മലബാറിലെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തം ഏവരേയും നടുക്കിയ സംഭവമായിരുന്നു. അടുപ്പിച്ചുണ്ടായ തീപിടിത്തത്തെ തുടർന്ന് പരിഭ്രാന്തരായ രോഗികളുടെ സുരക്ഷ മുൻനിറുത്തി ഇവരെ പഴയ കാഷ്വാലിറ്റിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. രണ്ടുതവണ അപകടമുണ്ടായതോടെ കെട്ടിടത്തിൽ ഭൗതിക, സാങ്കേതിക പരിശോധനകളെല്ലാം പൂർത്തിയായി സുരക്ഷ ഉറപ്പുവരുത്തിയ ശേഷം രോഗികളെ പ്രവേശിപ്പിച്ചാൽ മതിയെന്നാണ് ആരോഗ്യവകുപ്പും നിലപാടെടുത്തത്. എന്നാൽ രണ്ടുമാസം പിന്നിട്ടിട്ടും തീയും പുകയും ഭീതി പടർത്തിയ പി.എം.എസ്.എസ്.വെെ കെട്ടിടത്തിന്റെ അറ്റകുറ്റപണി നീളുന്നത് ആശുപത്രി പ്രവർത്തനത്തെ തന്നെ താളം തെറ്റിക്കുകയാണ്. ഒപ്പം ഡോക്ടർമാരുടെ കൂട്ടത്തോടെയുള്ള പടിയിറക്കവും ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പി.എം.എസ്.എസ്.വെെ കെട്ടിടത്തിൽ നിന്ന് മാറ്റിയ രോഗികൾ ഉൾപ്പെടെ ഉൾക്കൊള്ളാവുന്നതിന്റെ ഇരിട്ടി ആളുകൾ ഇപ്പോൾ ഓരോ വാർഡുകളിലുമുണ്ട്. എന്നിട്ടും പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് രോഗികളെ മാറ്റാനുള്ള നടപടി അധികൃതർ സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്.
പ്രവൃത്തി ഇഴയുന്നു
തീപിടിച്ച കെട്ടിടം അടച്ചിട്ടിട്ട് ഒന്നരമാസം പിന്നിട്ടിട്ടും കെട്ടിടത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്ന പ്രവർത്തനങ്ങൾ 50 ശതമാനം പോലുമായിട്ടില്ല. വയറിംഗ് അടക്കമുള്ള തകരാറുകൾ പരിഹരിച്ച് ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റിന്റേയും ആരോഗ്യമന്ത്രിയുടേയും അനുമതി ലഭിച്ചാൽ മാത്രമേ പ്രവർത്തനം പുനരാരംഭിക്കാനാവൂ. എന്നാൽ അത്യാഹിതവിഭാഗം അറ്റകുറ്റപ്പണി നടത്തുന്നതിൽ നിർമാണ കമ്പനിയായ എച്ച്.എൽ.എല്ലി ഇൻ ഇൻഫ്രാസ്ട്രെക്‌ചറിന്റെ വിഭാഗമായ ഹൈറ്റ്സിന് ഒച്ചിഴയും വേഗതയാണ്. അതേസമയം കെട്ടിടത്തിലെ തീ പടർന്ന എം.ആർ.ഐ യൂണിറ്റിന്റെ യു.പി.എസ് ബാറ്ററികളെല്ലാം മാറ്റിയിട്ടുണ്ട്. ഇവിടുത്തെ ഡോറുകൾ മാറ്റുന്നതടക്കമുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മറ്റ് നിലകളിലുള്ള യു.പി.എസ്. ബാറ്ററികളെല്ലാം മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ഇതിനൊപ്പം ഓരോ നിലയിലേയും വയറിംഗുമായുള്ള പ്രശ്നങ്ങളും മറ്റും പരിശോധന നടത്തി പരിഹരിക്കേണ്ടതുണ്ട്. രണ്ടാമത് തീപടർന്ന ആറാം നിലയിലെ ഓപ്പറേഷൻ സമുച്ചയത്തിലെ 15ാം നമ്പർ മുറിയിലെ ഉപകരണങ്ങൾ ഇതുവരെ മാറ്റിയിട്ടില്ല. ഉപകരണങ്ങളെത്താൻ സമയമെടുക്കുന്നതിനാൽ ഇത് അടച്ചിട്ടിച്ചിട്ടിരിക്കുകയാണ്. മേയ് രണ്ടിനായിരുന്നു പി.എം.എസ്.എസ്.വൈ ബ്ലോക്ക് കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ പൊട്ടിത്തെറിയുണ്ടായത്. പിന്നാലെ പരിശോധനകൾ തുടരുന്നതിനിടെ മേയ് ആറിന് വീണ്ടും ആറാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിൽ തീപിടിത്തമുണ്ടായി.
രോഗികൾക്ക് ദുരിതം
അന്വേഷണങ്ങളും സുരക്ഷ ഉറപ്പാക്കലും എന്ന് പൂർത്തിയാകുമെന്ന കാര്യത്തിൽ കൃത്യതയില്ലാത്തതിനാൽ ദുരിതത്തിലായത് രോഗികളാണ്. പഴയ കാഷ്വാലിറ്റിയിൽ അസൗകര്യങ്ങളിൽ പൊറുതിമുട്ടുമ്പോഴാണ് പുതിയ അത്യാഹിത വിഭാഗം രോഗികൾക്ക് ഏറെ ആശ്വാസമായത്. എന്നാൽ ഏറെ സൗകര്യങ്ങളുള്ള കെട്ടിടം സുരക്ഷ ഭീഷണിയെത്തുടർന്ന് അടച്ചതോടെ വീണ്ടും പഴയ പരിമിതികളിലേക്ക് രോഗികൾക്ക് മടങ്ങേണ്ടി വന്നു. നിലവിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത് പഴയ കാഷ്വാലിറ്റിയിലാണ്. ഇവിടെ രോഗികൾക്ക് നിന്ന് തിരിയാൻ ഇടമില്ല. അപകടമുണ്ടായപ്പോൾ മാറ്റിയ രോഗികളെ മെഡി. കോളേജിലെ മറ്റ് വാർഡുകളിലേക്ക് മറ്റും മാറ്റിയതോടെ അവിടേയും സ്ഥലമില്ലാത്ത അവസ്ഥയാണ്. പകർച്ചപ്പനി ബാധിതരുടെ എണ്ണവും കൂടിയതോടെ രോഗികളുടെ എണ്ണവും നാൾക്ക് നാൾ കൂടുകയാണ്. സ്ഥലപരിമിതി മൂലം ഇത്തവണ പനി ക്ലിനിക്ക് പോലും ആരംഭിച്ചിട്ടില്ല. നേരത്തേ പഴയ അത്യാഹിത വിഭാഗമാണ് പനി വാർഡാക്കി മാറ്റാറുള്ളത്. എന്നാൽ തീപിടിത്തത്തെ തുടർന്ന് പി.എം.എസ്.എസ്.വെെ കെട്ടിടത്തിലെ കാഷ്വാലിറ്റി ഇവിടേക്ക് മാറ്റിയതിനാൽ പനി ക്ലിനിക്കിന് മറ്റൊരിടം കണ്ടെത്തേണ്ടി വരും. വാർഡുകളിൽ സ്ഥലമില്ലാത്തതിനാൽ പനിരോഗികൾ അടക്കം മെഡിസിൻ വാർഡുകൾക്ക് പുറത്ത് വരാന്തയിൽ പായവിരിച്ചാണ് കിടക്കുന്നത്. തണുപ്പിൽ നിന്നും രക്ഷനേടാൻ രോഗികൾക്ക് രണ്ടു പുതപ്പ് ഒന്നിച്ചു പുതച്ചു കിടക്കേണ്ട സ്ഥിതിയാണ്. ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1, മസ്തിഷ്‌കജ്വരം, ന്യുമോണിയ, മഞ്ഞപ്പിത്തം, വയറ്റിളക്കം തുടങ്ങിയവ ബാധിച്ചെത്തുന്നവരാണുള്ളത്. മാത്രമല്ല പി.എം.എസ്.എസ്.വെെ കെട്ടിടത്തിലെ മറ്റ് വിഭാഗങ്ങളും എം.സി.എച്ചിലെ വിവിധ വാർഡുകളിൽ തിങ്ങിക്കഴിയുകയാണ്. ഇ.എൻ.ടി, സർജറി വാർഡുകളിലാണ് പ്ലാസ്റ്റിക് സർജറി വിഭാഗം പ്രവർത്തിക്കുന്നത്.
ഹൗസ് സർജന്മാരുടെ
പടിയിറക്കം
കാലാവധി കഴിഞ്ഞ് ഹൗസ് സർജന്മാർ കഴിഞ്ഞദിവസം പടിയിറങ്ങിയതോടെ മെഡി. കോളേജിലെ പി.ജി. ഡോക്ടർമാർ ജോലി ഭാരത്താൽ വീർപ്പുമുട്ടുകയാണ്. ഹൗസ് സർജൻസി കോഴ്സ് പൂർത്തിയാക്കിയ 242 ഡോക്ടർമാരാണ് കഴിഞ്ഞദിവസം ഇറങ്ങിയത്. ഇതോടെ അത്യാഹിത വിഭാഗത്തിൽ അടക്കം ഡോക്ടർമാരുടെ കുറവ് അനുഭവപ്പെട്ടു തുടങ്ങി. ഇത് രോഗികളുടെ പരിചരണത്തേയും സാരമായി ബാധിക്കും. കാഷ്വാലിറ്റിയിലെത്തുന്ന രോഗികളിൽ നിന്നു വിവരം തിരക്കിയശേഷം സർജറി, മെഡിസിൻ തുടങ്ങി ആവശ്യമായ വിഭാഗങ്ങളിലേക്ക് വിടുന്നതും വാർഡുകളിലും ഐ.സി.യുകളിലും രോഗികളെ പരിചരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കിയിരുന്നത് ഹൗസ് സർജൻസി ഡോക്ടർമാരും പി.ജി. വിദ്യാർത്ഥികളുമായിരുന്നു. ഹൗസ് സർജൻസി ഡോക്ടർമാർ ഇറങ്ങിയതോടെ ഇതെല്ലാം മെഡിക്കൽ പി.ജി. വിദ്യാർത്ഥികളുടെ മാത്രം ചുമതലയായി മാറി. 600ഓളം പി.ജി. വിദ്യാർത്ഥികളാണ് മെഡി. കോളേജിലുള്ളത്. വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നാണ് പി.ജി വിദ്യാർത്ഥികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |