ടോക്യോ : ലോക്ക്ഡൗൺ സമയത്ത് ഏറെ പ്രേക്ഷകരുള്ള പരിപാടികളിലൊന്നായിരുന്നു കുക്കറി ഷോകൾ. വെറുതെ കണ്ടിരിക്കാതെ ടി.വിയിൽ കാണുന്ന ഫുഡ് റെസിപ്പികൾ വീടുകളിൽ പരീക്ഷിക്കുകയും ചെയ്യുന്നവരാണ് ഏറെയും. എന്നാൽ നിങ്ങൾ ടെലിവിഷനിൽ കണ്ട ഭക്ഷണം യഥാർത്ഥത്തിൽ നിങ്ങൾക്ക് രുചിച്ചു നോക്കാനായാലോ? തമാശയല്ല. സംഗതി സത്യമാണ്. ഭക്ഷണം വീട്ടിലെ ടി.വി. സ്ക്രീനിൽ രുചിച്ചറിയാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജപ്പാനിലെ ഒരു പ്രൊഫസർ. ജപ്പാനിലെ മൈജി സർവകലാശാലയിൽ നിന്നുള്ള പ്രൊഫസർ ഹോമി മിയാഷിതയാണ് ഈ കണ്ടു പിടിത്തം നടത്തിയിരിക്കുന്നത്. ടേസ്റ്റ് ദ ടി.വി എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട് ടി.വിയിലൂടെ 10 രുചികൾ വരെ അറിയാനാകും. നിങ്ങളുടെ സ്ക്രീനിൽ കാണുന്ന വിഭവങ്ങളുടെ രുചികൾ നാവിൽ തുമ്പിലെത്തിക്കുന്ന 10 ഫ്ളേവർ കാനിസ്റ്ററുകളുടെ സംയോജനമാണ് ടി.വി സ്ക്രീനിൽ പ്രവർത്തിക്കുന്നത് . ഈ ഫ്ളേവർ സാമ്പിൾ ടി.വി സ്ക്രീനിലൂടെ കാഴ്ചക്കാരന്റെ നാവിലേയ്ക്ക് എത്തും. ഏകദേശം ഒരു ലക്ഷം യെൻ (65,000 രൂപ) ആണ് ടി.വിയുടെ നിർമ്മാണ ചിലവ്. ലോകത്തെ എവിടെയുളള വിഭവങ്ങളും ഇത്തരത്തിൽ രുചിച്ചു നോക്കാൻ എല്ലാവർക്കും സാധിക്കുന്ന രീതിയിലുള്ള ടി.വിയാണ് താനും തനിക്കൊപ്പമുളള ഗവേഷകരും ലക്ഷ്യമിടുന്നതെന്ന് ഹൊമി മിയാഷിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |