മെക്സിക്കോ സിറ്റി: ഭൂചലന വാർഷിക ദിനത്തിൽ പടിഞ്ഞാറൻ മെക്സിക്കോയിൽ വീണ്ടും ഭൂചലനം. തിങ്കളാഴ്ച ഇന്ത്യൻ സമയം രാത്രി 9.30നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. പസഫിക് തുറമുഖ നഗരമായ മാൻസാനില്ലോയിൽ കെട്ടിടം തകർന്നാണ് ഒരാൾ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു.
വൈദ്യുതി ബന്ധം താറുമായി. രാജ്യം കണ്ട വിനാശകരമായ രണ്ട് ഭൂചലനങ്ങളുടെ വാർഷിക ദിനത്തിൽ തന്നെ മൂന്നാമതും ചലനമുണ്ടായതിന്റെ ഞെട്ടലിലാണ് ജനം.
മിചോഅകാൻ, കൊളിമ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ഭൗമോപരിതലത്തിൽ നിന്ന് 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. മെക്സിക്കൻ തീരത്ത് 9 അടി ഉയരത്തിൽ വരെ സുനാമിത്തിരകളുണ്ടാകുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും ആശങ്ക ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു.
1985 സെപ്തംബർ 19ന് മെക്സിക്കോയിലുണ്ടായ ഭൂചലനത്തിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു. 2017 സെപ്തംബർ 19നുണ്ടായ ഭൂചലനത്തിൽ 350 ലേറെ പേരും കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |