പ്ലസ് വൺ ക്ലാസുകൾ തുടങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ സ്കൂളിലെ സീനിയർ വിദ്യാർത്ഥികളിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ റാഗിംഗ് വാർത്തകളാണ് കണ്ണൂരിൽ പുറത്തുവരുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷം നിരവധി റാഗിംഗ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ വർഷവും സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയാണ്. കൃത്യമായ ബോധവത്ക്കരണങ്ങളും റാഗിംഗ് വിരുദ്ധ പ്രവർത്തനങ്ങളും സ്കൂളുകളിൽ ഇല്ലാത്തതാണ് പലപ്പോഴും റാഗിംഗിലേക്ക് നയിക്കുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നു വേണ്ട ഇടപെടലുകൾ നടത്തേണ്ടത് അനിവാര്യതയാണ് ഓരോ സംഭവങ്ങളും കാണിച്ചു തരുന്നത്. ക്ലാസുകൾ ആരംഭിച്ച് ഇതുവരെ രണ്ട് റാഗിംഗ് കേസുകളാണ് പൊലീസിനു മുന്നിലെത്തിയത്. സംഭവം പുറത്തറിയാതിരിക്കാൻ സ്കൂളുകളിൽ തന്നെ ഒതുക്കുന്ന സംഭവങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് പഴയങ്ങാടി മാടായി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് മുതിർന്ന മൂന്നു വിദ്യാർത്ഥികൾ മർദ്ദിച്ചത്. ശുചിമുറിയിൽ വച്ച് ടീ ഷർട്ടും ഷൂസും ധരിച്ചതിന് വിദ്യാർത്ഥിയെ ചോദ്യം ചെയ്താണ് ആക്രമണത്തിന്റെ തുടക്കം. സംഭവത്തിൽ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കൂടുതൽ പേർ സംഭവത്തിൽ പങ്കാളികളായിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. സമാനരീതിയിൽ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദനമേറ്റ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മറ്റൊരു പ്ളസ് വൺകാരനെ മർദ്ദിച്ചത്. സ്കൂളിന് പുറത്തുനിന്നാണ് മർദനമേറ്റതെന്ന് രക്ഷിതാക്കൾ എടക്കാട് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. മറ്റു ചില സ്കൂളുകളിലും കഴിഞ്ഞ ദിവസങ്ങളിൽ റാഗിംഗ് നടന്നിട്ടുണ്ടെങ്കിലും ആരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല.
നടപടിയെടുക്കാതിരിക്കാനും
കാരണങ്ങൾ
റാഗിംഗിനെതിരെ ശക്തമായ നിയമം തന്നെ നിലവിലുണ്ടെങ്കിലും അത് നടപ്പാക്കാൻ പറ്റാത്തതിന്റെ കാരണങ്ങൾ നിരവധിയാണ്. വിദ്യാഭ്യസ സ്ഥാപനത്തിന്റെ റെപ്പ്യൂട്ടേഷൻ, രാഷ്ട്രീയക്കാരുടെയും അദ്ധ്യാപക സംഘടനയുടേയും, വിദ്യാർത്ഥി യൂണിയനുകളുടേയും ഇടപെടലുകൾ, കുട്ടികളുടെ ഭാവി നശിക്കാൻ ഇടവരുന്നത്, ഇത്തരം കാര്യങ്ങളാണ് ശക്തമായ നടപടികളിൽ നിന്നും അധികൃതരെ പിന്തിരിപ്പിക്കുന്നത്. നിയമം നടപ്പിലാക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന ഇത്തരം ഘടകങ്ങൾ ഒരു പരിധി കഴിഞ്ഞാൽ സമൂഹത്തെ കാര്യമായി ബാധിക്കുമെന്നത് ഓരോ വർഷത്തെ ക്രൂരസംഭവങ്ങളും തെളിയിക്കുകയാണ്. കഴിഞ്ഞ അദ്ധ്യയന വർഷവും ജില്ലയിൽ വ്യാപകമായി പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്ത സംഭവങ്ങളുണ്ടായിരുന്നു. ക്ലാസുകൾ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ നിരവധി പരാതികൾ വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തിയിരുന്നു. അന്ന് ചർച്ചകളും നിർദേശങ്ങളും അധികൃതർ മുന്നോട്ട് വച്ചിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ലെന്ന് ഈ വർഷത്തെ സംഭവങ്ങളോടെ വ്യക്തമാണ്. പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ നിലത്തിട്ട് ചവിട്ടി കൈയൊടിച്ചത് കഴിഞ്ഞ വർഷമാണ്. രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ മർദ്ദിച്ചതിന് 21 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തതും പോയ അദ്ധ്യയനവർഷത്തിലായിരുന്നു. പല പ്രധാനാദ്ധ്യാപകരും റാഗിംഗ് കണ്ടില്ലെന്ന് നടിക്കുന്നതായും പരാതിയുണ്ട്. റാഗിംഗിൽ നടപടിയെടുക്കാൻ സ്കൂൾ അധികൃതർ വീഴ്ച കാണിച്ചാൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
നിയമങ്ങൾ കർശനം
ശാരീരികമായി ഉപദ്രവിക്കുക, മാനസിക പീഡനം, അപമാനിക്കുക, പരിഹസിക്കുക, തമാശകൾ കാണിക്കുക, സാധാരണ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കൽ എന്നിവയെല്ലാം റാഗിംഗിന്റെ പരിധിയിൽ വരും. റാഗിംഗ് നിരോധിക്കുന്നതിനായി 1998ൽ കേരള സർക്കാർ റാഗിംഗ് വിരുദ്ധ നിയമം പാസാക്കിയിട്ടുണ്ട്. റാഗിംഗ് നടത്തുന്നവർക്കോ അതിന് പ്രേരിപ്പിക്കുന്നവർക്കോ രണ്ടുവർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാം. റാഗിംഗിൽ പങ്കെടുത്താൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കാനും തുടർന്ന് പഠനം തുടരാൻ അനുമതിയില്ലാതാകാനും സാദ്ധ്യതയുണ്ട്. ആകെ 9 വകുപ്പുകൾ മാത്രമേ നിയമത്തിൽ പറയുന്നുള്ളൂവെങ്കിലും അതിൽ വളരെ ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. റാംഗിംഗ് നേരിടേണ്ടി വന്നാൽ വിദ്യാർത്ഥിയോ മാതാപിതാക്കളോ രക്ഷകർത്താവോ അദ്ധ്യാപകനോ ആണ് പരാതി നൽകേണ്ടത്. ഏത് സ്ഥാപനത്തിൽ വച്ചാണോ സംഭവിച്ചിരിക്കുന്നത് ആ സ്ഥാപനത്തിന്റെ തലവൻ അഥവാ ഹെഡ് ഒഫ് ദ ഇൻസ്റ്റിറ്റ്യൂഷനാണ് പരാതി നൽകേണ്ടത്. ഹെഡ് ഒഫ് ദി ഇൻസ്റ്റിറ്റ്യൂഷൻ എന്നത് പ്രിൻസിപ്പലോ, പ്രധാന അദ്ധ്യാപകനോ അല്ലെങ്കിൽ ആ ഇൻസ്റ്റിറ്റ്യൂഷന്റെ ചാർജുള്ള ഏതെങ്കിലും ഒരു വ്യക്തിക്കൊ ആണ് എന്നത് ഈ നിയമത്തിന്റെ വകുപ്പ് 2(a) പറയുന്നു.
ആന്റി റാഗിംഗ്
സ്‌ക്വാഡുകൾ നിർബന്ധം
കോളേജും സ്കൂളുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗ് വിരുദ്ധ കമ്മിറ്റികൾ രൂപീകരിക്കണമെന്നാണ് ചട്ടം. സ്ഥാപന മേധാവി അദ്ധ്യക്ഷനായ കമ്മിറ്റിയിൽ അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികൾ വേണം. പ്രദേശത്തെ സന്നദ്ധ പ്രവർത്തകൻ, തദ്ദേശ സ്ഥാപനത്തിന്റെ പ്രതിനിധി എന്നിവരും കമ്മിറ്റിയിൽ ഉണ്ടാവണം. റാഗിംഗ് പരാതി വന്നാൽ കമ്മിറ്റി പരിശോധിച്ച് ബോദ്ധ്യപ്പെടുന്ന പക്ഷം പൊലീസിൽ അറിയിക്കണമെന്നാണു ചട്ടം. ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും ആന്റി റാഗിംഗ് സ്‌ക്വാഡുകൾ നിലവിൽ നിർജ്ജീവമാണ്. പേരിന് സമിതി രൂപീകരിക്കുന്നത് ഒഴിച്ചാൽ ബോധവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എവിടെയും കാര്യക്ഷമമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |