SignIn
Kerala Kaumudi Online
Wednesday, 03 September 2025 6.38 PM IST

സൈബർ ഫോറൻസിക് കാലത്തിന്റെ ആവശ്യം

Increase Font Size Decrease Font Size Print Page

parasparam

അഡ്വ. വി.ജെ. റെജി വസന്ത്

ചെയർമാൻ

മിബിസ് സൈബർ ഫോറൻസിക് ലബോട്ടറി

അഞ്ചാംപാതിര, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഡിജിറ്റൽ തെളിവുകളിലൂടെയുള്ള കുറ്റാന്വേഷണ രീതികൾ മലയാളികൾക്ക് പരിചിതമായത്. അപ്രസക്തമെന്ന് കരുതുന്ന ശബ്ദ സന്ദേശങ്ങളിലൂടെ, വീഡിയോകളിലൂടെ, സ്ക്രീൻ ഷോട്ടുകളിലൂടെ കേസിന്റെ ഗതി തന്നെ മാറ്റുന്ന സംഭവവികാസങ്ങൾ അതിനു മുമ്പും ഉണ്ടായിട്ടുണ്ട്. നിർമ്മിതബുദ്ധിയുടെ കാലത്ത് കേസന്വേഷണങ്ങളിൽ സൈബർ ഫോറൻസിക് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഗവേഷകനും കേശവദാസപുരം ആസ്ഥാനമായ 'മിബിസ് സൈബർ ഫോറൻസിക് ലബോട്ടറി"യുടെ ചെയർമാനും അഭിഭാഷകനുമായ അഡ്വ. വി.ജെ. റെജി വസന്ത് 'കേരളകൗമുദി"യോട് സംസാരിക്കുന്നു.

? സൈബർ ഫോറൻസിക് മേഖലയിൽ ഏറ്റവും അധികം വരുന്ന കേസുകൾ.

കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും ഇക്കാലത്ത് ഫോറൻസിക് അവിഭാജ്യ ഘടകമാണ്. ഭാരതീയ ന്യായ സംഹിത വന്നതോടെ മുൻപത്തെക്കാൾ ഫോറൻസിക് നിർബന്ധമാക്കിയിട്ടുണ്ട്. അനുദിനം സാങ്കേതികവിദ്യ വികസിക്കുന്നതിനാൽ ഇന്ന് കേസ് തെളിയിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥർക്കും വലിയ പ്രയാസമാണ്. ഓരോ ദിവസവും അഭിമുഖീകരിക്കുന്ന കേസുകൾ വ്യത്യസ്തമാണ്. ഏറ്റവും ചെറിയ ഹാക്കിംഗ് മുതൽ മാൽവെയർ, നെറ്റ്‌വർക്ക് ഫോറൻസിക്, മൊബൈൽ ഡിവൈസ് ഫോറൻസിക്, ഡിസ്ക് ഫോറൻസിക് തുടങ്ങിയ കേസുകൾ വരെ കൈകാര്യം ചെയ്യുന്നുണ്ട്.

ക്രിമിനൽ കേസുകൾക്കു മാത്രമല്ല, സിവിൽ നിയമത്തിലും ഫോറൻസിക്കിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താം. സർക്കാർ- സ്വകാര്യ ഫോറൻസിക് ലാബുകളിൽ കേസുകൾ കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത തരത്തിലാണ്. വിദഗ്ദ്ധ അഭിപ്രായത്തിനു വേണ്ടി പൊലീസ് ഉദ്യോഗസ്ഥർ സമീപിക്കാറുണ്ട്. നിരപരാധിത്വം തെളിയിക്കാൻ പൊതുജനങ്ങളിൽ നിന്നും അന്വേഷണങ്ങൾ വരാറുണ്ട്.

?​ ഒരു സൈബർ ഫോറൻസിക് വിദഗ്ദ്ധൻ ചെയ്യുന്നത്...

ഫോറൻസിക് ഒരു കച്ചവടമല്ല; സാമൂഹിക പ്രതിബദ്ധതയുള്ള കർമ്മമേഖലയാണ്. ഡിജിറ്റൽ യുഗത്തിൽ 'സൈബർ ഫോറൻസിക്" എന്ന വാക്കിനു പകരം 'ഡിജിറ്റൽ ഫോറൻസിക്" എന്നാണ് ഉപയോഗിക്കുന്നത്. ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നു കരുതുക. ചില ഡിജിറ്റൽ റെക്കാഡുകൾ കൈയിലുണ്ട്. എന്നാൽ, സാധാരണ ഡിജിറ്റൽ രേഖകൾ തെളിവുകളാവില്ല. ഡിജിറ്റൽ തെളിവുകൾ നിയമം അനുശാസിക്കുന്ന രീതിയിൽ കോടതിയിൽ ഹാജരാക്കണം. അത്തരത്തിൽ അവതരിപ്പിക്കുന്നതാണ് സൈബർ ഫോറൻസിക് വിദഗ്ദ്ധന്റെ ദൗത്യം. അതിന് സാങ്കേതികവിദ്യയിലും നിയമത്തിലും നെറ്റ്‌വർക്കിംഗിലും പ്രാവീണ്യമുണ്ടാവണം. കേവലം ഡാറ്റാ റിക്കവറി മാത്രമല്ല ഫോറൻസിക്കിലൂടെ ചെയ്യുന്നത്. അഭിഭാഷകനോടൊപ്പം കുറ്റം തെളിയിക്കുന്നതിൽ ഫോറൻസിക് വിദഗ്ദ്ധനും പങ്കു വഹിക്കുന്നു. ഒരാൾക്ക് നീതി വാങ്ങിക്കൊടുക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് അത്. ഫോറൻസിക്കിൽ വീഴ്ച വന്നാൽ നീതി നി‌ർവഹണത്തിലും വീഴ്ച വരും.

?​ എല്ലാത്തരം കേസുകളും ഫോറൻസിക്കിലൂടെ പരിഹരിക്കാനാവുമോ.

ഒരു ഡിജിറ്റൽ തെളിവ് ലഭിക്കുമ്പോൾ പ്രിലിമിനറി ഇൻവെസ്റ്റിഗേഷൻ വളരെ പ്രധാനമാണ്. പലപ്പോഴും ഈ ഘട്ടത്തിലാണ് പാളിച്ച വരുന്നത്. ഏതു കേസ് ചെയ്ത് പൂർത്തിയാക്കാൻ പറ്റുമെന്ന് തുടക്കത്തിൽ അറിയാനാവില്ല. ചെയ്യാൻ പറ്റുന്ന കേസ് മാത്രം ഏറ്റെടുക്കാതെ, സൈബ‌ർ രംഗത്ത് സംഭാവന ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി നൽകണം. നിർമ്മിതബുദ്ധിയും മനുഷ്യബുദ്ധിയും ചേരുന്ന തരത്തിലുള്ള സമീപനമാണ് വേണ്ടത്.

?​ വെല്ലുവിളികൾ.

ഫോറൻസിക്കിന് പല മുഖങ്ങളാണ്. അതുകൊണ്ടു തന്നെ ഫോറൻസിക് വിദഗ്ദ്ധന്റെ ജോലിയുടെ പരിധി

എവിടെ അവസാനിക്കുമെന്ന് എവിടെയും എഴുതിവച്ചിട്ടില്ല. അതാണ് ഏറ്റവും വലിയ വെല്ലുവിളി.

വിദേശത്തു നിന്നുള്ള ഫോറൻസിക് ടൂളുകളെയാണ് ഇന്ത്യ കൂടുതലായും ആശ്രയിക്കുന്നത്. അതിന് കോടിക്കണക്കിന് രൂപ ചെലവാകും. ടൂൾ ഉപയോഗിക്കുന്നതിനുള്ള കഴിവും വേണം. കാലാനുസൃതമായി ടൂളുകൾ നവീകരിക്കുകയും വേണം. ഫോറൻസിക് എന്നാൽ ടൂളുകൾ മാത്രമാണെന്ന ധാരണയും മാറണം. അടിസ്ഥാനസൗകര്യങ്ങളും മനുഷ്യ വിഭവശേഷിയും മെച്ചപ്പെടുത്തണം. തുടക്കത്തിൽ ഈ മേഖലയിൽ നൈപുണ്യമുള്ളവരെ കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു. ഇന്ന് ഈ സാഹചര്യത്തിന് മാറ്റം വന്നിട്ടുണ്ട്. പണ്ട് വിദേശത്തേക്കു പോയിരുന്ന കുട്ടികളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇന്ന് നൈപുണ്യം തേടി കേരളത്തിലെത്തുന്നു.

?​ ഫോറൻസിക് ലാബുകളിൽ ധാരാളം കേസുകൾ കെട്ടിക്കിടക്കുന്നതായി ഹൈക്കോടതി നിരീക്ഷിച്ചിരുന്നല്ലോ.

അതെ. ഇതു കാരണം ഇന്ത്യയിലെ കോടതികളിൽ കോടിക്കണക്കിന് കേസുകളാണ് തീർപ്പാക്കാതെ കിടക്കുന്നത്. വൈകിയെത്തുന്ന നീതി, നീതി നിഷേധം തന്നെയാണ്. ഫോറൻസിക്കിലേയ്ക്കുള്ള നിയമനങ്ങളുടെ എണ്ണവും നിയമന രീതിയും മെച്ചപ്പെടുത്തണം. സബ് ഇൻസ്പെക്ടർ മുതൽ പൊലീസ് സേനയിലെ എല്ലാ റാങ്കുകളിലേക്കുമുള്ള നിയമന രീതിയിൽ മാറ്റം വരണം. നിലവിലുള്ളവരെ പരിശീലിപ്പിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ല. പി.എസ്.സി പരീക്ഷകളിൽ ചോദ്യങ്ങൾ തയ്യാറാക്കാൻ ഫോറൻസിക് വിദഗ്ദ്ധന്റെയും സഹായം തേടണം. എല്ലാ മേഖലകളുടെയും ഏകോപനം ഉണ്ടാവണം.

?​ പത്തുവർഷത്തിനിടയ്ക്ക് സൈബർ കുറ്റകൃത്യങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ.

ഇന്റർനെറ്റ് ഉപയോഗം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കൂടുതലാണ്. ഉൾഗ്രാമങ്ങളിൽപ്പോലും സാങ്കേതികവിദ്യ വളരുന്നു. ഇനിയും അത് കൂടും. കൊവിഡ് കാലത്ത് മനുഷ്യസമൂഹം വലിയൊരു മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. എല്ലാവരും സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ തുടങ്ങിയതോടെ സാമ്പത്തിക തട്ടിപ്പുകൾ കൂടി. പത്തുവർഷം മുൻപ് ഒ.ടി.പി തട്ടിപ്പുകൾ കേട്ട് നാം പകച്ചുനിന്നു. എന്നാൽ ഇന്ന് അതു മാറി ക്രിപ്റ്റോ, ഡീപ് ഫേക്ക് തട്ടിപ്പുകൾ കൂടുന്നു. സെർവറുകൾ ലോകത്തിന്റെ പല ഭാഗത്തായി വ്യാപിച്ചുകിടക്കുന്നത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു. പ്രതിരോധമേഖല പോലെ തന്ത്രപ്രധാനമായ രംഗങ്ങളുടെ സുരക്ഷയ്ക്കും രാജ്യസുരക്ഷയ്ക്കും ഫോറൻസിക് പ്രധാനമാണ്.

?​ സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ.

സാമ്പത്തിക തട്ടിപ്പുകളിൽപ്പെടുന്നവരിൽ അധികവും മലയാളികളാണ്. ഈ ലോകത്ത് സൗജന്യമായി ഒന്നും കിട്ടില്ല. എല്ലാത്തിനൊപ്പവും ഒരു പ്രൈസ് ടാഗും ഉണ്ടെന്ന് ഓർക്കുക. പണ്ടൊക്കെ, ഫോണിലെ വിവരം ചോരണമെങ്കിൽ പ്രശസ്തനാവണമായിരുന്നു. ഇന്ന് അങ്ങനെയില്ല. സാധാരണക്കാരും വിദ്യാസമ്പന്നരും ഒരുപോലെ തട്ടിപ്പുകളിൽ വീഴുന്നു. വർഷങ്ങളായി മൊബൈൽ ഉപയോഗിക്കുന്നവരും പെട്ടുപോകുന്നു. ഓരോ ലിങ്കുകളെയും ഭയപ്പെടണം. തെറ്റ് ആർക്കും പറ്റും. തെറ്റു പറ്റി അതിനു പിന്നാലെ പോകുന്നതിനെക്കാൾ അബദ്ധം പറ്റാതെ നോക്കുന്നതാണ് നല്ലത്.

?​ ഈ മേഖലയിൽ എത്തിയത്...

മൂന്നു പതിറ്റാണ്ടായി സാങ്കേതികവിദ്യയിൽ ഗവേഷണം നടത്തുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമീഡിയ പ്രോഗ്രാമർ ആയിരുന്നു. തുടക്കത്തിൽ ഇ- ലേണിംഗ്, ടെലി എഡ്യുക്കേഷൻ, ടെലി മെഡിസിൻ എന്നീ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 20 വർഷങ്ങൾക്കു മുൻപ് എന്നെക്കുറിച്ച് 'കലാമിന്റെ കാൽപ്പാടുകൾ തേടി" എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ വാർത്ത വന്നത് ഓർമ്മയുണ്ട്. നോളജ് വില്ലേജുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് 2005-ൽ അബ്ദുൾ കലാം സാറിന് കൊടുക്കാൻ അവസരം ലഭിച്ചു. ടെക്നോളജി ഫോർകാസ്റ്റിംഗുമായി ബന്ധപ്പെട്ടതായിരുന്നു അത്. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ നടത്തി. നിയമത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും സോഫ്ട്വെയർ എൻജിനിയറിംഗിലും ബിരുദമെടുത്തു. ക്രിമിനൽ ആൻഡ് സൈബർ ലാ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുമുണ്ട്.

?​ സൈബർ ഫോറൻസിക്കിലെ തൊഴിൽസാദ്ധ്യത.

സൈബർ ഫോറൻസിക് വിദഗ്ദ്ധരുടെ ആവശ്യകത കൂടുകയാണ്. അനന്തസാദ്ധ്യതകളാണ് ഈ മേഖലയിൽ. നമ്മളെ സ്വയം നവീകരിക്കാൻ സാധിക്കും. ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷന്റെ കാലമാണ്. എല്ലാ മേഖലകളിലും ഐ.ടി മാനേജറെ നിയമിക്കുന്നതു പോലെ ഡിജിറ്റൽ ഇൻഫർമേഷൻ ഓഫീസർ എന്ന തസ്തികയും വരും. അടുത്ത തലമുറയെക്കൂടിയാണ് ഇതിലൂടെ വാർത്തെടുക്കുന്നത്. സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം സമൂഹത്തിനും സംഭാവന ചെയ്യാൻ സാധിക്കും. സാങ്കേതികവിദ്യയ്ക്ക് അതിരുകളില്ലാത്തതിനാൽ അന്യരാജ്യങ്ങളിലും ധാരാളം അവസരങ്ങൾ ലഭിക്കും.

TAGS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.