
ധാക്ക: രാജ്യത്തെ സമാധാനവും നിയമവ്യവസ്ഥയും എന്തുവില കൊടുത്തും നിലനിറുത്തുന്നതിനാണ് തന്റെ മുൻഗണനയെന്ന് ബംഗ്ലാദേശിന്റെ നിയുക്ത പ്രധാനമന്ത്രിയും ബി.എൻ.പി ചെയർമാനുമായ (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) താരിഖ് റഹ്‌മാൻ. രാജ്യത്ത് ആരും അനീതി നേരിടാൻ പാടില്ലെന്നും അക്കാര്യത്തിൽ പാർട്ടിക്കോ മതത്തിനോ സ്ഥാനമില്ലെന്നും തിരഞ്ഞെടുപ്പ് ജയത്തിന് ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ താരിഖ് പറഞ്ഞു. പാർട്ടിയുടെ വൻജയം ബംഗ്ലാദേശിലെ ജനങ്ങൾക്കും ജനാധിപത്യത്തിനായി ജീവൻ വെടിഞ്ഞവർക്കും സമർപ്പിക്കുന്നു. ഇന്നുമുതൽ നമ്മളെല്ലാവരും സ്വതന്ത്രരാണ്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാൽ രാജ്യത്തിനുവേണ്ടി ഐക്യം അനിവാര്യമാണ്. സാമ്പത്തിക സ്ഥിരത പുനഃസ്ഥാപിക്കണം. യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കാൻ വിദേശ നിക്ഷേപങ്ങൾ രാജ്യത്തെത്തിക്കും. മികച്ച ഭരണവും ജനങ്ങളോടുള്ള ഉത്തരവാദിത്വവും ഉറപ്പാക്കും. " - താരിഖ് കൂട്ടിച്ചേർത്തു.
അതേസമയം, സത്യപ്രതിജ്ഞ നാളെയോ ചൊവ്വാഴ്ചയോ ഉണ്ടാകും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാൻ ബി.എൻ.പി ആലോചിക്കുന്നെന്നാണ് റിപ്പോർട്ട്.വിജയാഘോഷങ്ങളോ റാലിയോ വേണ്ടയെന്നാണ് ബി.എൻ.പിയുടെ തീരുമാനം. സംഘർഷങ്ങൾ ഒഴിവാക്കാനും താരിഖിന്റെ മാതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ വിയോഗത്തിൽ അനുശോചിച്ചുമാണിത്. തിരഞ്ഞെടുപ്പ് നടന്ന 299 പാർലമെന്റ് സീറ്റുകളിൽ 212 എണ്ണവും ബി.എൻ.പിയും സഖ്യകക്ഷികളും സ്വന്തമാക്കി. 209 സീറ്റുകൾ ബി.എൻ.പി ഒറ്റയ്ക്ക് നേടി.
ചൈന 'വികസന
സുഹൃത്ത് "
ബംഗ്ലാദേശിന്റെയും രാജ്യത്തെ ജനങ്ങളുടെയും താത്പര്യങ്ങൾ പാലിച്ചാകും തന്റെ വിദേശനയമെന്ന് താരിഖ് പറഞ്ഞു. പരസ്‌പര താത്പര്യത്തെ അടിസ്ഥാനമാക്കിയുള്ള സൗഹൃദം എല്ലാ രാജ്യങ്ങളുമായി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും വ്യക്തമാക്കി. ചൈനയെ രാജ്യത്തിന്റെ 'വികസന സുഹൃത്ത്" എന്ന് വിശേഷിപ്പിച്ച താരിഖ്, അവരുമായി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ചു. ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീനയുടെ കൈമാറ്റം ഔദ്യോഗിക നിയമ പ്രക്രിയകളെ ആശ്രയിച്ചിരിക്കുമെന്നും ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |