
കറാച്ചി : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വീണ്ടും സംഘർഷം. 'ഓപ്പറേഷൻ ഹെറോഫ് 2 " എന്ന പേരിലാണ് സുരക്ഷാ സേനയ്ക്കെതിരെ വിമത ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) ആക്രമിച്ചത്. ഇന്നലെ പ്രവിശ്യയിലെ 12ലേറെ ഇടങ്ങളിലായുണ്ടായ ആക്രമണത്തിൽ പത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ ബി.എൽ.എ വധിച്ചു. ക്വെറ്റ, ഗ്വദർ, പസ്നി, മുസ്‌തംഗ് തുടങ്ങി പ്രധാന നഗരങ്ങളിൽ സ്ഫോടനങ്ങളുണ്ടായി.
ക്വെറ്റയിൽ വിമതരും സൈന്യവും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. നഷ്കിയിൽ ഭീകര വിരുദ്ധ ഡിപ്പാർട്ട്മെന്റിന്റെ ഓഫീസും പാരാമിലിട്ടറി ആസ്ഥാനവും വിമതർ പിടിച്ചെടുത്തെന്ന് റിപ്പോർട്ടുണ്ട്. മുസ്‌തംഗിൽ വിമതർ ജയിൽ ആക്രമിച്ചെന്നും 30ലേറെ തടവുകാർ പുറത്തുചാടിയെന്നും വിവരമുണ്ട്. അതേസമയം, പ്രത്യാക്രമണത്തിൽ 70 ഓളം വിമതരെ വധിച്ചെന്ന് പാക് സൈന്യം പറഞ്ഞു. 11 പ്രദേശവാസികളും മരിച്ചു. പ്രവിശ്യയിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹൈവേകളിൽ നിയന്ത്രണം ഏർപ്പെടുത്തി. പലയിടത്തും അക്രമികളെ തങ്ങൾ വിജയകരമായി തുരത്തിയെന്നും ഭയന്നോടുന്ന വിമതർക്കായി തെരച്ചിൽ ശക്തമാക്കിയെന്നും സൈന്യം അവകാശപ്പെട്ടു.
2024 ആഗസ്റ്റിലായിരുന്നു ബി.എൽ.എ ഓപ്പറേഷൻ ഹെറോഫിന്റെ ആദ്യ ഘട്ടം നടപ്പാക്കിയത്. നൂറിലേറെ പേരെയാണ് ബി.എൽ.എ അന്ന് വധിച്ചത്. പാക് പട്ടാള ക്യാമ്പുകൾ അടക്കം തകർത്തെന്നും അവകാശപ്പെട്ടിരുന്നു.
സ്വതന്ത്ര ബലൂചിസ്ഥാൻ രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളിൽ പ്രബലരാണ് ബി.എൽ.എ. പാക് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഇവരുടെ ആക്രമണങ്ങൾ പതിവാണ്. ബി.എൽ.എ അഫ്ഗാനിലും ഇറാനിലും സജീവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |