെ സഹായിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടണമെന്നും റെസ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
ഇറാന്റെ അവസാന ഷാ ആയ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനാണ് റെസ. 1970കളുടെ അവസാനം മുതൽ ഇദ്ദേഹം യു.എസിലാണ്. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ നേതൃത്വത്തിലെ ഭരണകൂടത്തിന്റെ വിമർശകനായ റെസയാണ് പ്രക്ഷോഭങ്ങളുടെ പ്രതീകാത്മക നേതൃസ്ഥാനം വഹിക്കുന്നത്. ഖമനേയിയെ പുറത്താക്കി റെസയെ അധികാരത്തിൽ എത്തിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. തിരിച്ചുവരവിന് തയ്യാറെടുക്കുകയാണെന്ന് റെസയും അറിയിച്ചു.
അതേസമയം,പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഇറാൻ നടപടികൾ ശക്തമാക്കി. പൊതുമുതലും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് സായുധസേനയിലെ കരുത്തരായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പ്രക്ഷോഭകർക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് നിയന്ത്രണം തുടരുന്നു. അതിനിടെ, ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി ആവർത്തിച്ചു. കാനഡ,ഫ്രാൻസ്,ജർമ്മനി,യു.കെ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ പ്രതിഷേധക്കാർ കൊല്ലപ്പെടുന്നതിനെ അപലപിച്ച് രംഗത്തെത്തി.
മരണം ഉയരുന്നു
ഡിസംബർ 28 മുതൽ തലസ്ഥാനമായ ടെഹ്‌റാനിൽ മാത്രം 217 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. എന്നാൽ,15 സുരക്ഷാ ജീവനക്കാർ അടക്കം 65 പേർ രാജ്യവ്യാപകമായി കൊല്ലപ്പെട്ടെന്നാണ് ഹ്യൂമൻ റൈറ്റ്സ് ആക്‌ടിവിസ്‌റ്റ്സ് ഇൻ ഇറാൻ സംഘടനയുടെ കണക്ക്. വിദേശ മാദ്ധ്യമങ്ങൾക്കും ഇന്റർനെറ്റിനും നിയന്ത്രണമുള്ളതിനാലും സർക്കാർ പ്രതികരിക്കാത്തതിനാലും കൃത്യമായ മരണസംഖ്യ വ്യക്തമല്ല.
'ദൈവത്തിന്റെ ശത്രുക്കൾ"
പ്രക്ഷോഭകാരികളെ 'ദൈവത്തിന്റെ ശത്രുക്കളായി" കണക്കാക്കുമെന്ന് അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി ആസാദിന്റെ മുന്നറിയിപ്പ്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്
പ്രക്ഷോഭകരെ ക്രൂരമായി ആക്രമിക്കുന്നെന്ന് റിപ്പോർട്ട്. പരിക്കേറ്റവരാൽ ആശുപത്രികൾ നിറയുന്നു. അറസ്റ്റിലായവരുടെ എണ്ണം 2,300 കടന്നു
ടെഹ്റാന് പടിഞ്ഞാറ്,കരാജിൽ മുനിസിപ്പൽ കെട്ടിടം പ്രക്ഷോഭകർ കത്തിച്ചു. മഷാദ്,തബ്രിസ് തുടങ്ങിയ നഗരങ്ങളിൽ പുതിയ റാലികൾക്ക് ആഹ്വാനം
എമിറേറ്റ്സ്,ഖത്തർ എയർവേയ്സ് തുടങ്ങിയ എയർലൈനുകൾ ഇറാനിയൻ നഗരങ്ങളിലേക്കുള്ള ഫ്ലൈറ്റുകൾ റദ്ദാക്കി
ഇറാൻ വലിയ കുഴപ്പത്തിലാണ്. ആളുകളെ കൊല്ലുന്നത് തുടർന്നാൽ ഞങ്ങൾ ഇടപെടും.
-ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
ട്രംപ് സ്വന്തം രാജ്യത്തെ കാര്യങ്ങൾ നോക്കിയാൽ മതി.
- അയത്തൊള്ള അലി ഖമനേയി,
പരമോന്നത നേതാവ്, ഇറാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |