SignIn
Kerala Kaumudi Online
Monday, 01 September 2025 12.24 AM IST

പാകിസ്ഥാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ; തുടക്കവും തകർച്ചയും

Increase Font Size Decrease Font Size Print Page

photo

ഇന്ത്യയുടെ സ്വാതന്ത്ര്യം അയഥാർത്ഥമാണെന്നും ജവഹർലാൽ നെഹ്‌റു ബ്രിട്ടീഷ് ഏജന്റാണെന്നും തിരിച്ചറിഞ്ഞ് സായുധ സമരത്തിലൂടെ വിപ്ളവം പൂർത്തീകരിക്കാനും സോഷ്യലിസം നടപ്പാക്കാനും തീരുമാനിച്ച 1948 ലെ കൽക്കട്ട കോൺഗ്രസിലാണ് പാകിസ്ഥാൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത്. 1940 മാർച്ചിലാണ് സർവേന്ത്യ മുസ്ളിംലീഗ് ഇന്ത്യാ വിഭജനം ആവശ്യപ്പെട്ടത്. രണ്ടു വർഷത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയും അവരോടു യോജിച്ചു. പാർട്ടി ദ്വിരാഷ്ട്രവാദം അംഗീകരിച്ചില്ലെങ്കിലും പാകിസ്ഥാൻ എന്ന ആശയത്തെ പിന്തുണച്ചു. ഉസ്ബെക്കുകളെയും താജിക്കുകളെയും പോലെ സിന്ധികളും ബലൂചികളും പത്താൻകാരും പഞ്ചാബി മുസ്ളിങ്ങളും വ്യത്യസ്ത ദേശീയതകളാണെന്നും അവർക്ക് സ്വയം നിർണയാവകാശത്തിനും രാജ്യത്തു നിന്നു വിട്ടുപോകാനും അർഹതയുണ്ടെന്ന് സഖാവ് ഗംഗാധർ അധികാരി 1942 ആഗസ്റ്റ് എട്ടിന്റെ ലക്കം പീപ്പിൾസ് ഏജിൽ എഴുതിയ ലേഖനത്തിലൂടെ സമർത്ഥിച്ചു. തെലുങ്കരും പഞ്ചാബികളും ബംഗാളികളും തമിഴരും മലയാളികളുമൊക്കെ വ്യത്യസ്ത ദേശീയതകളാണെന്ന് പാർട്ടി കരുതി. അതുകൊണ്ടാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന പുസ്തകം എഴുതിയത്. 1946 ൽ മലബാർ സന്ദർശിച്ച ലിയാഖത്ത് അലിഖാനെ ലീഗുകാർ പച്ചമാലയും കമ്മ്യൂണിസ്റ്റുകാർ ചുവന്ന മാലയും അണിയിച്ചു സ്വീകരിച്ചു എന്നുമുണ്ട് ചരിത്രം. 1947 ജൂൺ മൂന്നിന് ബ്രിട്ടീഷ് ഭരണാധികാരികളും കോൺഗ്രസുമടക്കം വിഭജനം അംഗീകരിക്കേണ്ടതായി വന്നു. ആ വർഷം ആഗസ്റ്റ് 15 ന് ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്ര രാജ്യങ്ങളായി മാറി. അതോടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും രണ്ടായി പിരിയേണ്ട സാഹചര്യം ഉളവായി. 1948 മാർച്ച് ആറാം തീയതി കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് പാകിസ്ഥാൻ (സി.പി.പി) കൽക്കട്ടയിൽ രൂപീകൃതമായി.

പാകിസ്ഥാന്റെ ഭാഗമായി തീർന്ന കിഴക്കൻ ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നല്ല അടിത്തറയുണ്ടായിരുന്നു - പ്രത്യേകിച്ചും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ഇടയിൽ. പക്ഷേ പ്രമുഖ നേതാക്കളാരും പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറായില്ല. കിഴക്കൻ ബംഗാളുകാരനായ മുസാഫിർ അഹമ്മദു പോലും ഇന്ത്യയിൽ തുടരാനാണ് ആഗ്രഹിച്ചത്. വിഭജനകാലത്ത് ബ്രാഹ്മണരും കായസ്ഥരും ഇതര സവർണ സമുദായക്കാരും നാടുവിട്ടതിനാൽ പട്ടികജാതിക്കാരായ നമോശൂദ്രരാണ് പാർട്ടിയിൽ അവശേഷിച്ചത്. ഇന്ത്യയെക്കാൾ ഭൂവിസ്തൃതി കുറഞ്ഞ രാജ്യമായതുകൊണ്ടും രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്നതിനാലും ദാരിദ്ര്യവും ചൂഷണവും അധികമായതിനാലും പാകിസ്ഥാനിൽ വിപ്ളവം പെട്ടെന്നുണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തിയത്. അതു തെറ്റാണെന്ന് വളരെ വേഗം വ്യക്തമായി. മാത്രമല്ല കമ്മ്യൂണിസ്റ്റുകാരോട് എന്തെങ്കിലും ആനുകൂല്യവും കാണിക്കാൻ മുസ്ളിം ലീഗും പാകിസ്ഥാൻ ഗവൺമെന്റും തയ്യാറായതുമില്ല. ലിയാഖത്ത് അലിഖാന്റെ സർക്കാർ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അടിച്ചമർത്തി. 1949 ഡിസംബർ 20 ന് കൽഷിറയിൽ ആരംഭിച്ച പൊലീസ് നടപടി 1950 ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ വലിയ ഹിന്ദുവിരുദ്ധ ലഹളയായി പരിണമിച്ചു. നിരവധി പേർ കൊല്ലപ്പെട്ടു. വലിയ സ്വത്തുനാശവുമുണ്ടായി. പതിനായിരക്കണക്കിന് അഭയാർത്ഥികൾ ഇന്ത്യയിലേക്ക് പ്രവഹിച്ചു.

സയ്യിദ് സജ്ജാദ് സഹീറിനെയാണ് പാകിസ്ഥാനിൽ പാർട്ടി കെട്ടിപ്പടുക്കാനുള്ള ചരിത്ര ദൗത്യം ഏൽപിച്ചിരുന്നത്. ലഖ്‌നൗവിലെ ഒരു അഭിജാത ഷിയ മുസ്ളിം കുടുംബാംഗമായിരുന്നു സഹീർ. അദ്ദേഹത്തിന്റെ പിതാവ് സർ സയ്യിദ് വസീർ ഹസൻ ഔധ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസും ജ്യേഷ്ഠൻ അലി സഹീർ 1946 ലെ നെഹ്രുവിന്റെ ഇടക്കാല മന്ത്രിസഭയിലെ അംഗവും പിന്നീട് ഇറാനിലെ ഇന്ത്യൻ അംബാസഡറുമായിരുന്നു. ഓക്‌സ്ഫോർഡിൽ ബി.എയ്ക്കു പഠിക്കുമ്പോഴാണ് സജ്ജാദ് സഹീർ കമ്മ്യൂണിസ്റ്റുകാരനായത്. കവിയും എഴുത്തുകാരനുമായ അദ്ദേഹം പുരോഗമന സാഹിത്യ സംഘടനയുടെ പ്രധാന ചുമതലക്കാരനായിരുന്നു. 1943 ൽ ബോംബെയിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസാണ് അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സജ്ജാദ് സഹീർ ഭാര്യയെയും നാലു പെൺമക്കളെയും ലഖ്‌‌നൗവിൽ വിട്ടിട്ടാണ് പാർട്ടി കെട്ടിപ്പടുക്കാൻ പാകിസ്ഥാനിലേക്ക് പോയത്.

കിഴക്കൻ ബംഗാളിലേക്കാൾ കഷ്ടമായിരുന്നു പടിഞ്ഞാറൻ പാകിസ്ഥാനിലെ കാര്യങ്ങൾ. അവിടെ വികസിതമായ മുതലാളിത്ത വ്യവസ്ഥിതിയോ സംഘടിത തൊഴിലാളിവർഗമോ ഉണ്ടായിരുന്നില്ല. വിദ്യാർത്ഥികളെയും ബുദ്ധിജീവികളെയും സംഘടിപ്പിച്ച് പാർട്ടി ശക്തിപ്പെടുത്താനാണ് സജ്ജാദ് സഹീർ യത്നിച്ചത്. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ വളരെപ്പെട്ടെന്ന് ശക്തിപ്പെട്ടു. പക്ഷേ അതിനപ്പുറം വലിയമുന്നേറ്റമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. തെലങ്കാന മാതൃകയിലുള്ള സമരമൊന്നും പാകിസ്ഥാനിൽ സാദ്ധ്യമല്ലായിരുന്നു. അതുകൊണ്ടു തന്നെ ഭരണം പിടിക്കാൻ നേതാക്കൾ വേറെ വഴി തേടി. 1947 - 48 കാലത്ത് ഇന്ത്യയിൽ നിന്ന് കാശ്മീരിനെ മോചിപ്പിക്കാൻ കൂലിപ്പട്ടാളത്തെ പരിശീലിപ്പിച്ചയാളാണ് മേജർ ജനറൽ അക്ബർ ഖാൻ. 1949 ജനുവരി ഒന്നിന് ദൗത്യം പൂർത്തിയാകാതെ വെടിനിറുത്തൽ നിലവിൽ വന്നപ്പോൾ അദ്ദേഹം തീർത്തും നിരാശനായി. തുർക്കിയിലെ കമാൽപാഷയുടെ ആരാധകനും ഇടതുപക്ഷ രാഷ്ട്രീയത്തോടു ചായ്‌വുള്ളയാളുമായിരുന്നു അക്ബർ ഖാൻ. അദ്ദേഹം സമാന ചിന്താഗതിക്കാരായ സൈനിക ഉദ്യോഗസ്ഥരോടും കമ്മ്യൂണിസ്റ്റ് നേതാക്കളോടും ആശയ വിനിമയം നടത്തി. വിമുക്തഭടനും കമ്മ്യൂണിസ്റ്റ് നേതാവും കവിയുമായ ഫൈസ് അഹമ്മദ് ഫയിസുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതി തയ്യാറാക്കി. എന്നാൽ സൈന്യത്തിന്റെ ഭാഗത്തു നിന്ന് പിന്തുണ ലഭിച്ചില്ല. സൈനിക ഗൂഢാലോചന കണ്ടുപിടിച്ചതായി പ്രധാനമന്ത്രി ലിയാഖത്ത് അലിഖാൻ 1951മാർച്ച് ഒമ്പതിന് രാഷ്ട്രത്തെ അറിയിച്ചു. അക്ബർ ഖാനും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സജ്ജാദ് സഹീറും ഫൈസ് അഹമ്മദ് ഫയിസുമടക്കം 15 പേർ അറസ്റ്റ് ചെയ്യപ്പെട്ടു. പാകിസ്ഥാനിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് പ്രതികളെ സൈനിക കോടതി വിചാരണ ചെയ്തു. ഇത് റാവൽപിണ്ടി ഗൂഢാലോചനക്കേസ് എന്നറിയപ്പെട്ടു.

റാവൽപിണ്ടി ഗൂഢാലോചനക്കേസിന്റെ വിചാരണ 18 മാസം നീണ്ടു. മുൻ ബംഗാൾ മുഖ്യമന്ത്രി ഹുസൈൻ ഷഹീദ് സുഹ്രവർദിയായിരുന്നു പ്രതിഭാഗം അഭിഭാഷകൻ. സൈനിക കോടതി എല്ലാ പ്രതികളെയും ദീർഘകാല ജയിൽ ശിക്ഷക്ക് വിധിച്ചു. ജീവപര്യന്തം കഠിന തടവിന് വിധിക്കപ്പെട്ട സജ്ജാദ് സഹീറിനെ ജവഹർലാൽ നെഹ്‌റു ഇടപെട്ട് മോചിപ്പിച്ച് 1954 ൽ ഇന്ത്യയിലേക്ക് തിരികെകൊണ്ടുവന്നു. അദ്ദേഹം ശിഷ്ടകാലം കവിതയും ലേഖനവുമെഴുതി ജീവിച്ചു. 1957 ൽ സുഹ്രവർദി പാകിസ്ഥാൻ പ്രധാനമന്ത്രിയായപ്പോൾ മറ്റു പ്രതികൾക്കും ശിക്ഷ ഇളവു നൽകി മോചിപ്പിച്ചു. ഫൈസ് അഹമ്മദ് ഫയിസ് പാകിസ്ഥാനിൽ തുടർന്നു. കവിതകളും ദേശഭക്തിഗാനങ്ങളും എഴുതി പ്രസിദ്ധനായി. പിൽക്കാലത്തും പാകിസ്ഥാനിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നാമമാത്രമായി നിലനിന്നു. ഇപ്പോഴും അതങ്ങനെ തന്നെ തുടരുന്നു.

TAGS: PAKISTAN COMMUNIST PARTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.