ലണ്ടൻ: ബ്രിട്ടനിൽ ഏറ്റവുമധിക കാലം അധികാരത്തിലിരുന്ന ഭരണാധികാരിയാണെങ്കിലും ഓൾഡി ഒഫ് ദ ഇയർ പുരസ്കാരം നൽകി തന്നെ വൃദ്ധയാക്കുന്നതിനോട് എലിസബത്ത് രാജ്ഞിയ്ക്ക് താൽപര്യമില്ല. പ്രശസ്ത ബ്രിട്ടീഷ് മാഗസിനായ ദ ഓൾഡി സംഘടിപ്പിച്ച പുരസ്കാരമാണ് രാജ്ഞി ബഹുമാനപൂർവം നിരസിച്ചത്.
വാർദ്ധക്യകാലത്ത് പൊതുസമൂഹത്തിന് പ്രത്യേക സംഭാവന നൽകുന്ന വ്യക്തിയ്ക്ക് ഓരോ വർഷവും ഈ പുരസ്കാരം നൽകാറുണ്ട്. 2011ൽ 90ാം വയസ്സിൽ രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പ് രാജകുമാരന് ഓൾഡി ഒഫ് ദ ഇയർ ലഭിച്ചിരുന്നു.
മനസ്സിൽ തോന്നുന്നതാണ് യഥാർത്ഥ പ്രായമെന്നും പുരസ്കാരം നേടാനുള്ള മാനദണ്ഡത്തിൽ താൻ എത്തിച്ചേർന്നിട്ടില്ലെന്നും 95 കാരിയായ രാജ്ഞി പറഞ്ഞു.
അർഹതയുള്ളവർക്ക് പുരസ്കാരം എത്തിച്ചേരട്ടെ എന്നും അവർ ആശംസിച്ചു.
രാജ്ഞിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ലെയിംഗ് ബേക്കറാണ് ഇതുസംബന്ധിച്ച് മാഗസിൻ അധികൃതർക്ക് കത്തയച്ചത്.
രാജ്ഞി നിഷേധിച്ചതോടെ പുരസ്കാരം ഫ്രഞ്ച് -അമേരിക്കൻ അഭിനേത്രിയും നർത്തകിയുമായ ലെസ്ലി കാരണിന് സമർപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. 90 വയസ്സുണ്ട് ലെസ്ലിയ്ക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |