രാജ്യത്തുതന്നെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനവും സർക്കാർ തലത്തിൽ ഏറ്റവും മികച്ച ആശുപത്രികളും ചികിത്സാ സംവിധാനങ്ങളുമുള്ള സംസ്ഥാനമാണ് കേരളം. 2015-2016 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2023-ലെ നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ സർവെ പ്രകാരം വ്യക്തിയുടെ ചികിത്സാ ചെലവ് അതിനു മുമ്പുള്ള സർവെ റിപ്പോർട്ടിൽ ഉള്ളതിനെക്കാൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതായത്, കേന്ദ്ര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വ്യക്തിയുടെ ചികിത്സാ ചെലവിൽ 60 ശതമാനം കുറവ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെയും സർക്കാർ തലത്തിൽ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും സംസ്ഥാന സർക്കാർ കൊണ്ടുവന്ന മാറ്റമാണിത്. ഒരു വർഷം സൗജന്യ ചികിത്സയ്ക്ക് സർക്കാർ ചെലവഴിക്കുന്നത് 1600 കോടി രൂപയാണ്- രാജ്യത്ത് ഏറ്റവും ഉയർന്ന തുക! ജില്ലാ ആശുപത്രികളിൽ കാത്ത് ലാബുകൾ സ്ഥാപിച്ചതോടെ ഹൃദ്രോഗ ചികിത്സയിൽ കേരളത്തിൽ ഒരു ബദൽ മാതൃകയാണ് സൃഷ്ടിക്കപ്പെട്ടത്. ക്യാൻസർ ചികിത്സാരംഗത്ത് റോബോട്ടിക് സർജറിയും കാർ ടി സെൽ തെറാപ്പിയും (രോഗിയുടെ തന്നെ പ്രതിരോധ കോശങ്ങൾ ഉപയോഗിച്ചുള്ള ചികിത്സാരീതി) ഉൾപ്പെടെയുള്ള നൂതന ചികിത്സാ സംവിധാനങ്ങളും ക്യാൻസർ ചികിത്സയിൽ കേരളത്തെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാക്കുന്നു.
ചരിത്രപരമായ
മുന്നേറ്റം
അപൂർവ രോഗങ്ങളുടെ കാര്യത്തിലെ സൗജന്യ ചികിത്സാ പദ്ധതിയായ 'കെയർ" രാജ്യത്ത് ആദ്യമാണ്. ചികിത്സാരംഗത്തും സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലും കൺമുന്നിൽ വലിയ മാറ്റവും ചരിത്രപരമായ മുന്നേറ്റവുമാണ് സാദ്ധ്യമായിരിക്കുന്നത്. പതിനായിരം കോടിയാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബിയിലൂടെ മാത്രം അനുവദിച്ചത്. ചികിത്സാ രംഗത്ത് നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കൂടുതൽ മികവുറ്റ പരിശ്രമങ്ങൾക്ക് ഈ കാലഘട്ടത്തിൽ തുടക്കമിട്ടിട്ടുണ്ട്.
ചലനശേഷി പൂർണമായി നഷ്ടപ്പെട്ടവർക്ക് ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന ജി ഗൈറ്റർ, ബ്ലഡ് ബാഗ് ട്രീസബിലിറ്റി, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവ ചില ഉദാഹരണങ്ങളാണ്. ഈ കാലയളവിൽ കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കി. സർക്കാർ മേഖലയിലും അനുബന്ധ മേഖലകളിലുമായി 15 നഴ്‌സിംഗ് കോളേജുകൾ ആരംഭിച്ചു. എട്ട് സർക്കാർ നഴ്‌സിംഗ് കോളേജുകളും 'സിമെറ്റി"നു കീഴിൽ ഏഴ് നഴ്‌സിംഗ് കോളേജുകളും സ്ഥാപിച്ചു. ആദ്യമായി ദേശീയ റാങ്കിംഗ് പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജും ഡെന്റൽ കോളേജും ഉൾപ്പെട്ടതും ഈ കാലയളവിലാണ്.
പാലിയേറ്റീവ്
പരിചരണം
സമഗ്ര പാലിയേറ്റീവ് പരിചരണത്തിനായുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തുടക്കമിട്ടു. നമ്മുടെ പാലിയേറ്റീവ് പരിചരണത്തെ ലോകാരോഗ്യ സംഘടനയും ആഗോള അക്കാദമിക സമൂഹവും അഭിനന്ദിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങളും മരുന്നുകളും ഡോക്ടർമാരും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ചരിത്രപരമായ മാറ്റം യാഥാർത്ഥ്യമാകുമ്പോൾ ആക്രമണങ്ങൾ കൂടുന്നത് സ്വാഭാവികം. കള്ളക്കഥകൾ മെനഞ്ഞ് പലരും ആരോഗ്യരംഗത്തെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആരോഗ്യരംഗം ആളുകൾ കൂടുതൽ ശ്രദ്ധിക്കുന്ന രംഗമാണ് എന്നതിനാൽ പരസ്പര മത്സരത്തിന്റെ ഭാഗമായി കള്ളക്കഥകൾ നിർമ്മിക്കാൻ ചില മാദ്ധ്യമങ്ങൾ പോലും മത്സരിക്കുന്നതാണ് ദു:ഖകരം. വ്യാജ അഴിമതി ആരോപണത്തിൽ എന്റെ ഓഫീസ് സ്റ്റാഫിനെ കുടുക്കാനുള്ള ശ്രമമൊക്കെ അതിന്റെ ഭാഗമായി കാണേണ്ടതാണ്.
കഴിഞ്ഞ ദിവസം രതീഷ് എന്നൊരാൾ ഇട്ട പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു- സഹോദരിയുടെ കൈയ്ക്ക് സ്വകാര്യ ആശുപത്രിയിൽ 10,000 രൂപയ്ക്ക് നടത്തുന്ന ശസ്ത്രക്രിയ 100 രൂപ (നീല കാർഡ് ആയതിനാൽ) അടച്ച് സർക്കാർ ആശുപത്രിയിൽ ചെയ്തുവെന്ന്. സർക്കാർ ആശുപത്രികളെ അടച്ചാക്ഷേപിക്കുന്ന ശ്രമത്തിനെതിരെ പൊതുസമൂഹം തന്നെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ഉപകരണം വാങ്ങുന്നതിൽ കാലതാമസം നേരിടുന്നുവെന്ന് ഒരു വകുപ്പ് മേധാവി ഇട്ട പോസ്റ്റ് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണല്ലോ. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ഏറ്റവുമധികം തുക ഉപകരണങ്ങൾക്കും വികസനത്തിനുമായി ചെലവഴിച്ച കാലയളവാണിത്. 717 കോടി രൂപ കിഫ്ബിയിലൂടെ മെഡിക്കൽ കോളേജിന് അനുവദിച്ചതിൽ 40 കോടി മുടക്കിയത് ഉപകരണങ്ങൾക്കു മാത്രമായാണ്. മെഡിക്കൽ കോളേജ് തന്നെയാണ് ഉപകരണങ്ങളുടെ ലിസ്റ്റ്, ആവശ്യാനുസരണം തയ്യാറാക്കി നല്‍കിയത്. കിഫ്ബിയിലൂടെ അനുവാദം നല്കി ഭൂരിപക്ഷം മെഷീനുകളും ഇൻസ്റ്റാൾ ചെയ്തു. അതിൽ 2.5 കോടി രൂപയുടെ ഉപകരണങ്ങൾ യൂറോളജി വിഭാഗത്തിന്റേതാണ്.
ഏകാരോഗ്യം
എന്ന നയം
നവജാതശിശു മരണനിരക്കും മാതൃമരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. ആയുർദൈർഘ്യം ഏറ്റവും കൂടുതൽ നമ്മുടെ സംസ്ഥാനത്താണ്. നിപ വൈറസ് ബാധയിൽ ലോകത്ത് മരണനിരക്ക് 70 ശതമാനത്തിനു മുകളിലായിരിക്കെ കേരളത്തിൽ 2023-ൽ രോഗം പടർന്നപ്പോൾ മരണനിരക്ക് 33 ശതമാനമായി പിടിച്ചുനിറുത്താൻ നമുക്കു കഴിഞ്ഞു. അമീബിക് മസ്തിഷ്‌ക ജ്വരബാധയിൽ ആഗോളതലത്തിൽ മരണനിരക്ക് 98 ശതമാനമാകുമ്പോൾ കേരളത്തിൽ 25 ശതമാനം മാത്രമാണ്. ഇതിന് കൃത്യമായ മാർഗരേഖ പ്രസിദ്ധീകരിച്ചു.
സംസ്ഥാനം രൂപീകരിച്ചതിനു ശേഷം ആദ്യമായി 2023-ൽ ഏകീകൃത പൊതുജനാരോഗ്യ നിയമം പാസാക്കി. 'ഏകാരോഗ്യ"ത്തെ അടിസ്ഥാനമാക്കിയാണ് ഈ നിയമം ചിട്ടപ്പെടുത്തിയത്. സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കി, 2023-ൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. രോഗാതുരത കുറയ്ക്കാനും ആരോഗ്യ സംരക്ഷണം താഴേത്തട്ടിൽ എത്തിക്കാനുമായി പ്രവർത്തനങ്ങൾ ശക്തമാക്കി. 'ആർദ്രം" മിഷനിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. താലൂക്ക് തലം മുതൽ സ്‌പെഷ്യാലിറ്റി സേവനങ്ങൾ നടപ്പിലാക്കി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കേരളത്തിൽ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് അപൂർവ രോഗങ്ങളുടെ ചികിത്സയിലെ സെന്റർ ഒഫ് എക്‌സലൻസ് ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |