SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.39 PM IST

യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം: കേന്ദ്രത്തിന്റെ സഹായം തേടി കുടുംബം

Increase Font Size Decrease Font Size Print Page
pic

ന്യൂഡൽഹി: യു.എസിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബം അടിയന്തര വിസാ സഹായത്തിന് കേന്ദ്ര സർക്കാരിന്റെ സഹായം തേടി. ബെർക്ക്‌ലിയിലെ യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയയിലെ വിദ്യാർത്ഥിയായിരുന്ന സാകേത് ശ്രീനിവാസയ്യയുടെ (22) മാതാപിതാക്കളാണ് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്.

മകന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്നും യു.എസിലെത്തി മൃതദേഹം ഏറ്റുവാങ്ങണമെന്നും ശരിയായ അന്വേഷണം ഉറപ്പാക്കണമെന്നും ബംഗളൂരുവിൽ താമസിക്കുന്ന പിതാവ് ശ്രീനിവാസയ്യ തമ്മനഗൗഡ പറഞ്ഞു. വസതിയിലെത്തിയ എം.എൽ.എ ആരതി കൃഷ്ണയോടാണ് ഇദ്ദേഹം ഇക്കാര്യം അഭ്യർത്ഥിച്ചത്.

ഈ മാസം 9ന് കാണാതായ സാകേതിനെ ശനിയാഴ്ച കാലിഫോർണിയയിലെ അൻസ തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സാകേതിന്റെ മരണം സ്ഥിരീകരിച്ച സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ്, നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ പ്രദേശിക ഉദ്യോഗസ്ഥരുമായി ഇടപെടുന്നുണ്ട്. കെമിക്കൽ ആൻഡ് ബയോ മോളിക്യുലാർ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു സാകേത്.

 ആത്മഹത്യയെന്ന് നിഗമനം

സാകേതിന്റെ മരണം സംബന്ധിച്ച അന്വേഷണ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംശയാസ്പദമായ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സാകേത് കഴിഞ്ഞ രണ്ടാഴ്ചയായി മാനസിക സമ്മർദ്ദം നേരിട്ടിരുന്നെന്ന് സുഹൃത്തുക്കളും അറിയിച്ചു.

ഒന്നിനോടും താത്പര്യം കാട്ടാതിരുന്ന സാകേത്, ആഹാരം കഴിക്കാൻ വിസമ്മതിച്ചിരുന്നെന്നും പലപ്പോഴും ചിപ്സും ബിസ്‌കറ്റുമാണ് കഴിച്ചിരുന്നതെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഐ.ഐ.ടി മദ്രാസിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് സാകേത് യു.എസിലെത്തിയത്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY