SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.35 PM IST

ചൈനീസ് ആധിപത്യം മറികടക്കൽ ലക്ഷ്യം: യു.എസിന്റെ അപൂർവ്വ ധാതു യോഗത്തിൽ പങ്കെടുത്ത് ജയശങ്കർ

Increase Font Size Decrease Font Size Print Page
f

വാഷിംഗ്ടൺ: അപൂർവ്വ ധാതു മേഖലയിലെ ചൈനീസ് കുത്തക തകർക്കാൻ യു.എസ് ആവിഷ്കരിച്ച പ്രഥമ ക്രിട്ടിക്കൽ മിനറൽസ് മന്ത്രിതല യോഗത്തിൽ പങ്കെടുത്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മറ്റ് അമ്പതിലേറെ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

ആധുനിക സാങ്കേതികവിദ്യയ്ക്കും ദേശീയ സുരക്ഷയ്ക്കും അനിവാര്യമായ ധാതുക്കളുടെ ആഗോള വിതരണ ശൃംഖലകൾ സുരക്ഷിതമാക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുകയാണ് യു.എസിന്റെ ലക്ഷ്യം. അപൂർവ്വ ധാതുക്കളുടെ ഖനനത്തിലും സംസ്കരണത്തിലുമുള്ള ചൈനീസ് ആധിപത്യം മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണിത്.

ലിഥിയം, കൊബാൾട്ട്, നിക്കൽ തുടങ്ങി 30 ധാതുക്കളുടെ ദീർഘകാല വിതരണം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മ കരുത്താകും.

അതേ സമയം, ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ ജയശങ്കറും റൂബിയോയും സ്വാഗതം ചെയ്തു. ആണവോർജ്ജം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം ആഴത്തിലാക്കാനും ധാരണയായി. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റുമായും ജയശങ്കർ ചർച്ച നടത്തി. ഇന്ത്യ-യു.എസ് വ്യാപാര കരാറിന്റെ രൂപരേഖകളും വിലയിരുത്തി.

ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള തീരുവ 18 ശതമാനമാക്കി കുറച്ച യു.എസ് തീരുമാനം 'മേക്ക് ഇൻ ഇന്ത്യ" സംരംഭങ്ങൾക്ക് പ്രോത്സാഹനമാകുമെന്നും തൊഴിലുകൾ സൃഷ്ടിക്കുമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY