ലണ്ടൻ : 1981 ജൂലായ് 29നാണ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ രാജകീയ വിവാഹത്തിന് ബ്രിട്ടൻ സാക്ഷിയായത്. ചാൾസ് മൂന്നാമൻ രാജാവും ( അന്ന് ചാൾസ് രാജകുമാരൻ ) ഡയാന രാജകുമാരിയും തമ്മിലെ വിവാഹമായിരുന്നു അത്. വെള്ള നിറത്തിലെ രാജകീയ ഗൗണണിഞ്ഞ് ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിലേക്ക് നടന്നു നീങ്ങിയ ഡയാനയെ ഇന്നും ആർക്കും മറക്കാനാകില്ല.
ഡയമണ്ട് കൊണ്ട് അലങ്കരിച്ച ഗാർലൻഡ് - സ്റ്റൈൽ ടിയാരയണിഞ്ഞ നക്ഷത്രക്കണ്ണുള്ള ഡയാന രാജകുമാരി ഇന്നും ഫാഷൻ ലോകത്തിനും പ്രിയങ്കരിയാണ്. ബ്രിട്ടൻ ആഘോഷമാക്കിയ ചാൾസ് - ഡയാന വിവാഹത്തിലെ കേക്കിന്റെ ഒരു പീസ് ഇപ്പോഴിതാ ലേലത്തിൽ പോയിരിക്കുകയാണ്. 170 പൗണ്ട് ( 15,864 രൂപ ) ആണ് ലേലത്തിൽ രാജകീയ കേക്കിന് ലഭിച്ച തുക. ഇംഗ്ലണ്ടിലെ ഡോർ ആൻഡ് റീസ് ഓക്ഷൻ ഹൗസാണ് കേക്കിന്റെ പീസ് ലേലത്തിലെത്തിച്ചത്. കേക്കിന് കുറഞ്ഞത് 300 പൗണ്ട് ( 28,000 രൂപ ) ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രതീക്ഷിച്ചത്ര തുക ലഭിച്ചില്ല.
41 വർഷം പഴക്കമുള്ള കേക്കിന്റെ പീസ് അന്ന് വിവാഹത്തിൽ പങ്കെടുത്ത നൈജൻ റിക്കെറ്റ്സ് എന്ന അതിഥിയാണ് സൂക്ഷിച്ചുവച്ചത്. 1980 - 1985 കാലയളവിൽ ഇദ്ദേഹം വിൻഡ്സർ കാസിലിൽ ജോലി ചെയ്തിരുന്നു. ഈ വർഷം ആദ്യം ഇദ്ദേഹം മരിച്ചു.
അഞ്ച് അടി നീളവും അഞ്ച് പാളികളുമുണ്ടായിരുന്ന കൂറ്റൻ ഫ്രൂട്ട് കേക്കിന്റെ മദ്ധ്യ ഭാഗത്ത് നിന്നുള്ള കഷണമാണിതെന്ന് കരുതുന്നു. ബക്കിംഗ്ഹാം പാലസിന്റെ പേരും വിവാഹ തീയതിയും രേഖപ്പെടുത്തിയ പ്രത്യേക ബോക്സിലായിരുന്നു ഈ കേക്ക് പീസ് സൂക്ഷിച്ചിരുന്നത്. ചാൾസ് - ഡയാന വിവാഹത്തിൽ ഈ ഫ്രൂട്ട് കേക്ക് അടക്കം 23 ഔദ്യോഗിക വെഡ്ഡിംഗ് കേക്കുകൾ ഉണ്ടായിരുന്നു. 2014ൽ ഇതേ ഫ്രൂട്ട് കേക്കിന്റെ ഒരു പീസ് 990 പൗണ്ടിന് ( 91,772 രൂപ ) ലേലത്തിൽ വിറ്റിരുന്നു.
നൂറ്റാണ്ടിന്റെ വിവാഹമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നെങ്കിലും ചാൾസും ഡയാനയും 1992ൽ വേർപിരിഞ്ഞിരുന്നു. 4 വർഷങ്ങൾക്ക് ശേഷം ഔദ്യോഗികമായി ബന്ധം വേർപെടുത്തി. 1997 ഓഗസ്റ്റ് 31ന് ഒരു കാറപകടത്തിൽ ഡയാന അകാലത്തിൽ വിടപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |