SignIn
Kerala Kaumudi Online
Friday, 26 April 2024 10.05 PM IST

ഷെഹബാസിന്റെ ഒലിവ് ചില്ല

shehbaz-sharif-

കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്ത്യയുമായി ചർച്ചചെയ്ത് പരിഹരിക്കാനാണ് താത്പര്യമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറയുന്നു. ദുബായ് ആസ്ഥാനമായ അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 'പരസ്പരം ഏറ്റുമുട്ടി സമ്പത്തും സമയവും പാഴാക്കേണ്ടതില്ല. ഇന്ത്യയുമായുള്ള യുദ്ധങ്ങൾ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്‌മയുമാണ് നൽകിയത്. ഞങ്ങൾ പാഠം പഠിച്ചു. ഇന്ത്യയുൾപ്പെടെ എല്ലാ അയൽക്കാരുമായും സമാധാനത്തിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.'

സഹോദരരാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും ബംഗ്ളാദേശും. 1947 ആഗസ്റ്റ് 15 ന് ഇരുരാജ്യങ്ങളും ഒന്നിച്ചാണ് സ്വാതന്ത്ര്യം നേടിയതും വിഭജിച്ചു പിരിഞ്ഞതും. അന്നുമുതൽ തർക്കവും വഴക്കും യുദ്ധവുമല്ലാതെ ശാന്തിയും സമാധാനവും നന്നേ കുറവായിരുന്നു. വലിയ കലാപവും ചോരച്ചൊരിച്ചിലുമായാണ് ഇന്ത്യാ വിഭജനം പൂർത്തീകരിച്ചത്. അതിന്റെ കയ്പു മാറും മുമ്പ് കാശ്മീരിനെച്ചൊല്ലി ഇരുരാജ്യങ്ങളും ഏറ്റുമുട്ടി. പൂർണ വിജയത്തിലെത്താതെ അതു പകുതിവഴിയിൽ നിറുത്തേണ്ടി വന്നു. കാശ്മീരിനെച്ചൊല്ലി 1965 ൽ വീണ്ടും യുദ്ധമുണ്ടായി. അതും എങ്ങുമെത്താതെ അവസാനിച്ചു. കിഴക്കൻ ബംഗാളിലെ വിഭാഗീയ പ്രവർത്തനങ്ങൾ 1971 ൽ മൂന്നാമത്തെ യുദ്ധത്തിന് കാരണമായി. അതോടെ ബംഗ്ളാദേശ് എന്ന പുതിയൊരു രാജ്യം രൂപീകൃതമായി. ഇന്ത്യാ വിരോധമാണ് എക്കാലവും പാക് രാഷ്ട്രീയത്തിന്റെ ചാലകശക്തി. ഇന്ത്യയുമായി ആയിരം കൊല്ലം യുദ്ധം ചെയ്തിട്ടാണെങ്കിലും കാശ്മീരിനെ മോചിപ്പിക്കണമെന്നാണ് രാഷ്ട്രീയ നേതാക്കളും മതപണ്ഡിതരും നിരന്തരം ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. ബഡ്‌ജറ്റിന്റെ വലിയൊരു ഭാഗം പ്രതിരോധ ച്ചെലവിലേക്കാണ് മാറ്റിവയ്‌ക്കുന്നത്. അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ധനസഹായത്തിന്റെ സിംഹഭാഗവും യുദ്ധായുധങ്ങൾ വാങ്ങാനും സൈന്യത്തെ നവീകരിക്കാനും തന്നെ ചെലവഴിക്കുന്നു. ചിലപ്പോഴൊക്കെ ഭരണാധികാരികൾക്ക് വിവേകം ഉദിക്കുകയും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്. 1999 ലെ അമൃത്‌സർ - ലാഹോർ ബസ് സർവീസ് അത്തരമൊരു നീക്കമായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പേയിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും അതിന് മുൻകൈയെടുത്തു. എന്നാൽ സമാധാനാന്തരീക്ഷം അധികകാലം നിലനിന്നില്ല. ഷെരീഫിനെപ്പോലും അറിയിക്കാതെ പാക് സൈനികർ ജമ്മു കാശ്മീരിലെ കാർഗിൽ മേഖലയിൽ നുഴഞ്ഞുകയറി. അത് വീണ്ടുമൊരു യുദ്ധത്തിലേക്ക് നയിച്ചു. 2014 ൽ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുത്തതും സമാധാന ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ അധികം വൈകാതെ ഉറിയിൽ പാക് സൈന്യം ഇന്ത്യൻ ക്യാമ്പ് ആക്രമിക്കുകയും അതു കടുത്ത പ്രത്യാക്രമണത്തിന് വഴിയൊരുക്കുകയും ചെയ്തു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പിന്നെയും വഷളായി. 2019 ലെ പുൽവാമ ആക്രമണവും ഇന്ത്യയുടെ ബാലാകോട്ട് പ്രത്യാക്രമണവും കാര്യങ്ങൾ കൂടുതൽ വഷളാക്കി. തീവ്രവാദികളുടെയും സൈന്യത്തിന്റെയും പിന്തുണയോടെ പാകിസ്ഥാനിൽ ഇമ്രാൻഖാന്റെ പാർട്ടി അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ പിന്നെയും മോശമായി. അവർ തീവ്രമായ ഇന്ത്യാ വിരോധം പ്രചരിപ്പിക്കുകയും ജിഹാദിന് ആഹ്വാനം ചെയ്യുകയുമായിരുന്നു.

പരമ്പരാഗതവൈരികളായ പാകിസ്ഥാൻ മുസ്ളിംലീഗും പീപ്പിൾസ് പാർട്ടിയും ഇമ്രാൻഖാനെ മറിച്ചിടാൻ കൈകോർത്തു. ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയും ബിലാവൽ ഭൂട്ടോ സർദാരി വിദേശകാര്യമന്ത്രിയുമായി പുതിയ സർക്കാർ അധികാരമേറ്റു. അധികാരഭ്രഷ്ടനായ ഇമ്രാൻഖാൻ റാലികളും പൊതുയോഗങ്ങളും നടത്തി സർക്കാരിനെ വെല്ലുവിളിക്കുകയാണ്. രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. അതേസമയം പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ആടിയുലയുകയാണ്. പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമായി. കഴിഞ്ഞ വർഷമുണ്ടായ പ്രളയം രാജ്യത്തെ തകർത്തു. 1700 ഓളം പേർ മരിച്ചു. എട്ടുകോടി ആളുകൾ ഭവന രഹിതരായി. പ്രളയം കൊണ്ടുണ്ടായ നഷ്ടം സുമാർ മൂന്നു ബില്യൺ ഡോളറാണ്. പ്രകൃതിദുരന്തം സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപിച്ച ആഘാതം അതിന്റെയും നാലുമടങ്ങാണ്. ആഗോള സാമ്പത്തിക മാന്ദ്യവും കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക കുഴപ്പവും നിലനിൽക്കുമ്പോഴാണ് പ്രളയം പാകിസ്ഥാനെ വിഴുങ്ങിയത്. അതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നു. വിലക്കയറ്റം 55 മുതൽ 60 വരെ ശതമാനമാണ് ; പണപ്പെരുപ്പം 20 മുതൽ 25 ശതമാനം വരെയും. അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്നെടുത്ത വായ്‌പ തിരിച്ചടയ്ക്കാനും കഴിയാതെ പാകിസ്ഥാൻ കുഴങ്ങുകയാണ്. അമേരിക്കയുടെ ഉപഗ്രഹ രാഷ്ട്രമാണ് പാകിസ്ഥാൻ. ശീതയുദ്ധം അവസാനിക്കുകയും തീവ്രവാദത്തിനെതിരായ യുദ്ധം അവസാനിപ്പിക്കുകയും ചെയ്തതോടെ അമേരിക്കയ്ക്ക് പാകിസ്ഥാനെ പഴയതുപോലെ ആവശ്യമില്ലാതായി. സാമ്പത്തിക സഹായങ്ങളും കുറച്ചു. തീവ്രവാദത്തിന് പിന്തുണ നൽകുന്ന രാഷ്ട്രമാണ് പാകിസ്ഥാനെന്ന് അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും പഴിക്കുന്നു. പാകിസ്ഥാന് നൽകുന്ന സഹായം അമേരിക്കയുടെ തന്നെ വിനാശത്തിനു വഴിതെളിക്കുമെന്ന് അവർ ഭയപ്പെടുന്നു. അഴിമതിക്ക് കുപ്രസിദ്ധി ആർജ്ജിച്ച രാജ്യമാണ് പാകിസ്ഥാൻ. പീപ്പിൾസ് പാർട്ടിയും മുസ്ളിം ലീഗും മത്സരിച്ചാണ് പൊതുമുതൽ കൊള്ളയടിക്കുന്നത്. ഇമ്രാൻഖാന്റെ പാർട്ടിയും അക്കാര്യത്തിൽ ഒട്ടും മോശമല്ല. അഴിമതിയുടെ കൂടെപ്പിറപ്പാണ് കെടുകാര്യസ്ഥത. ഫലത്തിൽ ഭരണയന്ത്രം നിശ്ചലമാണ്.

വിലക്കയറ്റവും പണപ്പെരുപ്പവും അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് പൊറുതിമുട്ടിയ ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് ഇപ്പോൾ. ജനകീയ പ്രതിഷേധം ഇനിയും തുടരുന്നപക്ഷം പട്ടാളം അധികാരം പിടിച്ചെടുക്കാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ വർഷം ശ്രീലങ്കയിലുണ്ടായതുപോലുള്ള സംഭവങ്ങൾ ഈ വർഷം പാകിസ്ഥാനിൽ ആവർത്തിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ ഭിക്ഷാപാത്രവുമായി പശ്ചിമേഷ്യൻ രാജ്യങ്ങളെയും അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികളെയും തന്നെ സമീപിക്കുകയാണ് പാകിസ്ഥാൻ. ഇക്കഴിഞ്ഞ ജനുവരി ഒമ്പതിന് ജനീവയിൽ ഒരു അന്താരാഷ്ട്ര സമ്മേളനം വിളിച്ചുകൂട്ടി. 40 രാജ്യങ്ങളിൽ നിന്നായി ഒമ്പതു മില്യൺ ഡോളർ സമാഹരിക്കാൻ കഴിയുമെന്നാണ് പാകിസ്ഥാൻ കരുതുന്നത്. ജനകീയ പ്രതിഷേധം കനക്കുകയും വിദേശസഹായം വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഷെഹബാസ് ഷെരീഫിന് വീണ്ടുവിചാരമുണ്ടായതും ഇന്ത്യക്കു നേരെ ഒലിവിൻ ചില്ല നീട്ടുന്നതും.

കാശ്മീർ അടക്കമുള്ള പ്രശ്നങ്ങളൊന്നും ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയാത്തവയല്ല. അത്തരം പരിശ്രമങ്ങൾ മുമ്പും പലതവണ നടന്നിട്ടുള്ളതാണ്. അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന എല്ലാ ധാരണകളും പാകിസ്ഥാൻ അധികം വൈകാതെ കാറ്റിൽ പറത്തുകയും ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റവും വിധ്വംസക പ്രവർത്തനങ്ങളും തുടരുകയും ചെയ്യും. പഴുതാരയെ വിശ്വസിച്ചാലും പാകിസ്ഥാനെ വിശ്വസിക്കാൻ വയ്യ എന്നർത്ഥം. ഷെഹബാസ് ഷെരീഫ് പറഞ്ഞത് ആത്മാർത്ഥമായിട്ടാണെങ്കിൽ പോലും അതു നടപ്പാക്കുക ശ്രമകരമാണ്. പീപ്പിൾസ് പാർട്ടിയടക്കം പാകിസ്ഥാനിലെ സകല രാഷ്ട്രീയകക്ഷികളും ഇന്ത്യയുമായി സമാധാനമുണ്ടാക്കുന്നതിന് എതിരാണ്. മതപണ്ഡിത രുടെയും തീവ്രവാദ സംഘടനകളുടെയും കാര്യം പറയാനുമില്ല. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സമാധാനത്തിന് പരിശ്രമിച്ചാലും സൈന്യം അതനുവദിക്കുകയില്ല. ഇന്ത്യാ വിരോധമാണ് രാഷ്ട്രീയ പാർട്ടികളുടേതെന്നപോലെ സൈന്യത്തിന്റെയും നിലപാടുതറ. പാകിസ്ഥാനെ ശത്രുസ്ഥാനത്തു നിലനിറുത്തുന്നതാണ് ഇന്ത്യഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കും ഗുണകരം. ഏതുനിലയ്ക്ക് നോക്കിയാലും ഷെഹബാസ് ഷെരീഫിന്റെ ഒലിവിൻ ചില്ല വാടി ഉണങ്ങിപ്പോകാനാണ് സാദ്ധ്യത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHEHBAZ SHARIF, PAKISTAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.