ഡോ. സി .ജെ .ജോൺ
ദാമ്പത്യത്തിലെ വൈകാരിക ശൂന്യതയോ വൈരസ്യമോ മൂലം വിവാഹേതര ബന്ധങ്ങൾ ഉണ്ടാകാം. സോഷ്യൽ മീഡിയയുടെ കാലത്ത് വാട്സാപ്പിലും മറ്റും ഗുഡ് മോർണിംഗ് പറച്ചിലിൽ തുടങ്ങുന്ന സൗഹൃദങ്ങൾ അതിരുവിടുന്ന അവസ്ഥയുമുണ്ട്. കൗതുകത്തിനായി ചെന്നു ചാടുന്നവർ വേറെ. അകപ്പെട്ടാൽ പുറത്തിറങ്ങാനാകാത്ത വിധം പെട്ടുപോകാം. രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാനുള്ള പെടാപ്പാടാണ് പിന്നെ. മാനഹാനിയെക്കുറിച്ചുള്ള ഭീതിയും കൂടും. ഈ ബന്ധം കാണുന്ന ചെറിയ കുഞ്ഞുങ്ങളെ കാമുകനുമായി ചേർന്ന് കൊല്ലാൻ പുറപ്പെടുന്ന സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്.
തീവ്ര പ്രണയങ്ങളിൽ ജീവിതപങ്കാളിയെക്കൂടി വധിക്കുന്ന കുറ്റകൃത്യങ്ങളുടെ വാർത്തകൾ പതിവായിരിക്കുന്നു.
വിവാഹേതര ബന്ധത്തിനെക്കുറിച്ചുള്ള വിവരങ്ങളിൽ മനസു പൊള്ളി, പങ്കാളിയെ ക്രൂരമായി ആക്രമിച്ച് മരണത്തിലേക്ക് തള്ളിവിട്ടവരുമുണ്ട്. വിവാഹിതയുമായുള്ള ബന്ധത്തിൽ നിന്ന് ഒരുഘട്ടത്തിൽ അവൾ പിന്മാറുമ്പോൾ പക മൂത്ത് ഉപദ്രവിക്കാൻ ഇറങ്ങുന്നവരുണ്ട്. ചൂഷണം ചെയ്തശേഷം തിരസ്കരിക്കുന്നവരെ ബുദ്ധിമുട്ടിക്കാനുള്ള ശ്രമങ്ങൾ കുറ്റകരമായ തലത്തിലേക്ക് പോകാറുണ്ട്. ശിഷ്ടകാലം കുറ്റബോധത്തിൽ നീറി കഴിയുന്നവരുമുണ്ട്. വിവാഹേതര ബന്ധങ്ങൾ വലിയ മാനസിക പിരിമുറുക്കങ്ങളോ കുറ്റകൃത്യങ്ങൾക്കുള്ള
സാഹചര്യങ്ങളോ സൃഷ്ടിക്കാറുണ്ട്. അത് എല്ലാവരും ഓർക്കേണ്ടതുണ്ട്.
വിവാഹബന്ധത്തെ കുറിച്ചുള്ള മൂല്യവിചാരങ്ങളും ധാർമ്മിക നിയമങ്ങളും ശക്തമായ വ്യവസ്ഥിതിയിൽ, അതിനു പുറത്തുള്ള ബന്ധങ്ങൾക്ക് വിലക്കുകളുണ്ട്. എന്നാൽ വിവര സാങ്കേതിക വിപ്ലവത്തിന്റെ നാളുകളിൽ അതുവഴിയുള്ള സാമൂഹ്യ ബന്ധങ്ങൾക്ക് സാദ്ധ്യതകൾ കൂടിയിട്ടുണ്ട്. വീഡിയോ കാൾ വഴിയുള്ള ലൈംഗിക സാഹസികതകളോടും, നഗ്നഫോട്ടോകൾ കൈമാറുന്നതിനോടും ഒക്കെ 'നോ" പറയാൻ പറ്റാത്ത മനോനിലകൾ ഉണ്ടാകാറുണ്ട്.
വിവാഹമെന്ന ഉടമ്പടി അനുശാസിക്കുന്ന കാര്യങ്ങളിൽ നിന്ന് വ്യതിചലിക്കാനുള്ള ഉൾപ്രേരണകളെ നിയന്ത്രിക്കേണ്ടതുണ്ട്. ഒളിബന്ധങ്ങൾ കൊണ്ടുനടക്കുന്നവർ വലിയ പ്രത്യാഘാതങ്ങൾ നേരിടാം. അത് കൂടിയേ തീരൂവെന്ന് വിചാരിക്കുന്നവർ, വിവാഹബന്ധത്തിൽ ഏർപ്പെട്ടിരിക്കെ അതു ചെയ്യില്ലെന്ന് തീരുമാനിക്കേണ്ടി വരും.
പല കാരണങ്ങൾ മൂലം വിവാഹത്തിനു പുറത്തുള്ള വ്യക്തിയോട് ഇഷ്ടം തോന്നാം. അടുപ്പമുണ്ടാകാം. പരിധി വിടുന്നുവെന്ന തോന്നലുണ്ടാകുമ്പോൾ സ്വയം വിമർശനമാകാം. ആ ബന്ധത്തിലേക്കു നയിച്ച കാരണൾ കണ്ടെത്തി പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. രണ്ടു വള്ളങ്ങളിൽ കാലൂന്നിയുള്ള ഇത്തരം ജീവിതയാത്രകൾ ദുരന്തങ്ങളിലായിരിക്കും പര്യവസാനിക്കക എന്ന് മനസിലാക്കുക.
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റ് ആണ് ലേഖകൻ)
..............................
നിയമനടപടി വർദ്ധിച്ചു;
കുറ്റകൃത്യങ്ങളും
അവിഹിത ബന്ധങ്ങളും വിവാഹപൂർവ ലൈംഗിക ബന്ധങ്ങളും നവജാതശിശുമരണങ്ങളും ഉൾപ്പെടെയുള്ളവ കൃത്യമായ നിയമ നടപടികൾക്ക് വിധേയമാകുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങൾവർദ്ധിക്കുന്നുണ്ട്. പ്രണയംനടിച്ച് പീഡനത്തിനിരയാക്കുന്ന കേസുകളിൽ ബലാത്സംഗക്കുറ്റമാണ് ചുമത്തുന്നത്. വിവാഹിതയായ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധവും ഭാരതീയ ന്യായസംഹിത പ്രകാരം കുറ്റകരമാണ്. സൗഹൃദങ്ങൾ ദൗർഭാഗ്യകരമായ സംഭവങ്ങളിൽ കലാശിക്കാതിരിക്കാൻ തികഞ്ഞ കരുതലും ജാഗ്രതയുമാണ് ആവശ്യം. നിർഭാഗ്യവശാൽ പീഡനങ്ങൾക്കിരയായി ഗർഭവതിയാകുന്ന ഘട്ടത്തിൽ കൃത്യമായ വൈദ്യസഹായം തേടേണ്ടതുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാകാതിരിക്കാനും ശരിയായ നിയമ നടപടികൾക്കും ഇത് ഉപകരിക്കും. സ്കൂൾ തലം മുതൽ കൃത്യമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിലേക്കാണ് വർദ്ധിക്കുന്ന കുറ്റകൃത്യങ്ങൾ വിരൽ ചൂണ്ടുന്നത്.
എസ്. ശ്യാം സുന്ദർ
ഐ.ജി, ദക്ഷിണമേഖല
.................................
സാങ്കേതികത വാനോളം,
മനസ് പാതാളത്തോളം!
കുടുംബബന്ധങ്ങളിൽ മാറ്റങ്ങൾ ഉൾക്കൊണ്ടു പോകുന്നതിൽ പരാജയപ്പെടുന്ന അവസ്ഥാ വിശേഷമാണ് ഇന്ന് കണ്ടുവരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുടുംബ കേസുകൾ കേരളത്തിലാണ്. കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം 'എനിക്ക്, എന്റേതു മാത്രം "എന്ന രീതിയിലേക്ക് എല്ലാ കാര്യങ്ങളെയും മാറ്റി. എനിക്കു കിട്ടാത്തത് മറ്റ് ആർക്കും വേണ്ട എന്ന ചിന്തയും, സ്വന്തം സന്തോഷത്തിനു വേണ്ടി ഏറ്റവും സ്നേഹിക്കുന്നവരെപ്പോലും ആക്രമിച്ച് ഇല്ലാതാക്കുവാൻ മടിയില്ലാത്ത മാനസികാവസ്ഥയിലേക്ക് മനുഷ്യർ മാറി. ശാസ്ത്ര സാങ്കേതികത വ്യവസ്ഥ ഉൾപ്പെടെ രാജ്യം ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുമ്പോഴും മനുഷ്യന്റെ മനസിന്റെ വളർച്ച ചുരുങ്ങുന്ന സ്ഥിതിയാണ്.
മദ്യവും മയക്കുമരുന്നും ഉൾപ്പെടെ ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബത്തിലെ സമാധാനാന്തരീക്ഷം തകിടം മറിക്കുകയും, സ്നേഹത്തിനും സന്തോഷത്തിനുമായി അവിഹിത ബന്ധങ്ങളിൽ അഭയം തേടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. കുടുംബ കോടതികളിലെത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും ഒറ്റയ്ക്ക് ജീവിക്കുന്നതിനും സഞ്ചരിക്കുന്നതിനും സ്വന്തമായി സന്തോഷങ്ങൾ ലഭിക്കുന്ന ഇടങ്ങൾ കിട്ടുന്നിടത്ത് ആരുടെയും നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി ജീവിക്കുവാനും താത്പര്യപ്പെടുന്നുണ്ട്. വിട്ടുവീഴ്ചാ മനോഭാവത്തോടെ പരസ്പരം അറിഞ്ഞ് സ്നേഹിക്കുകയും പെരുമാറുകയുമാണ് ഭാര്യാഭർതൃബന്ധങ്ങളിൽ വിള്ളൽ വീഴാതിരിക്കാൻ ചെയ്യേണ്ടത്.
അഡ്വ. ധന്യാ ബാബു
കേരള ഹൈക്കോടതി
അഭിഭാഷക
..........................
ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. പ്രണയവും ബന്ധങ്ങളും പണ്ടേ ഉണ്ടായിരുന്നെങ്കിലും ഇക്കാലത്ത് അതിന് കൈവന്നിരിക്കുന്ന സ്വകാര്യതയാണ് പ്രശ്നം. സ്വകാര്യതകൾ ധാരാളം തുറന്നുപറച്ചിലുകൾക്ക് വഴി തെളിക്കും. ഇത്തരം തുറന്നുപറച്ചിലുകൾ നഷ്ടസ്വപ്നങ്ങൾ പങ്കുവയ്ക്കാനും,ഇങ്ങനെയായിരുന്നെങ്കിൽ ജീവിതം കുറേക്കൂടി സന്തോഷകരമായേനെ എന്ന ചിന്തയിലേക്ക് വഴിതെളിക്കാനും ഇടയാക്കും.
പ്രണയത്തിൽ നിന്ന് വിവാഹത്തിലേക്കു വരുമ്പോൾ പൊരുത്തപ്പെടൽ പ്രശ്നങ്ങൾ സ്വാഭാവികമായും ഉണ്ടാകാം. പ്രണയത്തിൽ എല്ലാവരും തങ്ങളുടെ നല്ല വശം മാത്രം കാണിക്കും. പ്രായോഗിക ജീവിതത്തിൽ അതിനു കഴിയില്ല, ഒരു വ്യക്തിക്ക് തന്റെ തന്നെ സ്വഭാവം പൂർണമായും എപ്പോഴും ഉൾക്കൊള്ളാൻ സാധിക്കില്ലല്ലോ, അതുകൊണ്ടുതന്നെ, മറ്റുള്ളവരുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നത് അത്ര എളുപ്പമായിരിക്കില്ല. ഇത് ചില കുടുംബങ്ങളിലെങ്കിലും അസ്വാരസ്യങ്ങൾക്ക് വഴിതെളിക്കും. ഇത്തരം അസ്വാരസ്യങ്ങൾ പറഞ്ഞ് പരിഹരിക്കാനുള്ള വേദികൾ കുറവാകുമ്പോൾ വിവാഹബാഹ്യ ബന്ധങ്ങളിലേക്ക് പോകും.
ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ലോകത്ത് 20 ശതമാനം പേർക്ക് ഏതെങ്കിലും വിധത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ട്. അവിഹിത ബന്ധങ്ങളിൽ ഏർപ്പെടുന്നത് വ്യക്തിത്വ പ്രശ്നമുള്ളവരും ചെറിയതോതിൽ മനോവൈകല്യമുള്ളവരുമാണെങ്കിൽ അത് കുറ്റകൃത്യങ്ങൾക്കു പോലും സാഹചര്യമൊരുക്കിയേക്കാം. ആരോഗ്യകരമായ സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ടാക്കിയെടുക്കുന്നതിനൊപ്പം അപകട സാദ്ധ്യതകൾ മനസിലാക്കാനുള്ള കഴിവും, ആവശ്യമെങ്കിൽ മനോരോഗ വിദഗ്ദ്ധരുടെ സേവനം തേടാനുള്ള സന്നദ്ധതയുമൊക്കെ പ്രധാനമാണ്.
ഡോ. മോഹൻറോയ്,
സൈക്യാട്രിക് വിഭാഗം മേധാവി
ഗവ. മെഡി. കോളേജ്, പാരിപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |