
മസ്‌കറ്റ് : യു.എസ് ആക്രമണം ഒഴിവാക്കാനുള്ള നിർണായക ആണവ ചർച്ച അനുകൂലമായ പാതയിലെന്ന് ഇറാൻ. തങ്ങളുടെ താത്പര്യങ്ങളും അവകാശങ്ങളും അറിയിച്ചെന്ന് (യു.എസിനെ) ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഇന്നലെ മസ്‌കറ്റിലെ ചർച്ചയ്ക്ക് പിന്നാലെ പ്രതികരിച്ചു. ചർച്ചയെ 'നല്ല തുടക്കം" എന്നാണ് അരാഗ്‌ചി വിശേഷിപ്പിച്ചത്. ശരിയായ പാതയിൽ ചർച്ച തുടർന്നാൽ ഇറാനും യു.എസിനും ഗുണകരമായ ധാരണയിൽ എത്തിച്ചേരാനാകുമെന്നും പറഞ്ഞു. അതേ സമയം, ചർച്ചയുടെ പ്രധാന നിർദ്ദേശങ്ങളിൽ സമവായത്തിലെത്തിയിട്ടില്ല.
ഒമാൻ വിദേശകാര്യ മന്ത്രി ബാദ്ർ അൽ-ബുസൈദിയുടെ മദ്ധ്യസ്ഥതയിൽ പരോക്ഷമായാണ് ചർച്ച നടന്നത്. യു.എസിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നറും പങ്കെടുത്തു. അതേസമയം, ഇറാനും യു.എസും മുഖാമുഖമെത്തിയില്ല. അൽ-ബുസൈദിയാണ് ഇരുഭാഗത്തും നിന്നുള്ള സന്ദേശങ്ങൾ കൈമാറിയത്. ചർച്ച തുടരാമെന്ന ധാരണയിലാണ് പിരിഞ്ഞത്. സ്ഥലവും തീയതിയും വൈകാതെ പ്രഖ്യാപിക്കും.
യു.എസ് നേവി അഡ്മിറൽ ബ്രാഡ് കൂപ്പറും ചർച്ചയിൽ പങ്കെടുത്തു. ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന സൂചനയാണ് യു.എസ് ഇതിലൂടെ നൽകിയത്. യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിയുടെ നേതൃത്വത്തിലെ യു.എസ് നാവിക വ്യൂഹം ഇറാനിലേക്ക് ഏതുനിമിഷവും വ്യോമാക്രമണം നടത്താൻ സജ്ജമായി അറബിക്കടലിൽ തുടരുകയാണ്.
അതേസമയം, ആണവ പദ്ധതി പരിമിതപ്പെടുത്താനുള്ള കരാറിന് ഇറാൻ തയ്യാറാണെങ്കിലും ബാലിസ്റ്റിക് മിസൈലുകളെ നിയന്ത്രിക്കണമെന്ന യു.എസ് നിർദ്ദേശത്തോട് എതിരാണ്. ആണവ പദ്ധതി പൂർണമായി ഒഴിവാക്കുന്നതും ഇറാന്റെ അജണ്ടയിലില്ലെന്നാണ് റിപ്പോർട്ട്.
# യു.എസ് ഡിമാൻഡ്
ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ പരിധി 500 കിലോമീറ്ററായി നിജപ്പെടുത്തണം
മേഖലയിലെ സായുധ ഗ്രൂപ്പുകളെ (ഹിസ്ബുള്ള, ഹൂതി, ഹമാസ് തുടങ്ങിയവ) പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം
യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിറുത്തണം
സമ്പൂഷ്ടീകരിച്ച യുറേനിയം മുഴുവൻ ഉപേക്ഷിക്കുകയോ മറ്റൊരു രാജ്യത്തേക്ക് മാറ്റുകയോ വേണം
# ഇറാന്റെ നിലപാട്
ചർച്ച തങ്ങളുടെ ആണവ പദ്ധതിയുമായും ഉപരോധങ്ങൾ നീക്കുന്നതുമായും ബന്ധപ്പെട്ട് മാത്രം
പ്രാദേശിക സഖ്യങ്ങൾ ദേശീയ സുരക്ഷയുടെ ഭാഗം
അവകാശങ്ങളിലും പ്രതിരോധ ശേഷിയിലും വിട്ടുവീഴ്ചയില്ല. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ വേണ്ട
സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും നടുവിൽ ആണവ ചർച്ച സാദ്ധ്യമല്ല
# യു.എസ് പൗരന്മാർ ഇറാൻ വിടണം
ഇറാനിലുള്ള പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് യു.എസ്. കഴിയാത്തവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശിച്ചു. ഇതിനിടെ, കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിലുള്ള അനന്തരഫലങ്ങളെ പറ്റി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ആശങ്കപ്പെടുന്നത് നന്നായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. മേഖലയിലുള്ള യു.എസിന്റെ നാവിക സന്നാഹത്തെ കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |