ലോകം അതിവേഗം വളരുന്നത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണെന്നതിൽ തർക്കമില്ല. പക്ഷേ, അതോടൊപ്പം മനുഷ്യരാശിയെ കാത്തിരിക്കുന്ന വലിയ വിപത്തുകളിലൊന്നാണ് ഇലക്ട്രോണിക് മാലിന്യം. ലോകം നേരിടുന്ന വലിയൊരു വെല്ലുവിളിയായി ഇന്ന് ഇ- മാലിന്യവും മാറിയിരിക്കുകയാണ്.
എ.ഐ വരെ എത്തി നിൽക്കുന്ന സാങ്കേതികവിദ്യകളുടെ മുന്നേറ്റം നയിക്കുന്നതിൽ അനുദിനം ഉപേക്ഷിക്കപ്പെടുന്ന ഫോണുകൾ മുതൽ ലാപ് ടോപ്പുകൾ വരെയുള്ള ഉപകരണങ്ങളുടെ പങ്ക് വലുതാണ്. എന്നാൽ പ്രവർത്തനരഹിതമായ ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ഓരോരുത്തർക്കും അറിയുന്നതാണ്.
2022ൽ 62 ദശലക്ഷം ടൺ ഇ -വേസ്റ്റാണ് ലോകത്തുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. 2010നെ അപേക്ഷിച്ച് 82% ആണ് കൂടിയത്. ഇത് നിസാരവർദ്ധനവല്ല. ഈ സാഹചര്യത്തിലാണ് വർദ്ധിച്ച് വരുന്ന ഇ - മാലിന്യങ്ങളുടെ അവശിഷ്ടങ്ങൾ ശേഖരിക്കാൻ ക്ലീൻ കേരള തുടർപ്രവർത്തനങ്ങൾ ശക്തമാക്കുന്നത്.
കോർപറേഷനിലും നഗരസഭകളിലും 15 മുതൽ 31വരെയും ശേഷം ഗ്രാമങ്ങളിലും ഇ-മാലിന്യശേഖരണം വ്യാപകമായി നടത്തുകയാണ്. ഹരിതകർമസേന വീട്ടിലെത്തി ഇ-മാലിന്യം ശേഖരിക്കും. ആക്രിക്കടക്കാർ നൽകുന്നതിനേക്കാൾ കൂടുതൽ വിലയും കിലോഗ്രാമിന് നൽകും. തദ്ദേശവകുപ്പ്, ശുചിത്വ മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി എന്നിവ സംയുക്തമായാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഒരു വർഷത്തിൽ രണ്ടു തവണ ഇ- മാലിന്യം ശേഖരിക്കാനാണ് ലക്ഷ്യം. ഫെബ്രുവരിയിൽ തൃശൂരിലും കോട്ടയത്തും പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. തൃശൂരിൽ എരുമപ്പെട്ടി, തെക്കുംകര പഞ്ചായത്തുകളിലും വടക്കാഞ്ചേരി നഗരസഭയിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. 'നമ്മുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കാം' എന്ന ആശയം ഉയർത്തി ഇ.പി.ആർ ക്രൈഡിറ്റ് രീതിയിലാണ് ഇ-മാലിന്യ ശേഖരണം. തദ്ദേശവകുപ്പിനു കീഴിലുള്ള ക്ലീൻ കേരള കമ്പനിക്കാണ് നടത്തിപ്പിന്റെ പ്രധാന ചുമതല.
മലിനീകരണം ഒഴിവാകും
കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ നടപടി ക്രമങ്ങൾ പാലിച്ചാണ് ഇ-മാലിന്യം ശേഖരണം. മലിനീകരണ നിയന്ത്രണ ബോർഡുകളുടെ അംഗീകാരമില്ലാത്ത ആക്രി വ്യാപാരികളാണ് തുച്ഛമായ വിലയ്ക്ക് ഇ മാലിന്യം ശേഖരിക്കുന്നത്. അവർക്കാവശ്യമായ ഭാഗങ്ങൾ എടുത്തശേഷം ബാക്കിയുള്ളവ ജലാശയങ്ങളിലും പൊതുയിടങ്ങളിലും ഉപേക്ഷിക്കും. ഇതുവഴി വലിയ പരിസ്ഥിതി മലിനീകരണമാണ് സൃഷ്ടിക്കുന്നത്. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും പദ്ധതിയിലൂടെ സാധിക്കും.
അപകടകരമായത്, പുനരുപയോഗം സാദ്ധ്യമായത് എന്നിങ്ങനെ വേർതിരിച്ചാണ് ശേഖരിക്കുക. ഇ-മാലിന്യം ശേഖരിക്കുന്ന ദിവസം, സമയം തുടങ്ങിയ വിവരങ്ങൾ ഒരാഴ്ച മുൻപ് വീടുകളിലും സ്ഥാപനങ്ങളിലുമെത്തിക്കാനാണ് നിർദേശം. കുടുംബശ്രീ അയൽക്കൂട്ടം വഴി വീടുകളിൽ ഇ-മാലിന്യമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനും ലക്ഷ്യമിടുന്നുണ്ട്. ഇവയുടെ വിലവിവരപ്പട്ടിക രേഖാമൂലം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. ഇ മാലിന്യം ശേഖരിക്കേണ്ടത് എങ്ങനെയെന്നും സുരക്ഷാ മുൻകരുതലുകൾ, വേർതിരിക്കേണ്ട രീതി, ഏകോപനം എന്നിവയിലും ഹരിതകർമ സേന അംഗങ്ങൾക്ക് ക്ലീൻ കേരള കമ്പനിയുടെ സാങ്കേതിക ടീം പരിശീലനം നൽകുന്നുമുണ്ട്.
സ്കൂളുകളിലും വിജയം
കഴിഞ്ഞവർഷം സ്‌കൂളുകളിലും കോളേജുകളിലും വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ഇലക്ട്രോണിക്‌സ് മാലിന്യം ശേഖരിച്ച് ഇനി ക്ലീൻ കേരളാ കമ്പനിക്ക് കൈമാറിയിരുന്നു. അപകടകരമായ മാലിന്യമായ പഴയ എക്‌സ് റേ ഫിലിമുകൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്നതിനും സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങിയിരുന്നു. ഹരിതകേരളം മിഷനും ശുചിത്വ മിഷനും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇ- മാലിന്യം ശേഖരിച്ചിരുന്നു. ലാപ്‌ടോപ്, കമ്പ്യൂട്ടറുകൾ, ടി.വികൾ, യു.പി.എസ്, ബാറ്ററികൾ തുടങ്ങിയവ എങ്ങനെ നീക്കം ചെയ്യുമെന്നറിയാതെ നട്ടം തിരിയുകയായിരുന്നു സ്‌കൂൾ അധികൃതർ. ഈ സാഹചര്യത്തിലാണ് ക്ലീൻ കേരള കമ്പനി സ്‌പെഷ്യൽ ഡ്രൈവിലൂടെ മാലിന്യശേഖരണത്തിനു വഴിയൊരുക്കിയത്. ഇ- മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി ശേഖരിച്ച് ശാസ്ത്രീയ സംസ്‌കരണത്തിന് അയയക്കുകയാണ് ചെയ്യുന്നത്. പഴയ എക്‌സ് റേ ഫിലിമുകൾ വീടുകളിൽ കത്തിക്കുന്ന പ്രവണത കൂടിവരികയാണ്. ഇത് മാരകമായ വിഷവാതകങ്ങൾ സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് പ്രത്യേക ഡ്രൈവ് ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടപ്പാക്കിയത്. അതേസമയം, കൂടുതൽ എം.സി.എഫുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പഞ്ചായത്തുകളിൽ നിന്നും തുണി മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള നടപടികൾക്കും വേഗം കൂട്ടിയിരുന്നു. ഈയിടെ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകൾ, സെൻട്രൽ വർക്‌സ് എന്നിവിടങ്ങളിൽ നിന്നും 102 ടൺ മാലിന്യം നീക്കം ചെയ്തിരുന്നു. പുനരുപയോഗം ചെയ്യാനാകാത്ത ലെഗസി വേസ്റ്റ് സിമന്റ് ഫാക്ടറികളിൽ ഇന്ധന ആവശ്യത്തിനായും ഇ മാലിന്യങ്ങൾ റീസൈക്കിൾ ഏജൻസികൾക്കുമാണ് നൽകുന്നത്. പുനരുപയോഗ യോഗ്യമായ ഇരുമ്പ്, തകരം തുടങ്ങിയവ റീസൈക്ലിംഗിനും നൽകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഖര മാലിന്യം കോഴിക്കോട് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് ലഭിച്ചത്. അത് ഏതാണ്ട് 20 ടൺ. എറണാകുളം ജില്ലയിൽ നിന്നും 17 ടൺ, തിരുവനന്തപുരം ജില്ലയിൽ നിന്നും 16.5 ടൺ, തൃശൂർ നിന്നും 15.5 ടൺ എന്നിങ്ങനെ ഖര മാലിന്യം നീക്കം ചെയ്തുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്തായാലും ഇ-മാലിന്യ സംസ്കരണം ഏറ്റവും വേഗത്തിൽ ഏറ്റവും ശാസ്ത്രീയമായി തന്നെ ചെയ്യണമെന്നത് ഏറെ പ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |