
ടെഹ്റാൻ: ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവാണ് കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമനേയിയുടെ മകൻ മൊജ്തബാ ഖമനേയി. 1979ൽ ഷാ ഭരണത്തെ തകർത്ത ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് ഇറാന്റ ആദ്യ പരമോന്നത നേതാവും ആത്മീയ ആചര്യനുമായി റുഹൊള്ള ഖൊമേനി അധികാരത്തിലേറി. അദ്ദേഹം 1989ൽ മരിച്ചതോടെയാണ് പിൻഗാമിയായി അയത്തൊള്ള അലി ഖമനേയിയുടെ രംഗപ്രവേശം.
ഖമനേയിയേക്കാൾ 'അപകടകാരിയാണ് ' മൊജ്തബാ എന്ന് ഇറാന്റെയുള്ളിൽ സംസാരമുണ്ട്. മൊജ്തബായെ തിരഞ്ഞെടുത്തതിന് പിന്നാലെ ഖമനേയിയുടെ അനുകൂലികൾ ടെഹ്റാനിൽ ആഹ്ലാദ പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
1969 സെപ്തംബർ 8ന് മഷാദിൽ ജനിച്ച മൊജ്തബാ, 1987ൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഭാഗമായി. ഇറാൻ-ഇറാക്ക് യുദ്ധത്തിൽ പങ്കെടുത്തു. 1999ൽ പുരോഹിതനാകാൻ മത പഠനം പുനരാരംഭിച്ചു. തുടർന്ന് ദൈവശാസ്ത്ര അദ്ധ്യാപകനായി. 2008ൽ ഖമനേയിയുടെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഒഫ് സ്റ്റാഫായി ചുമതലയേറ്റു.
തൊട്ടടുത്ത വർഷം ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ പാരാമിലിറ്ററി വിഭാഗമായ ബാസിജിന്റെ നിയന്ത്രണം മൊജ്തബായുടെ കൈകളിലെത്തി. 2019ൽ മൊജ്തബായ്ക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുമ്പോൾ, അവരുമായി ഇടപെടാൻ ശ്രമിച്ച പരിഷ്കരണവാദികളെ മൊജ്തബാ ശക്തമായി എതിർത്തു.
ഖമനേയിയുടെ ഭരണകാലത്ത് സുരക്ഷാ സേനകളെയും ബിസിനസ് സാമ്രാജ്യത്തെയും നിയന്ത്രിച്ച മൊജ്തബാ 'മിനി - പരമോന്നത നേതാവ്' എന്ന നിലയിലും അറിയപ്പെട്ടു. അതേ സമയം, ഭരണകൂട അനുകൂല റാലികളിൽ പങ്കെടുത്തിരുന്നെങ്കിലും വളരെ അപൂർവ്വമായാണ് മൊജ്തബാ പൊതുവേദികളിൽ സംസാരിച്ചിട്ടുള്ളത്.
രഹസ്യ കേന്ദ്രത്തിൽ
ഇസ്രയേലിന്റെയും യു.എസിന്റെയും വധഭീഷണിയുടെ സാഹചര്യത്തിൽ മൊജ്തബാ നിലവിൽ രഹസ്യ കേന്ദ്രത്തിലാണ്. അധികാരമേറ്റ ശേഷം മൊജ്തബാ ടെലിവിഷൻ അഭിസംബോധനയും നടത്തിയില്ല. ഫെബ്രുവരി 28ന് അയത്തൊള്ള അലി ഖമനേയി അടക്കം കുടുംബാംഗങ്ങളുടെ ജീവനെടുത്ത ടെഹ്റാനിലെ വ്യോമാക്രമണത്തിൽ മൊജ്തബായ്ക്കും പരിക്കേറ്റതായി പറയപ്പെടുന്നു.
# യു.എസിന്റെ അംഗീകാരമില്ലാതെ ഇറാന്റെ പുതിയ പരമോന്നത നേതാവ് അധികനാൾ നിലനിൽക്കില്ല.
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
( മൊജ്തബായെ പരമോന്നത നേതാവായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ പറഞ്ഞത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |