തിരുവിതാംകൂർ രാജഭരണത്തിന്റെ തിരുശേഷിപ്പുകളിൽ ചിലത് തമിഴ്‌നാട്ടിലുമുണ്ട്. തെക്കൻ കേരളത്തോട് ചേർന്നുകിടക്കുന്ന തമിഴ്നാടിന്റെ ഭാഗങ്ങൾ അക്കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. കേരളപ്പിറവിയോടെ ആ പ്രദേശങ്ങൾ തമിഴ്നാടിന്റെ ഭാഗമായെങ്കിലും കേരളത്തിന്റെ പൈതൃകസ്വത്തായി സംരക്ഷിക്കപ്പെടുന്ന പഴയകാല നിർമ്മിതികൾ ഇന്നും ഗതകാലമോഡിയിൽ സംരക്ഷിത സ്മാരകങ്ങളായി നിലനിൽക്കുന്നുണ്ട്. കൊല്ലം ജില്ലയോട് തൊട്ടുകിടക്കുന്ന തെങ്കാശി താലൂക്കിലെ പ്രശസ്തമായ കുറ്രാലം വെള്ളച്ചാട്ടത്തിന് സമീപത്തായുള്ള അത്തരമൊരു പൈതൃക സ്മാരകമാണ് കുറ്റാലം കേരള പാലസ്. 57 ഏക്കറോളം പരന്നു കിടക്കുന്ന വിശാലമായ ഭൂപ്രദേശത്തിന്റെ ഒത്തനടുക്കായി തലയുയർത്തി നിൽക്കുന്ന കേരളപാലസിന്റെ മുറ്റത്തെത്തുമ്പോൾ വീശിയടിക്കുന്ന കാറ്റിൽ രാജഭരണ കാലത്തിന്റെ പ്രൗഢ സ്മരണകളാകും മനസിലേക്ക് ഓടിയെത്തുക. ആടിയുലയുന്ന വൃക്ഷലതാദികളുടെ ചില്ലകൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന കേരളീയ വാസ്തുശില്പ മാതൃകയിലെ കൊട്ടാരത്തിന്റെ മുന്നിൽ നിന്നുള്ള കാഴ്ച അതിലേറെ നയനാനന്ദകരമാണ്. പ്രശസ്തമായ കുറ്റാലം വെള്ളച്ചാട്ടത്തിന്റെ പതഞ്ഞൊഴുകുന്ന ജലക്കാഴ്ചയുടെ വിദൂരദൃശ്യം അതീവ ഹൃദ്യമാണ്. 1882 ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാൾ രാമവർമ്മ തന്റെവിശ്രമകാല വസതിയായി പണികഴിപ്പിക്കാൻ തിരഞ്ഞെടുത്ത സ്ഥലത്തിന്റെ ചാരുതയിൽ അവിടെയെത്തുന്നവർ നിമഗ്നരാകും. കുറ്റാലം വെള്ളച്ചാട്ടത്തിന് അഭിമുഖമായി വിശ്രമമന്ദിരം എന്ന നിലയിൽ പണിത കൊട്ടാരത്തിന്റെ രൂപകൽപ്പനയും നിർമ്മാണ മേൽനോട്ടവും വഹിച്ചത് യൂറോപ്യൻ എൻജിനിയർമാരാണ്. ശ്രീമൂലം തിരുനാളാണ് കൊട്ടാരത്തിന്റെ പണി പൂർത്തീകരിച്ചത്. രാജഭരണം പോയി ജനായത്ത ഭരണം എത്തിയെങ്കിലും ഇവിടത്തെ അന്തരീക്ഷത്തിന് ഇപ്പോഴും പോയകാലത്തിന്റെ സ്മരണകൾ തുളുമ്പുന്ന നൈർമല്യമുണ്ട്. രാജാവിന്റെ കാലത്ത് കൊട്ടാരം സൂക്ഷിക്കാൻ ഏൽപ്പിച്ചത് അന്നാട്ടുകാരനായ ഒരു തേവരെ ആയിരുന്നു. അന്ന് 200 ഏക്കറിലേറെയുണ്ടായിരുന്ന സ്ഥലം കാലാന്തരത്തിൽ തേവർ കുടുംബത്തിന്റെ പിന്മുറക്കാർ കൈവശപ്പെടുത്തി. ജനായത്ത സർക്കാർ അന്ന് വേണ്ടത്ര ഗൗരവത്തിലെടുക്കാതിരുന്നത് കയ്യേറ്റക്കാർക്ക് കരുത്തേകി. കേരള രൂപീകരണത്തോടെ 1957ൽ ഇതിന്റെ ഉടമസ്ഥാവകാശം കേരള സർക്കാരിൽ നിക്ഷിപ്തമായിട്ടും നോട്ടക്കാരായി തേവർ കുടുംബം തുടർന്നു. തിരുവിതാംകൂർ മുൻ രാജകുടുംബം കൊട്ടാരത്തിന്റെ അവകാശവാദം ഉന്നയിച്ച് തമിഴ്നാട് ഹൈക്കോടതിയുടെ മധുര ബഞ്ചിനെ സമീപിച്ചെങ്കിലും ഹർജി തള്ളി. കുറ്റാലം കൊട്ടാരം കേരള സർക്കാരിന്റേതാണെന്ന തിരുനൽവേലി റവന്യു ഡിവിഷണൽ ഓഫീസറുടെ ഉത്തരവിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. കുറ്റാലം കൊട്ടാരത്തിന്മേൽ തിരുവിതാംകൂർ മുൻ രാജകുടുംബത്തിന് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതിയും വിധിച്ചു. എന്നാൽ 2010 ൽ തിരുനൽവേലി കളക്ടറുടെ വിവാദ ഉത്തരവിലൂടെ ഈ ഭൂമിയും കൊട്ടാരവും തമിഴ്നാട് സർക്കാരിന്റേതാക്കി മാറ്റി. ഇതിനെതിരെ കേരളസർക്കാർ നിയമ പോരാട്ടം നടത്തിയാണ് കൊട്ടാരവും അതിന്റെ ശേഷിച്ച 56 ഏക്കർ സ്ഥലവും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലാക്കിയത്. തേവർ കുടുംബത്തിൽ നിന്ന് കൊട്ടാരം ഏറ്റെടുക്കുമ്പോൾ കൊട്ടാരം ജീർണാവസ്ഥയിലായിരുന്നുവെന്ന് മാത്രമല്ല, രാജാവിന്റെ കാലത്ത് നിർമ്മിച്ച വിലപിടിപ്പുള്ള ഫർണിച്ചറും ചുമർ ചിത്രങ്ങളടക്കമുള്ള അമൂല്യമായ കലാനിധികളും തേവർ കുടുംബം കടത്തിക്കൊണ്ടു പോയിരുന്നു. ഒന്നാം പിണറായി സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരനാണ് കൊട്ടാരം ഏറ്റെടുത്ത് തേവർ കുടുംബത്തിന്റെ വാഴ്ച അവസാനിപ്പിക്കാൻ മുൻകൈയ്യെടുത്തത്. ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് രണ്ടരകോടിയോളം രൂപ ചെലവിട്ട് കൊട്ടാരം നവീകരിച്ചു. ഇപ്പോൾ ആവശ്യക്കാർക്ക് ഇവിടെ സന്ദർശിക്കാനും താമസിക്കാനും സൗകര്യവും ലഭ്യമാണ്. ഏറ്റെടുത്ത സ്ഥലം മതിൽകെട്ടി അതിനു മുകളിൽ കമ്പിവേലിയുമിട്ട് സംരക്ഷിച്ചിട്ടുണ്ട്. തേവർ കുടുംബത്തെക്കൂടാതെ മറ്റു ചിലരും ഇവിടെ അതിക്രമിച്ച് കയറി സ്ഥലം കൈവശപ്പെടുത്തി കൂറ്റൻ കെട്ടിടങ്ങളും ഹോട്ടലും ഒക്കെ നിർമ്മിച്ചിട്ടുണ്ട്. അതൊക്കെ നിയമപരമായി ഒഴിപ്പിച്ചെടുക്കാനുള്ള കേസുകൾ ഇപ്പോഴും തുടരുകയാണ്.
മൂന്ന്കുടം വെള്ളം
ഒഴിച്ചാൽ മഴ !
ഈ മാവിൻ ചുവട്ടിൽ മൂന്ന് കുടം വെള്ളമൊഴിച്ചാൽ മഴ പെയ്യുമത്രെ ! കൊട്ടാരത്തിനു മുന്നിൽ നിൽക്കുന്ന കൂറ്റൻ മാവിനെ സംബന്ധിച്ച് നിലനിൽക്കുന്ന വിശ്വാസം മാത്രമല്ല, യാഥാർത്ഥ്യവുമാണെന്ന് കൊട്ടാരത്തിലെ ജീവനക്കാർ സമർത്ഥിക്കുന്നു. 200 വർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ മാവ് ആരാണ് നട്ടുപിടിപ്പിച്ചതെന്നത് സംബന്ധിച്ച് ആർക്കും നിശ്ചയമില്ല. മൂന്ന് പേർ ചുറ്റിലും നിന്ന് കൈകോർത്ത് പിടിച്ചാലും എത്താത്തത്ര വണ്ണമുള്ള മാവ് ഇവിടെ എത്തുന്നവർക്കൊരത്ഭുതമാണ്. എല്ലായ്പ്പോഴും വീശിയടിക്കുന്ന കാറ്റിൽ കളകളാരവം പൊഴിക്കുന്ന മാവിൻ ചുവട്ടിൽ നിന്നാൽ ലഭിക്കുന്ന കുളിർമയും അനുഭവിച്ച് തന്നെ അറിയേണ്ടതാണ്. വിവിധയിനം വൃക്ഷങ്ങളാൽ നിറഞ്ഞ ഭൂപ്രദേശമാണ് കൊട്ടാരത്തെ വലയംചെയ്ത് നിൽക്കുന്നത്. 50 ലധികം മാവിനങ്ങളെക്കൂടാതെ ചന്ദനവും ഈട്ടിയും ഒക്കെ ഇടതൂർന്ന് വളർന്ന് കാനന പ്രതീതി സൃഷ്ടിക്കുന്ന ഭൂപ്രദേശമാണിവിടം. പുനലൂരിൽ നിന്ന് തെന്മല, ആര്യങ്കാവ് വഴി കുറ്റാലത്തെത്താൻ 55 കിലോമീറ്ററാണ് ദൂരം. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിൽ നവീകരിച്ച കേരള പാലസിൽ താമസിക്കാൻ സ്വദേശികളും വിദേശികളുമായ നിരവധി പേരാണിപ്പോൾ എത്തുന്നത്. കൊട്ടാരത്തിന്റെ ചുമതലക്കാരായി പൊതുമരാമത്ത് വകുപ്പിലെ ഒരു ജൂനിയർ സൂപ്രണ്ട്, രണ്ട് ക്ളാർക്ക്, രണ്ട് വാച്ച്മാൻ, നാല് ഗാർഡനർ എന്നിവരെയും സുരക്ഷയ്ക്കായി 10 പൊലീസുകാരെയും നിയമിച്ചിട്ടുണ്ട്. കുറ്റാലം വെള്ളച്ചാട്ടത്തിലേക്കുള്ള റോഡിന്റെ ഇരുവശത്തായാണ് 56.57 ഏക്കർ സ്ഥലവും കൊട്ടാരവും അനുബന്ധ കെട്ടിടങ്ങളും. രാജകൊട്ടാരം, ദളവ കൊട്ടാരം, അമ്മച്ചി കൊട്ടാരം എന്നിങ്ങനെ ചെറുതും വലുതുമായ 11 കെട്ടിടങ്ങളുണ്ട്. കൊട്ടാരം നവീകരണത്തിന്റെ ഭാഗമായി മേൽക്കൂരയിലെ ഓടിളക്കി മാറ്റി അലുമിനിയം ഷീറ്റ് കൊണ്ട് തട്ടടിച്ച് അതിനു മുകളിലായാണ് ഓട് പാകിയിട്ടുള്ളത്. തറയോടും മാറ്റി സ്ഥാപിച്ചു. കൊട്ടാരത്തിനുള്ളിലെ വിശാലമായ ഇടനാഴിയും മുറികളും പാചകപ്പുരയുമെല്ലാം പോയകാലത്തിന്റെ പൗരാണിക പ്രൗഢി വിളിച്ചറിയിക്കുന്നതാണ്. മുറികളും കെട്ടിടങ്ങളും ഒന്നായും മുറികൾ പ്രത്യേകമായും ദിവസ വാടകയ്ക്കെടുക്കാൻ കഴിയും വിധം ഓൺലൈൻ ബുക്കിംഗ് സൗകര്യമുണ്ട്. അഞ്ചും നാലും കിടക്കകളുള്ള എ.സി മുറികൾക്ക് ദിവസം 3500 രൂപയും രണ്ട് കിടക്കകൾ വീതമുള്ള എ.സി മുറിക്ക് 2000 രൂപയുമാണ് വാടക. കോട്ടേജ് 3500 രൂപ, ഡോർമെറ്ററി മാതൃകയിൽ 4 കിടക്കകൾക്ക് 3000 രൂപ, മൂന്ന് കിടക്ക 1500 രൂപ, രണ്ട് കിടക്ക 1000 രൂപ എന്നിങ്ങനെയാണ് നിരക്ക്. ബുക്കിംഗ് നമ്പർ 7594970464.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |