ലണ്ടൻ : കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള പാവയാണ് ടെഡി ബിയർ. അയ്യോ പാവം ലുക്കുള്ള ഈ സുന്ദരൻ കരടിക്കുട്ടന്മാർക്ക് ലോകമെമ്പാടും ആരാധകരേറെയാണ്. പല വലിപ്പത്തിലുള്ള ടെഡി ബിയറുകൾ ലഭ്യമാണ്. അത്തരത്തിൽ അഞ്ചടി ഉയരമുള്ള ഒരു കൂറ്റൻ ടെഡി ബിയർ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. എന്തിനാണന്നല്ലേ ! പൊലീസിനെ പേടിച്ച് ഈ ടെഡിയുടെ ഉള്ളിൽ കയറി ഒളിച്ചിരുന്ന ഒരു കള്ളനെ ഒടുവിൽ പൊലീസ് കൈയ്യോടെ പൊക്കി.
യു.കെയിലാണ് ഈ രസകരമായ സംഭവം. കാർ മോഷണ കേസിൽ പ്രതിയായ ജോഷ്വാ ഡോബ്സൺ എന്ന 18കാരനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ മാസം അവസാനമാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അയാളുടെ വീട്ടിലെത്തിയത്. വീട് അരിച്ചുപെറുക്കിയിട്ടും ജോഷ്വായുടെ ഒരു തുമ്പും കിട്ടിയില്ല. ഇതിനിടെ വീടിന്റെ ഒരു കോണിൽ ഒരു കൂറ്റൻ ടെഡി ബിയറിനെ കണ്ടു.
ടെഡി ബിയറിന് അനക്കമുണ്ടെന്ന് മനസിലായതോടെ അതിന്റെ അകം തുറന്ന് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ ജോഷ്വായെ കണ്ടെത്തിയത്. അറസ്റ്റിലായ ജോഷ്വായ്ക്ക് മോഷണമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കഴിഞ്ഞാഴ്ച ഒമ്പത് മാസം ജയിൽവാസം കോടതി വിധിച്ചു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസാണ് വാർത്ത പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |